Skip to main content

സീറ:

ഇസ്‌ലാമിക ചരിത്രാഖ്യാന വളര്‍ച്ചയില്‍ സാഹിത്യ സമുച്ഛയത്തിന് സുപ്രധാനമായ സ്ഥാനമാണുള്ളത്. മക്കയില്‍ നാമ്പിട്ട് ഹിജ്‌റക്ക് ശേഷം മദീനയില്‍ പടര്‍ന്നു പന്തലിച്ച സാഹിത്യശാഖയുടെ ആദ്യഘട്ടം ജീവചരിത്ര രൂപത്തിലുള്ളവയായിരുന്നു. ഇതിനാണ് സീറ എന്നു പറയുന്നത്. ആദ്യത്തെ സീറാ രചയിതാവായി പരിഗണിക്കപ്പെടുന്ന അബാനുബ്‌നു ഉസ്മാന്‍(ചരമം ഹി.100), അബ്ദുല്‍ മലിക്കിന്റെ ഭരണകാലത്ത് മദീനയിലെ ഗവര്‍ണറായിരുന്നു. മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്റെ മകനായിരുന്ന ഇദ്ദേഹം പ്രഗത്ഭനായ ഹദീസ് പണ്ഡിതനും നിയമജ്ഞനുമായിരുന്നു. 

മഗാസീ രചയിതാവായ ഉര്‍വതുബ്‌നു സുബൈര്‍ ആദ്യകാല സീറ രചയിതാക്കളിലും പെടുന്നു. നബി തിരുമേനിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളായ വഹ്‌യ്, ഹിജ്‌റ എന്നിവയുടെ സനദ് ശ്രദ്ധാപൂര്‍വം പരിശോധിച്ചാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. അക്കാലത്തെ ചരിത്രാഖ്യാതാക്കളില്‍ പ്രബലനായിരുന്നു മുഹമ്മദുബ്‌നു മുസ്‌ലിം ഇബ്‌നു ശിഹാബുസ്സുഹ്‌രി (ചരമം. ഹി. 124). ഇസ്‌ലാമിന്റെ മുമ്പുള്ള കാലം മുതല്‍ തുടങ്ങി മക്ക, മദീന കാലഘട്ടങ്ങളിലൂടെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ സ്ഥാനാരോഹണം വരെയുള്ള സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മക്കാ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങള്‍, ഹിജ്‌റ, പ്രധാന സംഘട്ടനങ്ങള്‍, മുസ്‌ലിം ജനപദത്തിന്റെ സ്ഥാപനം, തിരുമേനി അയച്ച പ്രതിനിധി സംഘങ്ങള്‍, സ്വീകരിച്ച വിദേശ പ്രതിനിധികള്‍, നബിയുടെ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, തിരുമേനിയുടെ രോഗവും അന്ത്യവും, പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പ് എന്നിവ വിശദമായി പ്രതിപാദിക്കുന്നുണ്ട് അദ്ദേഹം. കാലഗണന പാലിച്ചുകൊണ്ടാണ് ഇവയെല്ലാമെന്നതാണ് സുഹ്‌രിയുടെ പ്രത്യേകത. ഹദീസ് നിവേദകരെത്തന്നെയാണ് തന്റെ സീറാ രചനക്ക് ആശ്രയിച്ചത് എന്നതുകൊണ്ടാണ് സുഹ്‌രിയുടെ രചനയുടെ വിശ്വാസ്യത വര്‍ധിച്ചത്.

