Skip to main content

ഇബ്‌നു ഖല്‍ദൂനും അസബിയ്യ സങ്കല്പവും

ഇബ്‌നു ഖല്‍ദൂന്‍ സാമൂഹിക ശാസ്ത്രത്തിന് നല്‍കിയ മുഖ്യ സംഭാവനയാണ് 'അസ്വബിയ്യ' സങ്കല്പം. ഇടുങ്ങിയ വിവക്ഷയില്‍ നിന്ന് അദ്ദേഹം ഈ സങ്കല്പത്തെ ജനഗണങ്ങളുടെ ജീവിതശൈലിയെയും സ്ഥിരതയെയും കുറിച്ച് ഗവേഷണം നടത്താനുള്ള ചട്ടക്കൂടിന്റെ അടിസ്ഥാനമാക്കി ഉയര്‍ത്തി. ആദര്‍ശൈക്യം, ഗണ(group)വികാരം, ഗണഭക്തി, പൊതുവായ ഊര്‍ജസ്വലത എന്നിങ്ങനെ അസ്വബിയ്യയെ വിശേഷിപ്പിക്കാറുണ്ട്. കൂട്ടായ വികാരം, പൊതുതാല്പര്യം, സാമൂഹികവും സാമ്പത്തികവുമായ താല്പര്യങ്ങള്‍, വിചാര വികാരങ്ങള്‍, ഐക്യം എന്നിങ്ങനെ സമൂഹഗണങ്ങള്‍ക്ക് കെട്ടുറപ്പ് നല്‍കുന്ന എല്ലാ ഘടകങ്ങളും അസ്വബിയ്യയുടെ പരിധിയില്‍ വരും.

പ്രാകൃത സമൂഹങ്ങളില്‍ രക്തബന്ധം, സഖ്യം, സംരക്ഷണം എന്നിവയായിരുന്നു അസ്വബിയ്യയെ (സാമൂഹിക ഭദ്രത) ഊട്ടിയുറപ്പിച്ച ഘടകങ്ങള്‍. എന്നാല്‍, നാഗരികതയുടെ വളര്‍ച്ച അസ്വബിയ്യയുടെ തിരോധാനത്തിന് വഴിവെക്കുന്നു. സാമൂഹിക ഭദ്രതക്ക് സഹായകമാകുന്നത് നാലു ഘടകങ്ങളാണ്. 

1. ജീവിത രീതി: സംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ ഭൗതിക പ്രതിഭാസത്തിന്റെ പ്രസക്തി കണക്കിലെടുക്കുന്നുണ്ട് ഇബ്‌നു ഖല്‍ദൂന്‍. കാള്‍ മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം ഉത്പാദന സമ്പ്രദായമാണ് (mode of production) സാമൂഹിക ചലനത്തിന്റെ നിദാനം. എന്നാല്‍, ജീവിതശൈലി(mode of living)യാണ് ഇബ്‌നു ഖല്‍ദൂനിന്റെ വീക്ഷണത്തില്‍, സാംസ്‌കാരിക വളര്‍ച്ചയെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകം. മാര്‍ക്‌സില്‍ നിന്ന് വ്യത്യസ്തമായി ഭൗതിക പ്രതിഭാസത്തെ ഏകശക്തി ഘടകമായല്ല, നാഗരികതയുടെ വളര്‍ച്ചക്ക് ശക്തി പകരുന്ന പല ഘടകങ്ങളില്‍ ഒന്നായാണ് അദ്ദേഹം കണക്കാക്കുന്നത്.

2. ശക്തി: ജനങ്ങളുടെ വിധേയത്വം നേടിയെടുക്കാന്‍ പ്രയോജനകരമായ ഒരു ഉപകരണമാണ് ശക്തി. സംസ്‌കാരങ്ങളുടെ നിലനില്പ് തന്നെ ശക്തിയുടെ ഫലപ്രദമായ ഉപയോഗത്തെ ആശ്രയിച്ചാണിരിക്കുന്നത്. ശിഥിലീകരണ പ്രവണതകള്‍ ലഘൂകരിക്കാനും ശക്തി അത്യന്താപേക്ഷിതമാണ്.

