Skip to main content

അഭിപ്രായ സ്വാതന്ത്ര്യം

വിദ്യ നേടാന്‍ സ്ത്രീകള്‍ക്ക് ഇസ്‌ലാം സ്വാതന്ത്ര്യം നല്കി. നേടിയെടുത്ത അറിവ് അവരെ ശക്തരാക്കി. അറിവ് അഭിപ്രായമായി പ്രകടിപ്പിക്കാനും ഇസ്‌ലാം അവള്‍ക്ക് അവകാശം നല്കി. സത്യം ആര്‍ക്കു മുമ്പിലും ആര്‍ജവത്തോടെ അവതരിപ്പിക്കാനുള്ള കരുത്ത് ഇതുമൂലം ലഭിച്ചു. നബി(സ്വ)ക്കു മുമ്പില്‍ പോലും അവരത് ഉപയോഗിച്ചു. അനസ്(റ) പറയുന്നു: ഒരിക്കല്‍ കുഞ്ഞുമായി വന്ന ഒരു അന്‍സാരി സ്ത്രീ നബി(സ്വ)യോട് പറഞ്ഞു: എനിക്ക് താങ്കളോട് ചില ആവശ്യങ്ങളെല്ലാം ഉണ്ട്. മദീനയിലെ ഏതു തെരുവില്‍ നിങ്ങളിരുന്നാലും ഞാന്‍ നിങ്ങളുടെ കൂടെയിരിക്കാമെന്നു പറഞ്ഞുകൊണ്ട്, നബി(സ്വ) അവരുടെ കൂടെ അവര്‍ പറഞ്ഞു തീരുന്നതു വരെ ഒഴിഞ്ഞ വഴിയോരത്തുകൂടി കുറേദൂരം മുന്നോട്ട് പോയി (മുസ്‌ലിം). ഹുദൈബിയ സന്ധിയുടെ നിര്‍ണായക ഘട്ടത്തില്‍ കൂടെയുള്ള ഭാര്യ ഉമ്മുസലമയോട് നബി(സ്വ) കാര്യങ്ങള്‍ കൂടിയാലോചിക്കുകയും അവര്‍ നിര്‍ദേശിച്ചതനുസരിച്ച് സ്വയം ഇഹ്‌റാമില്‍ നിന്ന് വിരമിക്കുകയുണ്ടായി.

ഇത്തരം മാതൃകകള്‍ മറ്റു സ്ത്രീകള്‍ക്കും പ്രചോദനമായി. സ്ത്രീകളുടെ വിവാഹമൂല്യം നിര്‍ണയിക്കാനുള്ള ഉമര്‍(റ)ന്റെ തീരുമാനത്തെ അതേ സദസ്സിലിരുന്ന് തുറന്നെതിര്‍ത്ത ഖൗല(റ) ചരിത്രത്തിലുണ്ട്. നബി(സ്വ)യില്‍ നിന്നുള്ള പാഠങ്ങള്‍ തെറ്റിദ്ധരിച്ച പല പ്രമുഖ സഹാബികളെയും ആഇശ(റ) പലപ്പോഴും തിരുത്തുന്നുണ്ട്. മതപരവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ പോലും അവര്‍ അഭിപ്രായങ്ങള്‍ പറയുകയും അവ പലപ്പോഴും അംഗീകരിക്കപ്പെടുകയും ചെയ്തു. ഉമര്‍(റ) പല കാര്യങ്ങളും ഹഫ്‌സ(റ)യോട് കൂടിയാലോചിക്കാറുണ്ടായിരുന്നു. ബൈതുല്‍ മാലിന്റെ കാര്യത്തിലും മറ്റും അദ്ദേഹത്തെ സഹായിക്കാന്‍ സ്ത്രീകളുമുണ്ടായിരുന്നു.

പില്‍കാലത്ത് മുസ്‌ലിം സമൂഹത്തിന്നു വന്നുചേര്‍ന്ന അപചയമാണ് വിജ്ഞാനത്തിന്റെ രാജപാതയില്‍ നിന്ന് സ്ത്രീകളെ അകറ്റി നിര്‍ത്താന്‍ കാരണമായത്. പുറം സമൂഹങ്ങളുമായി ഇടപഴകിയ മുസ്‌ലിംകള്‍ ആ സമൂഹങ്ങളിലെ അന്ധവും അപക്വവുമായ വിശ്വാസ-കര്‍മ വഴികേടുകളെ സ്വയം വാരിപ്പുണരുകയായിരുന്നു. അതാണ്, സ്ത്രീ എഴുത്ത് പഠിക്കാന്‍ പാടില്ലെന്നും മതവിജ്ഞാനമല്ലാത്ത വിവരങ്ങള്‍ അവളെ വഴിപിഴപ്പിക്കുമെന്നും അതിനാല്‍ അത് അവള്‍ക്ക് നിഷിദ്ധമാണെന്നുമെല്ലാമുള്ള യാഥാസ്ഥിതികതയിലേക്ക് അവരെ എത്തിച്ചത്. കേരളത്തില്‍ പോലും ഈ അടുത്ത കാലം വരെ മുസ്‌ലിംകളില്‍ ഇത് നിലനിന്നിരുന്നു. സമൂഹത്തിന്റെ അര്‍ധപാതിയെ അറിവിന്റെ ലോകത്തു നിന്ന് മാറ്റി നിര്‍ത്തുക വഴി സാമൂഹിക വളര്‍ച്ച മുരടിച്ചു. പുതു തലമുറയ്ക്ക് പ്രഥമ പള്ളിക്കൂടമാകേണ്ടവള്‍ ചില രാക്കഥകള്‍ മാത്രം ഓതിപ്പഠിച്ചപ്പോള്‍ ഭാവി തലമുറയും നശിക്കുകയായിരുന്നു. 

നിരന്തരമായ നവോത്ഥാന ശ്രമങ്ങള്‍ ഇതിന്ന് ഒട്ടൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ കാല മുസ്‌ലിം സ്ത്രീകളിലെ അരുതായ്മകള്‍ക്ക് കാരണം അവര്‍ ഭൗതികവിദ്യാഭ്യാസം നേടിയതാണെന്ന പ്രസ്താവങ്ങള്‍ ഇന്നും വന്നുകൊണ്ടിരിക്കുന്നു. സ്ത്രീയെ സ്ത്രീ മാത്രമേ പഠിപ്പിക്കാവൂ എന്നും സ്ത്രീ സ്ത്രീയെ മാത്രമേ പഠിപ്പിക്കാവൂ എന്നെല്ലാമുള്ള ചില അബദ്ധധാരണകള്‍ ഇന്നും ചിലര്‍ പ്രചരിപ്പിക്കുന്നു! അത് ഇസ്‌ലാമിന്റെ നയമല്ല; പ്രവാചകാധ്യാപനവുമല്ല.  

Feedback