Skip to main content

ത്വക്ക്, മസ്തിഷ്‌കം, നാഡികള്‍

ത്വക്ക്


മനുഷ്യന്റെ ത്വക്കില്‍ നിരവധി സ്വേദഗ്രന്ഥികളുണ്ട്. ചുരുണ്ട് മടങ്ങിക്കിടക്കുന്നതു പോലുള്ള, ചെറിയ സുഷിരങ്ങളുള്ള (സ്വേദരന്ധ്രങ്ങള്‍) ഈ ഗ്രന്ഥികള്‍ ത്വക്കിന്റെ ഉപരിതലത്തിലേക്കാണ് തുറക്കുന്നത്. സ്വേദഗ്രന്ഥികള്‍ക്ക് ചുറ്റുമുള്ള ലോമികകളാണ് രക്തത്തില്‍ നിന്ന് ചെറിയതോതില്‍ ജലവും മാലിന്യവും വേര്‍തിരിച്ച് വിയര്‍പ്പായി പുറന്തള്ളുന്നത്. ശരീരത്തില്‍ നിന്ന് താപം സ്വീകരിച്ച് ബാഷ്പമാക്കി മാറ്റുന്ന വിയര്‍പ്പ് ഇല്ലാത്തപക്ഷം ചൂടുകൊണ്ട് മനുഷ്യന് ജീവിക്കാന്‍ കഴിയാതെ വരുമായിരുന്നു.

മസ്തിഷ്‌കം, നാഡികള്‍

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അത്ഭുത പ്രതിഭാസമാണ് മസ്തിഷ്‌കം. അസ്ഥീപേശീ ചലനം, ദഹനം, ശ്വാസോച്ഛ്വാസം, രക്തപര്യയനം, വിസര്‍ജ്ജനം എന്നീ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി നടക്കുന്നതും അവയുടെ പ്രശ്‌നങ്ങള്‍ മസ്തിഷ്‌കത്തിലെത്തുമ്പോള്‍ അപ്പപ്പോള്‍ പരിഹരിച്ചു വിടുന്നതും ബാഹ്യമായ സന്ദേശങ്ങളെ അപഗ്രഥിക്കുന്നതുമെല്ലാം മസ്തിഷ്‌കമാണ്. ഈ മസ്തിഷ്‌കമാണ് പരശ്ശതം കോടി ജീവജാലങ്ങളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നത്.

''അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് പുറത്തേക്ക് കൊണ്ടു വന്നു. നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അവന്‍ നിങ്ങള്‍ക്ക് കര്‍ണങ്ങള്‍ തന്നു. കണ്ണുകള്‍ തന്നു. ചിന്താശക്തിയുള്ള മനസ്സുകളും തന്നു. നിങ്ങള്‍ നന്ദിയുള്ളവരാകേണ്ടതിന്'' (വി.ഖുര്‍ആന്‍ 16:78).

ശരാശരി മനുഷ്യ മസ്തിഷ്‌കത്തിന് 1400 ഗ്രാം ഭാരമുണ്ടാകും. പതിനായിരം കോടി നാഡികള്‍ (ന്യൂറോണുകള്‍) വ്യവസ്ഥാപിതവും അതിസൂക്ഷ്മവും നിഗൂഢവുമായി അടുക്കി വച്ച അതിവൈദഗ്ധ്യമുള്ള യന്ത്രമാണ് മനുഷ്യമസ്തിഷ്‌കം. തലയോട് (സ്‌കള്‍) അല്ലെങ്കില്‍ കപാലം (ക്രേനിയം) എന്നറിയപ്പെടുന്ന അസ്ഥിപേടകത്തിനുള്ളില്‍ അതിഭദ്രമായി സൂക്ഷിക്കപ്പെട്ടി രിക്കയാണത്. ഇവയെ പൊതിഞ്ഞിരിക്കുന്ന മെനിഞ്ജസ് എന്ന സ്ഥരപാളികള്‍ മസ്തിഷ്‌കത്തെ ബാഹ്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. മെനിഞ്ജസിലെ രക്തലോമികകള്‍ വഴിയാണ് മസ്തിഷ്‌കത്തിന് രക്തവും ഓക്‌സിജനും ലഭിക്കുന്നത്. സെറിബ്രം, സെറിബല്ലം, ഹൈപോതലാമസ്, മെഡുല്ല ഒബ്ലംഗേറ്റ എന്നിവയാണ് മസ്തിഷ്‌കത്തിന്റെ പ്രധാനഭാഗങ്ങള്‍.


 

Feedback