ചരിത്രത്തെക്കുറിച്ചുള്ള പുതിയ സങ്കല്പം ചരിത്രരചനയുടെ സാങ്കേതിക രീതിയിലും പ്രതിഫലിക്കാന്‍ തുടങ്ങി. ആദ്യകാല ചരിത്ര രചനകളായ മഗാസീയും സീറയും സമൂഹങ്ങളുടെ ചരിത്രരചനക്ക് വഴിമാറിക്കൊടുത്തു. ഇബ്‌നുഇസ്ഹാഖി(ഹി. 85, ക്രി. 704)ന്റെ കാലഘട്ടത്തോടെ ചരിത്രരചനക്ക് പുതിയൊരു മാനം കൈവന്നു. അദ്ദേഹത്തിന്റെ സീറത്തുര്‍റസൂലുല്ലായുടെ ആദ്യഭാഗം ഇസ്‌ലാമിനു മുമ്പുള്ള കാലത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. വിശ്വസ്തതയിലും സത്യസന്ധതയിലും മറ്റു പല സീറാ രചയിതാക്കളെക്കാള്‍ മുന്നിലാണെങ്കിലും ഇമാം മാലിക് അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നുണ്ട്. ശീഈ വിഭാഗത്തോട് ചായ്‌വുള്ള ഇബ്‌നു ഇസ്ഹാഖ് ഒരു ഖദ്‌രിയ്യ വിശ്വാസിയായിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. സീറത്തുര്‍റസൂലുല്ലാ അതിന്റെ പൂര്‍ണ രൂപത്തില്‍ ലഭ്യമല്ല. ഇബ്‌നുഹിശാം വിപുലീകരിച്ച സീറതുബ്‌നു ഹിശാം എന്ന ഗ്രന്ഥത്തില്‍ കൂടിയാണ് ഇബ്‌നു ഇസ്ഹാഖിന്റെ ചരിത്രാഖ്യായിക വെളിച്ചം കണ്ടത്. മരിക്കുമ്പോള്‍ അറുനൂറോളം പെട്ടികളില്‍ അടങ്ങിയ ഗ്രന്ഥശേഖരം വിട്ടേച്ചുപോയ അല്‍ വാഖിദി(ചരമം ക്രി. 622)യുടെ കാലഗണനയെ പാശ്ചാത്യ ചരിത്രകാരമാര്‍ വാഴ്ത്തിയിട്ടുണ്ട്. യഹൂദരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ ആസ്പദമാക്കി ഗ്രന്ഥരചന നടത്തിയ വാഖിദീ അവിശ്വസ്തനാണെന്ന അഭിപ്രായമാണ് ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയിരിക്കുന്നത്. കിതാബുസ്സീറ, കിതാബുതാരീഖില്‍ മഗാസീ എന്നിവയുള്‍പ്പെടെ ഇരുപത്തെട്ടോളം ഗ്രന്ഥങ്ങള്‍ വാഖിദിയുടേതായുണ്ട്. പ്രമുഖ ജീവചരിത്രകാനും വാഖിദിയുടെ ശിഷ്യനുമായിരുന്ന ഇബ്‌നു സഅദി(ചരമം ക്രി. 845)ന്റെ പ്രധാന കൃതികളാണ് ത്വബഖാത്തുല്‍ കബീര്‍, ത്വബഖാത്തു സ്വഗീര്‍, താരീഖുല്‍ ഇസ്‌ലാം എന്നിവ.

ഒമ്പതാം നൂറ്റാണ്ടിന്റെ (ഹിജ്‌റ മൂന്നാം നൂറ്റാണ്ട്) മധ്യത്തോടെ ചരിത്രാഖ്യായികക്ക് ഒരു പുതിയ വ്യതിയാനം സംഭവിച്ചു. ഇതിനു മുമ്പുള്ള ചരിത്രഗ്രന്ഥങ്ങള്‍ ജീവചരിത്ര രൂപത്തിലുള്ളതോ യുദ്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതോ ആയിരുന്നു. അറബേതര സമൂഹങ്ങളെ പരാമര്‍ശിക്കാത്ത ചരിത്രരചന ഒരിക്കലും ലോകചരിത്രത്തിന്റെ വിതാനത്തിലേക്ക് ഉയര്‍ന്നിരുന്നില്ല. ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് അറബ് ചരിത്രരചനക്ക് പുതിയ മാറ്റങ്ങള്‍ വന്നു തുടങ്ങുന്നത്. ഇബ്‌നു ഖുതൈ്വബ, അല്‍ ദിനവരി, അല്‍ യഅ്ഖൂബി, അല്‍ ബലാദുരീ എന്നീ നാലു പ്രമുഖ ചരിത്രപണ്ഡിതര്‍ സ്വന്തം സമൂഹങ്ങളുടെ ചരിത്രങ്ങളില്‍ ഒതുങ്ങാതെ വ്യത്യസ്ത സമൂഹങ്ങളുടെയും ജനതകളുടെയും രാജ്യങ്ങളുടെയും ജീവിതരീതിയിലേക്കും സംസ്‌കാരങ്ങളിലേക്കും പഠനം വ്യാപിപ്പിച്ചു.

