Skip to main content

അനന്തരാവകാശം

ആധുനിക സമൂഹത്തിനു പോലും കൃത്യമായി നിയമ നിര്‍മാണം നടത്താനും നടപ്പിലാക്കാനും കഴിയാത്ത മേഖലയാണ് അനന്തരാവകാശം. (അനന്തരാവകാശം ലിങ്ക് കാണുക). മറ്റു മതങ്ങളും സംസ്‌കാരങ്ങളുമെല്ലാം നിശ്ശബ്ധത പാലിച്ച ഈ രംഗത്ത് സമഗ്രമായ നിയമമാണ് ഇസ്‌ലാം കൊണ്ടുവന്നത്. വിശുദ്ധ ഖുര്‍ആന്‍ സ്വത്തിനുള്ള അവകാശികളെ നിര്‍ണയിക്കുകയും അവര്‍ക്കുള്ള ഓഹരി നിജപ്പെടുത്തുകയും ചെയ്തു. എന്നുമാത്രമല്ല, ഇത് അല്ലാഹുവിന്റെ നിശ്ചയങ്ങളാണെന്നും അതു മറികടക്കാന്‍ പാടില്ലെന്നും കര്‍ശനമായി താക്കീതു നല്കുകയും ചെയ്തു (വി.ഖു 4:13). 

കണിശമായി നിര്‍ണയിക്കപ്പെട്ട പിന്തുടര്‍ച്ചാവകാശത്തില്‍ ഇസ്‌ലാം സ്ത്രീക്കും കൃത്യമായ ഓഹരികള്‍ നിര്‍ണയിച്ചു. ''മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു''(4:7). 

ഉമ്മ, മകള്‍, ഭാര്യ, സഹോദരി, പിതാമഹി, മകന്റെ മകള്‍, പിതൃസഹോദരി തുടങ്ങി ഓഹരി ലഭിക്കുന്ന പുരുഷന്റെ സ്ത്രീലിംഗ പദവികളിലെല്ലാം സ്ത്രീകള്‍ക്കും സ്വത്തിന് അവകാശമുണ്ട്.  1/2,1/3,1/4,1/6,1/8 എന്നിങ്ങനെ വിവിധ പദവികളിലും സന്ദര്‍ഭങ്ങളിലും അവള്‍ക്ക് ലഭിക്കേണ്ട ഓഹരി ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അവളുടെ ഓഹരി പുരുഷനെ അപേക്ഷിച്ച് കുറഞ്ഞു പോകുന്നുണ്ട്. പല സന്ദര്‍ഭങ്ങളിലും പുരുഷനോളമോ അതിലേറെയോ അവള്‍ക്ക് വിഹിതം ലഭിക്കുന്നു എന്നതും യാഥാര്‍ഥ്യമാണ്.

എന്നാല്‍ ഈ രംഗത്തെ ദൈവിക നിര്‍ദേശങ്ങളുടെ പൊരുളറിയാത്തവരോ അജ്ഞത നടിക്കുകന്നവരോ മുന്‍വിധികളോടെ ഇസ്‌ലാമിക നിയമങ്ങളെ സമീപിക്കുന്നവരോ ആയ വിമര്‍ശകര്‍ ദായക്രമത്തില്‍ സ്ത്രീയോടുള്ള വിവേചനത്തിനെതിരെ പടവാളെടുക്കുന്നു. ഭൗതികവും മതപരവുമായ മറ്റു നിയമസംഹിതകളില്‍ സ്ത്രീക്ക് എന്നു മുതലാണ് ഓഹരി ലഭിച്ചു തുടങ്ങിയത്, അതു തന്നെ എത്ര ശതമാനമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പോലും അവര്‍ മനസ്സിലാക്കുന്നില്ല.

Feedback