3. നേതൃത്വം: ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനുള്ള നേതാവിന്റെ കഴിവ് ജനങ്ങളുടെ വിധേയത്വം ഉറപ്പാക്കുന്നു. സാമൂഹിക ഭദ്രതയുടെ ഈടും ദൈര്‍ഘ്യവും നേതാവിന്റെ വ്യക്തിപ്രഭാവത്തെ ആശ്രയിച്ചാണ്  നിലകൊള്ളുന്നത്. നേതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവര്‍ സമൂഹ ഭദ്രതക്ക് വര്‍ധിച്ച തോതില്‍ ഊര്‍ജം നല്‍കിക്കൊണ്ടിരിക്കും. കര്‍മോത്സുകമായ ഒരു നേതൃനിര നാഗരികതയുടെ വളര്‍ച്ചക്ക് അനിവാര്യമാണെന്ന  ആര്‍നോള്‍ഡ് ടോയന്‍ബിയുടെ വാദത്തിലെ സത്ത തന്നെയാണ് ഇബ്‌നു ഖല്‍ദൂന്‍ അവതരിപ്പിക്കുന്നതും.

4. മതം: സാമൂഹികവത്കരണത്തിന് ശക്തി പകരുന്ന ഒരു ഘടകമാണ് മതം. ഭൗതികവും ആത്മീയവും ധാര്‍മികവുമായ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ആദര്‍ശത്തിന് കഴിയും. സാമൂഹിക ഭദ്രതയെ പരിപോഷിപ്പിക്കുന്ന മറ്റുള്ള ഘടകങ്ങളെ അപേക്ഷിച്ച് മതം അതിശക്തമായ ഒന്നാണ്. ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഏകീകരിക്കപ്പെട്ട ഒരു ജനതയെ എത്ര ശക്തിയുള്ള സൈന്യത്തിനും കീഴ്‌പ്പെടുത്താന്‍ പെട്ടെന്ന് കഴിയില്ല.

സംസ്‌കാരത്തിന്റെ തിരോധാനത്തിന്റെ കാരണങ്ങളും ഇബ്‌നു ഖല്‍ദൂന്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഭരണാധികാരികളുടെ അധികാര ദുര്‍വിനിയോഗം, സമൂഹത്തിന്റെ അനീതി, അനാര്‍ജിത സമ്പത്തും അതിന്റെ പ്രദര്‍ശനപരമായ ദുരുപയോഗവും സൃഷ്ടിക്കുന്ന സാമ്പത്തിക, സാമൂഹിക മാലിന്യങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു സമൂഹത്തിന്റെ പതനത്തിന് കാരണമാകുന്നതെങ്ങനെയെന്നും അദ്ദേഹം വിശദമാക്കുന്നു. ഇബ്‌നു ഖല്‍ദൂന്റെ പ്രതിഭയുടെ ആഴം തുര്‍ക്കികളാണ് ആദ്യം തിരിച്ചറിഞ്ഞത്. മുഖദ്ദിമയുടെ ആദ്യപരിഭാഷ തുര്‍ക്കിഭാഷയില്‍ പ്രത്യക്ഷപ്പെട്ടത് 1830ലാണ്. 1869ല്‍ ഫ്രഞ്ച് പരിഭാഷയും വെളിച്ചം കണ്ടു. പത്തൊമ്പതാം നൂറ്റാണ്ടോടുകൂടിയാണ് ഈ പ്രതിഭയെ ലോകം കണ്ടെത്തിയതെന്നതാണ് ആശ്ചര്യകരം. പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ 'മുഖദ്ദിമ' യൂറോപ്പില്‍ പഠനവിധേയമാക്കാനും ചര്‍ച്ച ചെയ്യപ്പെടാനും തുടങ്ങി. ഇബ്‌നു ഖല്‍ദൂനിന്റെ മൗലികത ആദരിച്ച പണ്ഡിതലോകം വികോ, മൊണ്ടസ്‌കെ, അഗസ്തസ് കോംതെ, ആഡംസ്മിത്ത് എന്നിവരുടെ മാര്‍ഗദര്‍ശിയായിട്ടാണ് ഇബ്‌നു ഖല്‍ദൂനെ കണക്കാക്കുന്നത്. മധ്യകാല മുസ്‌ലിം ചരിത്രകാരന്‍മാരിലെ ഉജ്വല താരമായാണ് ജെയിംസ് തോംസണ്‍ ഇബ്‌നു ഖല്‍ദൂനെ വിശേഷിപ്പിക്കുന്നത്. ഹാരി ഇ ബര്‍നെഡ് ആവട്ടെ ചരിത്രപഠനത്തിന്റെ സാങ്കേതികതയെയും ലക്ഷ്യങ്ങളെയും കുറിച്ച് ആഴത്തില്‍ ചിന്തിച്ച ഇബ്‌നു ഖല്‍ദൂനെ തുലനം ചെയ്യുന്നത് റോജര്‍ ബേക്കനോടാണ്. ഇബ്‌നു ഖല്‍ദൂന്റെ പാത പിന്തുടര്‍ന്ന് ചരിത്രരചന നടത്താന്‍ വളരെ കാലത്തോളം ആരുമുണ്ടായില്ല. പണ്ഡിതലോകത്ത് രണ്ടു നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു തത്വശാസ്ത്രത്തിന്റെ ചരിത്രപഠനം വികാസം പ്രാപിക്കാന്‍.

