Skip to main content

പ്രബുദ്ധതാ കാലഘട്ടം

പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തുടങ്ങി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണ് പ്രബുദ്ധതാ അഥവാ ജ്ഞാനപ്രകാശന പ്രസ്ഥാനം. ഈ കാലഘട്ടത്തിലെ സവിശേഷ ഗുണങ്ങളായ ഭൗതികവാദവും അധികാരകേന്ദ്രങ്ങളോടുള്ള കടുത്ത എതിര്‍പ്പും ചരിത്രപഠനത്തിലും പ്രകടമായി. വോള്‍ട്ടയറും ഹ്യൂമും രൂപകല്പന ചെയ്ത ആഖ്യാന രീതിയാണ് ജ്ഞാനപ്രകാശന രീതി എന്നറിയപ്പെടുന്നത്. ചരിത്രത്തെ അതിന്റെ ബാഹ്യതലത്തില്‍ നിന്ന് ആന്തരിക തലത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു എന്നുള്ളതാണ് പ്രബുദ്ധ ചരിത്രരചനയുടെ മറ്റൊരു സവിശേഷത.

ചരിത്രരചനയില്‍ സ്ഥല-കാല പരിഗണനയ്ക്ക് വിശാലമായ മാനം നല്കിയെന്നതാണ് അക്കാലത്തെ രചനകളുടെ പ്രത്യേകത. സംസ്‌കാരങ്ങളുടെ ഈറ്റില്ലമായ ചൈന, ഇന്ത്യ, ഇസ്‌ലാമിക ദേശങ്ങള്‍ എന്നിവയെ അവഗണിച്ചുകൊണ്ട് അതുവരെ നടത്തിവന്നിരുന്ന ചരിത്രരചനാ രീതിക്ക് മാറ്റം വരുത്തുകയും ഈ പ്രദേശങ്ങള്‍ക്ക് കൂടി അര്‍ഹമായ സ്ഥാനം നല്കുകയും ചെയ്തത് പ്രബുദ്ധകാല ചരിത്രകാരന്‍മാരാണ്. 

വ്യക്തിസ്വാതന്ത്ര്യത്തിന്റെ സമരനായകനായ വോള്‍ട്ടയര്‍ (1697-1778) നാഗരികതയുടെ പുരോഗതി രാഷ്ട്രീയ-മതാധിപത്യത്തില്‍ അസാധ്യമാണെന്ന അഭിപ്രായക്കാരനായിരുന്നു. ക്രൈസ്തവത നൂറ്റാണ്ടുകളോളം മനുഷ്യപുരോഗതിയെ തടഞ്ഞുനിര്‍ത്തിയെന്നും പള്ളിയുടെ പിടിയില്‍ നിന്ന് തെന്നിമാറിയപ്പോഴാണ് നവോത്ഥാനം ഉദയം ചെയ്തതെന്നും അദ്ദേഹം ഉദാഹരണ സഹിതം തെളിയിച്ചു. ''അക്രമങ്ങളുടെയും കെടുതികളുടെയും പുരാവൃത്തമാണ് ചരിത്രം'' എന്നു പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുമാറുള്ള ചരിത്ര രചനയായിരുന്നു അന്നത്തേത്. കവിയും തത്വചിന്തകനും രാഷ്ട്രമീമാംസകനുമെന്നതിലുപരി പ്രബുദ്ധ കാലത്തെ എണ്ണപ്പെട്ട ചരിത്രപണ്ഡിതരിലൊരാളായിരുന്നു വോള്‍ട്ടയര്‍.

പ്രബുദ്ധ ചരിത്രരചനയില്‍ ഇംഗ്ലണ്ടിന്റെ പ്രതിനിധി എഡ്വേര്‍ഡ് ഗിബ്ബനാ(1737-1794)യിരുന്നു. 'റോമാ സാമ്രാജ്യത്തിന്റെ അധോഗമനവും പതനവും' (Decline and Fall of Roman Empire) എന്ന മഹത്ഗ്രന്ഥത്തിലൂടെ റോമാ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണം രാഷ്ട്രീയ പാരതന്ത്ര്യമായിരുന്നുവെന്ന് ഗിബ്ബന്‍ പറഞ്ഞുവയ്ക്കുന്നു. നാഗരികതയും പുരോഗതിയും ജനങ്ങളുടെ സംതൃപ്തിയുടെ തോതുമായി അഭേദ്യമായി ബന്ധപ്പെടുന്നുണ്ടെന്ന് വിശ്വസിച്ച ഗിബ്ബനാണ് ചരിത്രസംഭവങ്ങള്‍ ഒറ്റപ്പെട്ടവയല്ലെന്നും അവിരാമം തുടരുന്ന ഒരു പ്രക്രിയയാണെന്നും ആദ്യമായി സമര്‍ഥിച്ചത്. പ്രബുദ്ധകാല ചരിത്രാഖ്യാനങ്ങളും വൈകല്യങ്ങളില്‍ നിന്ന് മുക്തമായിരുന്നില്ല. സമൂഹത്തില്‍ മതത്തിന്റെ സ്വാധീനവും അത് ചരിത്രപ്രവാഹത്തില്‍ വരുത്തിയ മാറ്റങ്ങളും അവഗണിച്ചതാണ് ഇതിലൊന്ന്.

Feedback