Skip to main content

ഇബ്‌നു ഖല്‍ദൂനും മുഖദ്ദിമയും

ആദ്യത്തെ മാനവ സാമൂഹിക ശാസ്ത്രജ്ഞനായി ലോകം ഗണിക്കുന്ന അബൂസയ്ദ് അബ്ദുര്‍റഹ്മാനുബ്‌നു ഖല്‍ദൂന്‍ (1332-1406) തുനീഷ്യയിലാണ് ജനിച്ചത്. ഗ്രാനഡയില്‍ ജീവിച്ച കുറച്ചു കാലം ഒഴിച്ചാല്‍ ശിഷ്ടകാലം ഉത്തരാഫ്രിക്കയിലാണ് ജീവിച്ചത്. മുസ്‌ലിം സ്‌പെയിനിന്റെ പതനവും ഉത്തരാഫ്രിക്ക, സിറിയ എന്നിവിടങ്ങളിലെ അരാജകത്വവും ഇസ്‌ലാമിക നാഗരികതയുടെ അധോഗമനവും ഇബ്‌നു ഖല്‍ദൂന്‍ നേരില്‍ കണ്ടു. ഇസ്‌ലാമിക പഠനത്തിലുള്ള അഗാധ പാണ്ഡിത്യവും രാഷ്ട്രീയ അനുഭവങ്ങളും വിശ്വചരിത്രം രചിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. 

ചരിത്രം ഇബ്‌നു ഖല്‍ദൂന് വസ്തുതകളുടെ ഒരു പട്ടികയല്ല, ഭൂതകാല സംഭവങ്ങളുടെ കേവല വിവരണവുമല്ല; രാഷ്ട്രങ്ങളുടെയും ജനപദങ്ങളുടെയും ഉയര്‍ച്ചകള്‍ക്കും പതനങ്ങള്‍ക്കമുള്ള കാരണങ്ങള്‍ ഗ്രഹിക്കാനുള്ള ഒരു ശാസ്ത്രശാഖയാണ്. ഏഴു വാല്യങ്ങളിലുള്ള ബൃഹത്തായ ലോക ചരിത്രം 'കിതാബുല്‍ ഇബര്‍' എന്ന ഗ്രന്ഥത്തിന്റെ പ്രഥമ വാല്യമാണ് പ്രശസ്തമായ മുഖദ്ദിമ. ഗ്രന്ഥത്തിന്റെ പൂര്‍ണനാമം 'കിതാബുല്‍ ഇബര്‍ വദീവാനുല്‍ മുബ്തദഇ വല്‍ഖബര്‍ ഫീ അയ്യാമില്‍ അറബി വല്‍അജമി വല്‍ബര്‍ബറി വമന്‍ ആസ്വറഹും മിന്‍ ദവിസ്സുല്‍ത്വാനില്‍ അക്ബര്‍' (ഗുണപാഠങ്ങളുടെയും അറബ്, പേര്‍ഷ്യന്‍, ബര്‍ബര്‍ എന്നിവരുടെ ചരിത്രപരമായ വിവരങ്ങളും അവരുടെ ആഖ്യാന - ആഖ്യാതാക്കളുടെയും ഗ്രന്ഥം) എന്നാണ്. 

ഇബ്‌നു ഖല്‍ദൂന്റെ പ്രശസ്തി നിലനില്‍ക്കുന്നത് ചരിത്രരചനയിലെന്നതിനേക്കാള്‍, സമൂഹത്തിന്റെ രൂപവും വളര്‍ച്ചയും ശാസ്ത്രീയമായി പ്രതിപാദിക്കുന്ന മുഖവുര(മുഖദ്ദിമ)യിലൂടെയാണ്. അറബി സാഹിത്യത്തിലെ അമൂല്യരത്‌നമായ മുഖദ്ദിമക്ക് തുല്യമായ ഒരു രചനയും അതുവരെ എഴുതപ്പെട്ടിരുന്നില്ല. 

മുഖദ്ദിമ വിശ്വചരിത്രത്തിന്റെ കേവലം ഒരു മുഖവുരയല്ല. മറിച്ച്, സാമൂഹിക, സാമ്പത്തിക, മാറ്റങ്ങള്‍ക്കുള്ള കാരണങ്ങളുടെയും നാഗരികതകളുടെ ഉയര്‍ച്ച താഴ്ച്ചകളുടെയും വിശകലനവും കൂടിയാണ്. ചരിത്രത്തെ സംസ്‌കാരങ്ങളുടെ ശാസ്ത്രമെന്നാണ് ഇബ്‌നു ഖല്‍ദൂന്‍ വിശേഷിപ്പിക്കുന്നത്. സംസ്‌കാരത്തിന്റെ ചരിത്രം അടര്‍ത്തിയെടുത്ത് പഠനവിധേയമാക്കാന്‍ കഴിയില്ല. കാരണം അത് വിജ്ഞാനത്തിന്റെ സൈദ്ധാന്തിക, പ്രായോഗിക നിര്‍മാണ ശാഖകളുടെ ഒരു മിശ്രിതമാണ്. സദാ ചലിച്ചുകൊണ്ടിരിക്കുന്ന സംസ്‌കാരം ജീവജാലങ്ങളെപ്പോലെത്തന്നെ ജനനം, വളര്‍ച്ച, നാശം എന്നീ പ്രതിഭാസങ്ങള്‍ക്കു വിധേയമാണ്. പില്‍ക്കാലത്ത് ഓസ്‌വാള്‍ഡ് സ്‌പെഗ്ലറും ആര്‍നോള്‍ഡ് ടോയന്‍ബിയും വിശദമായ പഠനത്തിന് വിധേയമാക്കിയ ഒരു തത്വമാണ് ഇബ്‌നു ഖല്‍ദൂന്‍ അവതരിപ്പിച്ചത്.

സാമൂഹിക ഭദ്രതയെ കുറിച്ചുള്ള 'അസ്വബിയ്യ' സങ്കല്പമാണ് സാമൂഹിക ശാസ്ത്രത്തിന് ഇബ്‌നു ഖല്‍ദൂന്റെ മുഖ്യ സംഭാവന. 
 

Feedback