Skip to main content

മധ്യകാല പഠനം

ഗ്രീക്ക്-റോമാ ചരിത്രകാരന്‍മാരുടെ ശാസ്ത്രീയ-രാഷ്ട്രീയ സമീപനത്തില്‍ നിന്ന് ചരിത്രം പില്‍ക്കാലത്ത് മതാധിപരുടെ കൈകളിലേക്ക് വഴുതി വീണു. പുരോഹിതരും സന്യാസി വര്യന്‍മാരുമാണ് ഇക്കാലത്ത് ചരിത്രരചന നടത്തിയിരുന്നത്. ഓരോ വര്‍ഷവും നടക്കുന്ന സംഭവങ്ങള്‍ ആ പ്രദേശത്തെ പള്ളികളിലും സന്യാസി മഠങ്ങളിലും രേഖപ്പെടുത്തിയിരുന്നു. ഇവ കൊല്ലവരി (Year book), ഡയറി എന്നും അറിയപ്പെട്ടിരുന്നു. ഇരുളടഞ്ഞ മധ്യകാലഘട്ടത്തെക്കുറിച്ചുള്ള അറിവുകളിലേക്ക് ഈ കുറിപ്പുകള്‍ വളരെയേറെ വെളിച്ചം വീശുന്നു. ഫ്രാങ്കുകളുടെ ആദ്യകാല ഭരണം, ആംഗ്ലോസാക്‌സന്‍ കാലഘട്ടം, ആല്‍ഫ്രഡ്, ഷാര്‍ലമെയ്ന്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ സന്യാസി വര്യന്‍മാരുടെ ലിഖിതങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. മതത്തിന് ശക്തമായ അടിത്തറ നിര്‍മിക്കുന്നതിലായിരുന്നു ക്രിസ്ത്യന്‍ ചരിത്രാഖ്യാനം ശ്രദ്ധ ചെലുത്തിയിരുന്നത്. ക്രിസ്തു മതത്തിന്റെ ആദ്യത്തെ മുന്നൂറു വര്‍ഷം യൂറോപ്പില്‍ ചരിത്രരചന സാധിക്കുമായിരുന്നില്ല. കഴിഞ്ഞ കാല സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുക മാത്രമല്ല, മനുഷ്യന്‍ ഭാവിയില്‍ താണ്ടേണ്ട വഴികള്‍ വരച്ചുകാട്ടുകയായിരുന്നു തങ്ങളുടെ ദൗത്യമായി അവര്‍ കണ്ടിരുന്നത്. സഭാചരിത്രരചന, യഹൂദ-ക്രിസ്തീയ പാരമ്പര്യരചനകള്‍ വിമര്‍ശങ്ങളേതുമില്ലാതെ അപ്പടി സ്വീകരിച്ചുവെന്നതാണ് അവയുടെ വൈകല്യമായി കണക്കാക്കപ്പെടുന്നത്. 

'ചരിത്രത്തിന്റെ സത്ത കണ്ടുപിടിക്കാന്‍ ചരിത്രത്തിന്റെ വെളിയിലേക്കാണ് അവര്‍ നോക്കിയത്' - കോളിങ് വുഡ്.

പ്രാദേശിക രചന വിശ്വചരിത്രരചനയ്ക്ക് വഴിമാറിക്കൊടുത്ത മധ്യകാലത്തെ അറബ് മുസ്‌ലിം മേഖലയിലൂടെയാണ് ഗ്രീക്ക്, റോമ ചരിത്രകാരന്‍മാര്‍ തങ്ങളുടെ ജനതയുടെ ചരിത്രം രചിച്ചിരുന്നതെങ്കിലും മുസ്‌ലിം ചരിത്ര പണ്ഡിതന്‍മാര്‍ ഒരു ലോകചരിത്ര രചനയ്ക്ക് ആദ്യമായി തുടക്കമിടുകയായിരുന്നു. ത്വബ്‌രിയും ഇബ്‌നു ഖല്‍ദൂനുമാണ് ഇവരില്‍ പ്രമുഖര്‍. 
 

Feedback