Skip to main content

അല്‍ ഖാലിഖ്

‘സൃഷ്ടി' എന്നത് ദൈവികമായ ഒരു ഗുണമാണ്. പ്രപഞ്ചത്തില്‍ അല്ലാഹു സൃഷ്ടിച്ചു വെച്ച വസ്തുക്കളെ മാറ്റങ്ങള്‍ക്ക് വിധേയമാക്കാന്‍ മാത്രമേ മനുഷ്യന് സാധിക്കുകയുള്ളു, ശുദ്ധ ശൂന്യതയില്‍ നിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചവന്‍ അല്ലാഹുവാണ്. മരത്തെ സൃഷ്ടിക്കാന്‍ ആശാരിക്ക് കഴിയില്ല. അല്ലാഹു സൃഷ്ടിച്ച മരത്തില്‍ ആശാരി തന്റെ കരവിരുതുകള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മേശയും മറ്റു ഫര്‍ണിച്ചര്‍ സാധനങ്ങളുമൊക്കെ ആയിത്തീരുന്നത്. ഇതു തന്നെയാണ് സചേതനങ്ങളും അചേതനങ്ങളുമായ സകലവസ്തുക്കളുടേയും അവസ്ഥ ശൂന്യതയില്‍ നിന്ന് ഒന്നും സൃഷ്ടിക്കാന്‍ സൃഷ്ടികള്‍ക്ക് കഴിയില്ല അങ്ങനെ സൃഷ്ടിക്കാന്‍ കഴിവുള്ളവന്‍ അല്ലാഹുമാത്രമാണ്. അല്ലഹു പറയുന്നു: ‘‘തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല”(22:73). ‘‘ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്(ഖുര്‍ആന്‍)’’ (20:4).

മനുഷ്യസൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശുദ്ധഖുര്‍ആന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നത് അല്ലാഹുവിന്റെ സൃഷ്ടിവൈഭവം ഗ്രഹിക്കാനും അവനില്‍ ദൃഢവിശ്വാസം ഉളവാകുവാനും ഇത് ഉപകരിക്കുന്നു എന്നാണ്. ആകാശഭൂമികളുടെ സൃഷ്ടിപ്പ്, സൂര്യചന്ദ്ര, നക്ഷത്രാദികള്‍, കന്നുകാലികള്‍, വെള്ളം, ധാന്യവിളകള്‍, പഴവര്‍ഗങ്ങള്‍, കടല്‍, കാറ്റ്, തിരമാലകള്‍, പര്‍വതങ്ങള്‍, ഇടതൂര്‍ന്ന തോട്ടങ്ങള്‍ ഇവയുടെയൊക്കെ സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലേക്ക് മനുഷ്യന്റെ ചിന്തയെ അല്ലാഹു ക്ഷണിക്കുന്നു.

അല്ലാഹുവെന്ന സ്രഷ്ടാവിനെ പരിചയപ്പെടുത്താന്‍ വിശുദ്ധഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിച്ചിരിക്കുന്ന പദങ്ങള്‍ ഖാലിഖ്(സ്രഷ്ടാവ്), ബദീഅ്(ശൂന്യതയില്‍ നിന്ന് മുന്‍ മാതൃകയില്ലാതെ നിര്‍മിക്കുന്നവന്‍), അല്‍ബാരിഅ്(കര്‍ത്താവ്), അല്‍ മുസ്വവ്വിര്‍(രൂപകല്പന നടത്തുന്നവന്‍) എന്നിവയാണ്.

അല്ലാഹുവിനെ പ്രപഞ്ചത്തിന്റെ കേവലമായ ഒരു നിമിത്തമായിട്ടല്ല ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. പ്രത്യുത പ്രപഞ്ചത്തിന്റെ സൃഷ്ടിയും പരിപാലനവുമെല്ലാം അല്ലാഹുവിന്റെ തീരുമാനത്തിനും ഇച്ഛക്കും വിധേയമായിട്ടാണ് നടക്കുന്നത് എന്നാണ്. അല്ലാഹു പറയുന്നു: ‘‘താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയുക മാത്രമാകുന്നു അവന്റെ കാര്യം അപ്പോഴതാ അതുണ്ടാകുന്നു’’(36:82). ‘‘തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു’’(22:14).

Feedback