അബൂമിഖ്‌നഫ് (മരണം ഹി. 157 -ക്രി.774), മദാഇനി (അലിയ്യുബ്‌നു മുഹമ്മദി ബ്‌നു അബ്ദില്ലാഹ്  ഹി. 135-225 -ക്രി.752 -843), ഹിശാമുബ്‌നു മുഹമ്മദ്ബ്‌നുല്‍ കല്‍ബീ (മരണം ഹി. 204), അബുല്‍ ഫറജുല്‍ ഇസ്ഫഹാനി(ക്രി. 897-967 -ഹി.284 -356), അബുല്‍ ഫിദാ(ക്രി.1273-1331), ഇബ്‌നു കസീര്‍(1300-1372 -ഹി.701 -774) തുടങ്ങിയവരും അറബ് ചരിത്രകാരന്‍മാരില്‍ പ്രധാനികളാണ്. മുപ്പത്തിരണ്ടോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ മിഖ്‌നഫിയുടെ രചനകള്‍ മുഴുവനും നഷ്ടപ്പെട്ടുപോയി. മക്കാ കാലഘട്ടത്തെക്കുറിച്ച് ചരിത്രരചന നടത്തിയ വ്യക്തിയാണ് അല്‍ ഖല്‍ബി. ഇസ്ഫഹാനിയുടെ അല്‍ഗാനീ ഇസ്‌ലാമിക നാഗരികതയുടെ പഠനത്തിന് ഒഴിച്ചുകൂടാനാകാത്ത ഒരു സ്രോതസ്സാണ്. ഹിജ്‌റ 767 വരെയുള്ള കാലഘട്ടത്തിന്റെ ചരിത്രം വര്‍ഷാടിസ്ഥാനത്തില്‍ പ്രതിപാദിക്കുന്ന 'അല്‍ ബിദായ വന്നിഹായ' (ആരംഭവും അവസാനവും) ഇബ്‌നു കസീര്‍ എഴുതിയിരിക്കുന്നത് പതിനാല് വാല്യങ്ങളിലായാണ്. മുസ്‌ലിം ചരിത്രാഖ്യായികകള്‍ പൊതുവെ നിഷ്പക്ഷവും വിശ്വാസയോഗ്യവുമായ രചനകളായിരുന്നു. 

 
 

Feedback