Skip to main content

ഹൈപോ തലാമസ്, സെറിബല്ലം, മെഡുല്ല ഒബ്ലാംഗേറ്റ, സുഷുംന

ഹൈപോ തലാമസ്

വിശപ്പ്, ദാഹം, ലൈംഗികാസക്തി, സുഖാനുഭൂതി എന്നിവയുണ്ടാക്കുന്നത് ഹൈപ്പോതലാമസ് ആണ്. ശാരിരിക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ഹോര്‍മോണുകള്‍ അപ്പപ്പോള്‍ ഉത്പാദിപ്പിക്കുമ്പോള്‍ ശരീര കലകള്‍ക്ക് നിര്‍ദേശം ലഭിക്കുന്നത് ഹൈപ്പോതലാമസില്‍ നിന്നാണ്. ഇതിനു പുറമെ ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന വാസോപ്രസിന്‍, ഓക്‌സിറ്റോസിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ സമാഹരിക്കുന്നു. 


    
സെറിബല്ലം

മനുഷ്യശരീരത്തിലെ അസ്ഥികളെയും പേശികളെയും കൃത്യമായ കണക്കനുസരിച്ച് ചലിപ്പിക്കുന്നത് സെറിബല്ലമാണ്. തല ചൊറിയുമ്പോള്‍ അത് അടിയായി മാറാതിരിക്കുകയും വെള്ളം ചുണ്ടോട് ചേര്‍ക്കുമ്പോള്‍ അതു തുളുമ്പാതിരിക്കാന്‍ ശ്രദ്ധിക്കുന്നതുമെല്ലാം സെറിബല്ലത്തില്‍ നിന്നു വരുന്ന സന്ദേശങ്ങളുടെ ഫലമായാണ്. 

മെഡുല്ല ഒബ്ലാംഗേറ്റ

മനുഷ്യന്‍ എത്ര തന്നെ മേനി നടിച്ചാലും അവന്റെ ഇംഗിതമോ ആഗ്രഹമോ വകവയ്ക്കാതെയാണ് ശരീരത്തിലെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം, ദഹനം തുടങ്ങിയവയെല്ലാം നടക്കാന്‍ വേണ്ട സന്ദേശങ്ങള്‍ മുഴുവനും ലഭിക്കുന്നത് മെഡുല്ല  ഒബ്ലാംഗേറ്റയില്‍ നിന്നാണ്. ഇതിനു തകരാറു സംഭവിക്കുന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുകയും ചെയ്യും.

സുഷുംന

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും മസ്തിഷ്‌കത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ എത്തിക്കുന്ന  നാഡികളുടെ പ്രധാന മസ്തിഷ്‌കസന്ധിയാണ് മനുഷ്യന്റെ നട്ടെല്ലിന്റെ കുഴലിലൂടെ പോകുന്ന സുഷുംന നാഡി (സ്‌പൈനല്‍ കോഡ്). നാഡീ കലകളിലെ ആക്‌സോണ്‍, ഡെന്‍ഡ്രോണ്‍ കലകളുടെ സന്ദേശവിനിമയത്തിലൂടെയാണ് മസ്തിഷ്‌കസന്ദേശം അവയവങ്ങളിലെത്തുന്നത്. സുഷുംന നാഡിക്ക് കേടു സംഭവിച്ചാല്‍ കഴുത്തുവരെ കുഴഞ്ഞ് ദീര്‍ഘകാലം കിടക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകും.

Feedback