Skip to main content

മാര്‍ക്‌സിയന്‍ ചരിത്രാപഗ്രഥനം

ചരിത്രത്തിനു നല്‍കപ്പെട്ട വ്യാഖ്യാനങ്ങളില്‍ പ്രബലമായ ഒന്നാണ് കാള്‍ മാര്‍ക്‌സി(1818-1883)ന്റെ സാമ്പത്തിക ചരിത്ര വ്യാഖ്യാനം. സുഹൃത്ത് ഫ്രെഡറിക്ക് എംഗല്‍സു(1820-1875)മൊത്ത് രചിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പ്രശസ്ത ഗ്രന്ഥത്തിലൂടെയാണ് ചരിത്രത്തിന്റെ ഭൗതികവാദം അവതരിപ്പിക്കുന്നത്. 

രണ്ടു വിരുദ്ധ ശക്തികള്‍ തമ്മിലുള്ള സംഘട്ടനമാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നത് എന്നതാണ് മാര്‍ക്‌സിയന്‍ ചരിത്രാപഗ്രഥനത്തിന്റെ കാതല്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയും തുടര്‍ന്നുണ്ടായ അസമമായ സാമ്പത്തിക വിതരണവും സമൂഹത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഹെഗലിയന്‍ വീക്ഷണത്തില്‍ വ്യത്യസ്ത ആശയങ്ങളുടെ സംഘട്ടനമാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നതെങ്കില്‍ മാര്‍ക്‌സിയന്‍ സങ്കല്പത്തില്‍ അത് വര്‍ഗങ്ങളുടെ സംഘട്ടനമാണ്. 

ചരിത്രത്തിന്റെ വികാസത്തിന് സാമ്പത്തിക ഘടകം ചെലുത്തിയ സ്വാധീനം അവഗണിക്കാനാവില്ല. എന്നാല്‍ സാമ്പത്തിക ഘടകം മാത്രമാണ് ചരിത്രഗമനത്തെ നിയന്ത്രിക്കുന്നതെന്ന മാര്‍ക്‌സിന്റെ വാദം വളരെ ഇടുങ്ങിയതാണ്.  ഉത്പാദന സമ്പ്രദായമാണ് സാമൂഹിക, സാംസ്‌കാരിക പുരോഗതി നിര്‍ണയിക്കുന്നതെന്ന നിഗമനവും അശാസ്ത്രീയമാണ്. കാരണം മറ്റു ഘടകങ്ങളും സമൂഹത്തിന്റെ വളര്‍ച്ചക്ക് പ്രേരകമായി വര്‍ത്തിക്കുന്നുണ്ട്. വളരെ യാഥാസ്ഥിതികമായ ചരിത്രസമീപനമാണ് മാര്‍ക്‌സിന്റേത്. ഭൗതികഘടകത്തെ ചരിത്രഗമനത്തില്‍ ഒരേയൊരു പ്രേരകശക്തിയായി ഉയര്‍ത്തിക്കാട്ടിയതാണ് മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ പ്രധാന ദൗര്‍ബല്യം. 

Feedback