ഇബ്‌നു ഖുതൈ്വബ(ചരമം ക്രി. 889)യുടെ കിതാബുല്‍ മആരിഫ്, അഹ്മദ്ബ്‌നു ദാവുദ് അല്‍ ദിനവരിയുടെ (ചരമം ക്രി. 895) അല്‍ അഖ്ബാറുത്വിവാല്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അറബ്-മുസ്‌ലിം അതിര്‍വരമ്പുകള്‍ക്കപ്പുറത്തുള്ള ചരിത്രം പറഞ്ഞവയാണ്. ഭൂമിശാസ്ത്രകാരനായ ചരിത്രകാരനായിരുന്ന അല്‍യഅ്ഖൂബി (ചരമം ക്രി. 897)യുടെ വിവരണം പ്രാചീന സമൂഹങ്ങള്‍ക്കും ശീഈ വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ്.

ലോകചരിത്രരചയിതാക്കളില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്നത് അല്‍ ബലാദുരീയാണ്. ജനനമരണ വര്‍ഷം സംബന്ധിച്ച് ദുരൂഹതയുണ്ടെങ്കിലും ജീവിതത്തിന്റെ അധികഭാഗവും ബഗ്ദാദില്‍ ചെലവഴിച്ച ബലാദുരി അബ്ബാസീ ഖലീഫയായ അല്‍ മുതവക്കിലിന്റെ സന്തത സഹചാരിയായിരുന്നു. നബി തിരുമേനിയില്‍ നിന്ന് തുടങ്ങി അബൂബക്ര്‍(റ)ന്റെ ഭരണകാലത്ത് മതപരിത്യാഗം ചെയ്തവരുമായുണ്ടായ യുദ്ധം, ഇറാഖ്-പേര്‍ഷ്യ അധീനപ്പെടുത്തല്‍ തുടങ്ങി വിപുലമായ ഒരു കാലഘട്ടത്തിന്റെ ചരിത്രം ഫുതൂഹുല്‍ ബുല്‍ദാന്‍ എന്ന ഗ്രന്ഥത്തില്‍ ബലാദുരി ചുരുക്കി വിവരിക്കുന്നു. അറബി ഔദ്യോഗിക ഭാഷയായി സ്വീകരിച്ചത്, നാണയ സമ്പ്രദായം, അറബി ലിപിയുടെ ചരിത്രം എന്നിങ്ങനെ വിലപ്പെട്ട അറിവുകള്‍ നല്കുന്ന ഫതൂഹുല്‍ ബുല്‍ദാന്‍ അറബ് സാമ്രാജ്യവികസനത്തിന്റെ ചരിത്രക്രോഡീകരണത്തിന് വിലപ്പെട്ട സ്രോതസ്സാണ്. പൂര്‍ത്തീകരിക്കാത്ത അന്‍സാബുല്‍ അശ്‌റാഫ് തിരുമേനിയുടെ ജീവിതകഥയും കുടുംബാംഗങ്ങളുടെ ജീവചരിത്രവും പ്രതിപാദിക്കുന്നു. ഖവാരിജീ പ്രസ്ഥാനത്തിന്റെ ചരിത്രവും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വിശാലമായ ഒരു ഭൂവിഭാഗത്തിലെ നീണ്ട കാലഘട്ടത്തിന്റെ ചരിത്രം സംക്ഷിപ്തമായി വിവരിച്ചതാണ് ബലാദുരിയുടെ പ്രധാന സംഭാവന.
 

Feedback
  • Thursday Apr 25, 2024
  • Shawwal 16 1445