Skip to main content

കാര്‍ത്തേഷ്യനിസം, കാര്‍ത്തേഷ്യന്‍ വിരുദ്ധ സിദ്ധാന്തം

യൂറോപ്പില്‍ പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലുണ്ടായ ധൈഷണിക വിപ്ലവത്തിന് തിരി കൊളുത്തിയത് ദെക്കാര്‍ത്തെ, ഐസക് ന്യൂട്ടന്‍, ജോണ്‍ ലോക്ക് എന്നിവരായിരുന്നു. ശാസ്ത്ര-തത്വചിന്താ മണ്ഡലങ്ങളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍, കാര്‍ത്തേഷ്യനിസം (ദെക്കാര്‍ത്തിന്റെ സിദ്ധാന്തം), കാര്‍ത്തേഷ്യ വിരുദ്ധ സിദ്ധാന്തം, എന്‍ലൈറ്റന്‍മെന്റ് (പ്രബുദ്ധവീക്ഷണം) എന്നീ ചിന്താപ്രസ്ഥാനങ്ങള്‍ക്ക് ജീവന്‍ നല്‍കി.

ഫ്രഞ്ച് തത്വചിന്തകനായ റെനി ദെക്കാര്‍ത്തെ (Rene Descartes  1594-1650) എല്ലാ അധികാര കേന്ദ്രങ്ങളെയും പാരമ്പര്യ വിശ്വാസങ്ങളെയും ചോദ്യം ചെയ്തു. ചരിത്രപഠനം വിട്ട് ശാസ്ത്രാന്വേഷണങ്ങളില്‍ മുഴുകാനാണ് ദെക്കാര്‍ത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്.

കാര്‍ത്തേഷ്യന്റെ ചരിത്രവിരുദ്ധ സമീപനത്തെ ജോണ്‍ ലോക്ക്, ബര്‍ക്കിലി, ഹ്യൂം എന്നീ ചിന്തകര്‍ തുറന്നുകാട്ടി. ചരിത്രഗവേഷണങ്ങള്‍ക്ക് നിയതമായ രൂപം നല്‍കിയ ഇറ്റാലിയന്‍ തത്വചിന്തകനായ വികോയാണ്  കാര്‍ത്തേഷ്യന്‍ വിരുദ്ധരില്‍ അഗ്രഗണ്യന്‍. മനുഷ്യനാണ് ചരിത്രം സൃഷ്ടിക്കുന്നതെങ്കിലും അവന്‍ അതിന്റെ ആസൂത്രകനല്ലെന്നും അവന്റെ പക്കല്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു രേഖയുമില്ലെന്നും വികോ വാദിച്ചു. 

വിമര്‍ശനാത്മകവും സൃഷ്ടിപരവുമായ രീതി ചരിത്രവ്യാഖ്യാന പ്രക്രിയയില്‍ സ്വീകരിച്ചുകൊണ്ട് ചരിത്രത്തെ ഐതിഹ്യങ്ങളില്‍ നിന്ന് വികോ മോചിപ്പിച്ചു. കെട്ടിച്ചമച്ച കഥകളുടെ ഒരു ഭാണ്ഡമല്ല; ധ്യാന നിമഗ്നതയിലൂടെ നടത്തിയ കാലത്തിന്റെ പുനരാവിഷ്‌കരണമാണ് ചരിത്രമെന്നും തന്റെ കാലത്തിനും മുന്നേ നടന്നുപോയ അദ്ദേഹം പറഞ്ഞുവച്ചു.

Feedback