Skip to main content

ആദരിക്കപ്പെടാന്‍ അര്‍ഹത

പരസഹസ്രം പ്രവാചകന്‍മാരുടെയും സദ്‌വൃത്തരായ പുരുഷന്മാരുടെയുമെല്ലാം സാന്നിധ്യത്തിലും ഉത്തമ മുസ്‌ലിമിന്റെ മാതൃകയായി അല്ലാഹു സമര്‍പ്പിക്കുന്നത് ആസ്യ, മര്‍യം എന്നീ രണ്ടു സ്ത്രീകളെയാണ്. ഇസ്‌ലാം സ്ത്രീയുടെ അസ്തിത്വം അംഗീകരിക്കുക മാത്രമല്ല അവളെ ആദരിക്കുക കൂടിചെയ്യുന്നതിന്റെ മകുടോദാഹരണമാണിത്. വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായം സ്ത്രീകള്‍ എന്ന പേരിലാണ്. അതില്‍ അവളുടെ അവകാശങ്ങളും മറ്റും വ്യക്തമാക്കുന്ന ധാരാളം വചനങ്ങളുണ്ട്. ഇതും സ്ത്രീക്കുള്ള അംഗീകാരമാണ്. ജനനം മുതല്‍ മാതൃത്വം വരെയുള്ള ജീവിതാവസ്ഥകളില്‍ പുരുഷനു തുല്യമോ അതിനേക്കാള്‍ ശ്രേഷ്ഠമോ ആയ പരിഗണനയും ആദരവുമാണ് ഇസ്‌ലാം അവള്‍ക്ക് നല്കുന്നത്. സഹവാസാവകാശങ്ങളില്‍ ഉമ്മയോടൊപ്പമെത്താന്‍ ഉപ്പക്കാവില്ല തന്നെ. അവളെക്കുറിച്ചുള്ള പല പ്രശ്‌നങ്ങള്‍ക്കും ഉത്തരവുമായി പലപ്പോഴായി ജിബ്‌രീല്‍ മലക്ക് വന്നു. ദിഹാര്‍, ലിആന്‍, ആര്‍ത്തവം, മഹ്ര്‍, അനന്തരാവകാശം എല്ലാം ഇതില്‍പെടുന്നു. സൂറതുല്‍ മുജാദില, റസൂലുമായുള്ള ഒരു സ്ത്രീയുടെ സംവാദം അല്ലാഹു കേട്ട് ഉത്തരം നല്കിയ അത്ഭുതമാണ്. പുരുഷനടങ്ങുന്ന മൊത്തം ഇഹലോകവിഭവങ്ങളില്‍ ഉത്തമമായത് സത്യസന്ധയായ സ്ത്രീയാകുന്നുവെന്നാണ് റസൂല്‍(സ്വ) അവള്‍ക്കു നല്കുന്ന അംഗീകാരം(മുസ്‌ലിം).

അരികുവത്കരിക്കപ്പെട്ടേക്കാവുന്ന ചെറുപ്പത്തില്‍ അവളെ പരിഗണിക്കാന്‍ നബി(സ്വ) പ്രത്യേകം ഉണര്‍ത്തി. 'ഒരുവന്‍ പെണ്‍മക്കളുടെ ജനനത്തോടെ പരീക്ഷിക്കപ്പെടുകയും എന്നിട്ടവന്‍ അവരോട് നന്നായി വര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ അവന്ന് നരകത്തീയില്‍ നിന്നുള്ള മറയായിത്തീരുന്നു' (ബുഖാരി). ഒരാള്‍ രണ്ടുപെണ്‍കുട്ടികളെ സ്വയംപര്യാപ്തരാകുന്നതു വരെ ഭക്ഷണവും ശിക്ഷണവും നല്കി നന്നായി വളര്‍ത്തിയാല്‍ പരലോകത്ത് ഞാനും അവനും ചൂണ്ടുവിരലും നടുവിരലും പോലെ അടുത്തായിരിക്കുമെന്നും അദ്ദേഹം സന്തോഷവാര്‍ത്ത നല്കി. അവഗണിക്കപ്പെട്ടേക്കാവുന്ന ഭാര്യാപദത്തിലും അവള്‍ക്ക് ആ വീട്ടിലെ രാജ്ഞി പദവി നല്കി.  ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട പളുങ്കാണവളെന്നും പ്രകൃതത്തിലെ വളവ് നേരെയാക്കാനല്ല, നേര്‍ക്കുപയോഗിക്കാനാണ് ശ്രമിക്കേണ്ടതെന്നും പുരഷനെ തിരുത്തുകയാണ് ഇസ്‌ലാം. അവ അവഗണിക്കാന്‍ ഖുര്‍ആന്‍ ഉപദേശിച്ചു. ''അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുണ്ട്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക), നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്‌തെന്ന് വരാം''(4: 19). വീട്ടു ജോലികളിലും മറ്റും ഇണകളെ സഹായിച്ചു കാണിച്ച നബി(സ്വ)  സ്ത്രീ സമൂഹത്തെ ആദരിക്കുന്നവനാണ് ഉത്തമരെന്ന് തന്റെ വിടവാങ്ങല്‍ ഹജ്ജിലെ ചരിത്ര പ്രസിദ്ധ പ്രഭാഷണത്തിലും ഉണര്‍ത്തി.

'മാന്യന്‍ മാത്രമേ സ്ത്രീകളോട് മാന്യമായി പെരുമാറൂ' എന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു. അനുസരണക്കേടിനുള്ള ശിക്ഷണമെന്ന നിലയില്‍  കിടക്കയില്‍ നിന്ന് വിട്ടുനില്ക്കുമ്പോള്‍ അത് പുറത്താകരുതെന്നും അടിക്കേണ്ടി വന്നാല്‍ മുഖത്താകാനോ മുറിവാകാനോ പാടില്ലെന്നും നിഷ്‌കര്‍ഷിച്ചു. രാത്രി കൂടിക്കഴിഞ്ഞ് പകല്‍ മര്‍ദിക്കുന്നതിന്റെ അനൗചിത്യമുണര്‍ത്തി, സ്ത്രീകളെ അടിക്കുന്നവര്‍ നല്ലവരല്ലെന്ന് പറഞ്ഞു. ഭാര്യ എന്ന നിലയില്‍ അവളുമായുണ്ടാക്കുന്ന കരാറുകള്‍ക്ക് വളരെയധികം മൂല്യമുണ്ടെന്നും റസൂല്‍ പഠിപ്പിച്ചു. ഉഖ്ബ(റ) പറയുന്നു: നബി(സ്വ) അരുളി: വിവാഹം ചെയ്യാന്‍ വേണ്ടി നിങ്ങള്‍ നല്‍കുന്ന വ്യവസ്ഥകളാണ് കരാറുകളില്‍ വെച്ച് നിറവേറ്റുവാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളത് (ബുഖാരി).

Feedback