Skip to main content

അറബ്-മുസ്‌ലിം ചരിത്രപഠനത്തിന്റെ സുവര്‍ണകാലം

അറബ്-മുസ്‌ലിം ചരിത്ര പഠനത്തിന്റെ സുവര്‍ണകാലം ആരംഭിക്കുന്നത് അബൂ ജഅ്ഫര്‍ അത്ത്വബ്‌രി (225/835), അബുല്‍ ഹസന്‍ അലിയ്യുല്‍ മസ്ഊദി (ക്രി. 900-956) എന്നീ പ്രതിഭകളുടെ വരവോടെയാണ്. ത്വബ്‌രി ത്വബരിസ്ഥാനിലെ ആമുല്‍ എന്ന പ്രദേശത്താണ് ജനിച്ചത്. വര്‍ഷക്രമത്തില്‍ സംഭവങ്ങളെ വിവരിക്കുന്ന രീതി ഒഴിവാക്കി, സംഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു പുതിയ ചരിത്രരചനാ സമ്പ്രദായം അവതരിപ്പിച്ചത് അദ്ദേഹമാണ്. ഖുര്‍ആന്‍ വ്യാഖ്യാനത്തിലും ലോകചരിത്ര രചനയിലുമാണ് ത്വബ്‌രിയുടെ പ്രശസ്തി നിലകൊള്ളുന്നത്. പന്ത്രണ്ടോളം വാള്യങ്ങളില്‍ ഹിജ്‌റ 298 വരെയുള്ള കാലഘട്ടത്തിന്റെ ബൃഹത്തായ ചരിത്രമാണ് താരീഖുര്‍റസൂലി വല്‍ മുലൂക്ക് (പ്രവാചകരുടെയും രാജാക്കന്‍മാരുടെയും ചരിത്രം). കുലപതികളില്‍ നിന്ന് തുടങ്ങി പ്രവാചകന്‍മാര്‍, പൂര്‍വകാല ഭരണാധിപന്‍മാര്‍, സാനിയാക്കള്‍, മുഹമ്മദ് നബി, നാലു ഖലീഫമാര്‍, ഉമവിയ്യ, അബ്ബാസിയ്യ ഭരണകര്‍ത്താക്കള്‍ എന്നിവരുടെ ചരിത്രങ്ങള്‍ ഇതില്‍ വിശകലനം ചെയ്യുന്നുണ്ട്. പ്രാമാണികതയും സമഗ്രതയുമാണ് ത്വബ്‌രി രചനകളുടെ മുഖമുദ്രയെന്ന് ആര്‍ എ ഗെബ്ബ് (R A Gebb- Studies on the civilization of Islam, P. 118) ചൂണ്ടിക്കാട്ടുന്നു.

നവീന ചരിത്ര രചനയുടെ മറ്റൊരു ഉപജ്ഞാതാവായി കരുതപ്പെടുന്ന അബുല്‍ ഹസന്‍ അലിയ്യുല്‍ മസ്ഊദി ജനിച്ചത് ബഗ്ദാദിലെ അല്‍ കൂഫ കുടുംബത്തിലാണ്. ചരിത്രകാരനും ദാര്‍ശനികനും ഭൂമിശാസ്ത്ര പണ്ഡിതനുമായിരുന്ന മസ്ഊദി, ചരിത്ര വസ്തുതകള്‍ തേടി സ്‌പെയിന്‍, റഷ്യ, ചൈന, ഇന്ത്യ, സിറിയ, ഇറാഖ്, അര്‍മേനിയ എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. ഈജിപ്തില്‍ താമസമുറപ്പിച്ച (941) അദ്ദേഹം പ്രസിദ്ധമായ മുറൂജുദ്ദഹബു വ മആദിനുല്‍ ജൗഹറും (സ്വര്‍ണപുല്‍ത്തകിടും പവിഴ ഖനിയും),  കിതാബുത്തന്‍ബീഹും പൂര്‍ത്തിയാക്കി. മുറൂജിന്റെ ആദ്യഭാഗം നബി തിരുമേനിയുടെ കാലം വരെ അപഗ്രഥനം ചെയ്യുന്നു. രണ്ടാം ഭാഗം ഇസ്‌ലാമിക സമൂഹങ്ങളുടെ ചരിത്രവിശകലനത്തിന് നീക്കിവച്ചിരിക്കുകയാണ്. 'മുസ്‌ലിംകളുടെ ഹെറോദോത്തസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ മസ്ഊദി ത്വബ്‌രിയുടേതില്‍ നിന്ന് വ്യത്യസ്തമായ ശൈലിയില്‍ ഇസ്‌ലാമിക ചരിത്രത്തോടൊപ്പം ഇന്തോ-പേര്‍ഷ്യന്‍, റോമന്‍, യഹൂദ ചരിത്രവും മതവും തന്റെ പഠനത്തിന് വിധേയമാക്കി. 

അല്‍ മസ്ഊദിക്ക് ശേഷം ചരിത്രപഠനത്തിന് ജീവിതം അര്‍പ്പിച്ചവരായിരുന്നു ഇബ്‌നു മസ്‌കുവയ്ഹിയും (ചരമം ക്രി. 1030) ഇബ്‌നുല്‍ അസീറും. ഭിഷഗ്വരനും ദാര്‍ശനികനും ചരിത്രകാര നുമായിരുന്ന മസ്‌കുവയ്ഹി, ബുവയ്ഹിയ ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുന്നു.

ദിയാഉദ്ദീനുബ്‌നു അസീര്‍ ഇറാഖിലെ ജസീറ ബനീ ഉമറിലാണ് ജനിച്ചതെങ്കിലും (553/1163) മൗസിലിലാണ് ജീവിതകാലം അധികവും ചെലവഴിച്ചത്. രാഷ്ട്രീയ രംഗത്ത് പ്രാമുഖ്യം നേടിയ അദ്ദേഹം സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കീഴിലും (1191) തുടര്‍ന്ന് മകന്‍ അല്‍ അഫ്ദലിന്റെ കീഴിലും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ലോകചരിത്രം അല്‍ കാമില്‍ അക്കാലത്തെ ഏത് യൂറോപ്യന്‍ രചനയോടും കിടപിടിക്കുന്നതായിരുന്നു. ഏഴായിരത്തി അഞ്ഞൂറോളം ജീവചരിത്രക്കുറിപ്പുകള്‍ അടങ്ങുന്ന ഉസുദുല്‍ ഗാബാണ് മറ്റൊരു പ്രസിദ്ധ രചന.

Feedback