Skip to main content

കോശം

ജന്തുശരീരത്തിലെ ഏറ്റവും ചെറിയ യൂണിറ്റാണ് കോശം. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യനില്‍ 60 ലക്ഷം കോടി കോശങ്ങളുണ്ടെന്നാണ് കണക്ക്. അതിസൂക്ഷ്മമായ ഒരു കോശത്തിനു പോലും അതിവിസ്മയകരമായ ഒരു ലോകമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഒരു കോശത്തില്‍ 23 ജോഡി ക്രോമസോമുകളുണ്ട്. ഇവ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഡിയോക്‌സി റൈബോ ന്യൂക്ലിക് ആസിഡ് അഥവാ ഡി എന്‍ എ എന്ന പദാര്‍ഥം കൊണ്ടാണ്. ഒരു ഡി എന്‍ എയില്‍ ആയിരക്കണക്കിന് ജീനുകളുണ്ട്. ഈ ജീനുകളെക്കുറിച്ച് പഠിച്ച് ആരോഗ്യ പുരോഗതിക്കുപയുക്തമാക്കുന്ന പദ്ധതിയാണ് ജീനോം പദ്ധതി. ഒരു പിരിയന്‍ ഗോവണിയുടെ ആകൃതിയിലുള്ള ഡിഎന്‍എ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഒരു പഞ്ചസാര ഫോസ്‌ഫേറ്റ് ഗ്രൂപ്പ്, രണ്ട് നൈട്രജന്‍ ബേസുകള്‍ എന്നിവ ചേര്‍ന്നാണ്. ഇവ മൂന്നും ചേര്‍ന്നുള്ള ന്യൂക്ലിയോടൈഡുകളാണ് ജീവന് അടിസ്ഥാനം, അഥവാ അചേതന രാസവസ്തുക്കളാണ് ജീവന്റെ ഉറവിടമെന്നാണ് ശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിലെ നൈട്രജന്‍ ബേസുകളായ അഡിനിന്‍, തൈമിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍ (എ ടി ജി സി) എന്നീ രാസവസ്തുക്കളാണ് ഡി എന്‍ എയുടെ അടിസ്ഥാന ഘടകങ്ങള്‍. ഇവയുടെ ക്രമീകരണം മനസ്സിലാക്കുന്നതിലൂടെ മനുഷ്യന്റെ സ്വഭാവസവിശേഷതകളുടെ അടിസ്ഥാനം കണ്ടെത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 

കോടികള്‍ മുടക്കിയുള്ള പരീക്ഷണങ്ങള്‍ കൊണ്ട് ശാസ്ത്രം, നിലവിലുള്ള പ്രപഞ്ച രഹസ്യങ്ങളും സൃഷ്ടിരഹസ്യങ്ങളും കണ്ടെത്തുക മാത്രമാണ് ചെയ്യുന്നതെന്നതാണ് വസ്തുത. ഡി എന്‍ എയിലെ അത്യതിസൂക്ഷ്മമായ അക്ഷരവിന്യാസങ്ങളില്‍ വരെ ഇത്രമാത്രം അതികൃത്യതയുണ്ടെങ്കില്‍ ജീനോം പദ്ധതി ഒരര്‍ഥത്തില്‍ അല്ലാഹുവിന്റെ അലംഘനീയമായ കഴിവുകളെ ശാസ്ത്രീയ വെളിച്ചത്തില്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതെന്നു പറയാം.


“മനുഷ്യനു മേല്‍ അവന്‍ പ്രസ്താവയോഗ്യമായ വസ്തുവേ അല്ലാതിരുന്ന ഒരു കാലഘട്ടം കടന്നുപോയിട്ടില്ലയോ? ഈ മനുഷ്യനെ നാം മിശ്രിതമായ ശുക്ലത്തില്‍ നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനു വേണ്ടി. ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴികാട്ടിക്കൊടുത്തു. അവന്‍ നന്ദിയുള്ളവനാകാം, നന്ദി കെട്ടവനുമാകാം” (വി. ഖുര്‍ആന്‍ 76:1-3).

Feedback