Skip to main content

ഹൃദയം

മനുഷ്യാത്മാവിന്റെ സിംഹാസനമായി കണക്കാക്കുന്ന രക്തപര്യയന വ്യൂഹത്തിലെ കേന്ദ്രാവയവമാണ് ഹൃദയം. രക്തപര്യയന വ്യവസ്ഥയുടെയും ശരീരത്തിന്റെ തന്നെയും പവര്‍‌സ്റ്റേഷനാണ് ഹൃദയം. രണ്ടു ശ്വാസകോശങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഹൃദയത്തിന് ഒരാളുടെ മുഷ്ടിയോളം വലിപ്പമുണ്ട്. നാലു അറകളുള്ള ഒരു പമ്പിനോട് ഹൃദയത്തെ ഉപമിക്കാം. മുകളില്‍ രണ്ട് ഓറിക്കിള്‍, താഴെ രണ്ട് വെന്‍ട്രിക്കിള്‍. ഓക്‌സിജന്‍ ഇല്ലാത്തതും കാര്‍ബണ്‍ ഡയോക്‌സൈഡ് കൂടിയതുമായ രക്തം ശരീരത്തിന്റെ നാനാഭാഗത്തുനിന്നും രണ്ടു മഹാസിരകള്‍ വഴി വലത്തെ ഓറിക്കിളിലേക്ക് ഒഴുകുന്നു. അല്പസമയം കൊണ്ട് അത് നിറയുമ്പോള്‍ വലത്തെ വെന്‍ട്രിക്കിളിലേക്കുള്ള ത്രിദള വാല്‍വ് (ട്രിക്യുപിഡ് വാല്‍വ്) തുറക്കുന്നു. അത് നിറഞ്ഞശേഷം വെന്‍ട്രിക്കിള്‍ സങ്കോചിക്കുകയും അതിലെ രക്തം ശ്വാസകോശധമനി (പള്‍മണറി ആര്‍ട്ടറി) വഴി ശ്വാസകോശത്തിലേക്ക് പ്രവഹിക്കുകയും ചെയ്യന്നു. അവിടെ വച്ച് വാതകവിനിമയം നടക്കുകയും ഓക്‌സിജനീകരിക്കപ്പെട്ട രക്തം നാലു സിരകള്‍ വഴി ഇടത്തേ ഓറിക്കിളില്‍ വന്ന് നിറയുകയും ചെയ്യും. ഇത് സങ്കോചിക്കുമ്പോള്‍ ഓറിക്കിള്‍-വെന്‍ട്രിക്കിള്‍ വാല്‍വ് വഴി രക്തം ഇടത്തെ വെന്‍ട്രിക്കിളിലേക്ക് ഒഴുകുന്നു. ഇടത്തെ വെന്‍ട്രിക്ക്ള്‍ നിറയുമ്പോള്‍ അത് സങ്കോചിക്കുകയും രക്തം മുഴുവന്‍ അയാര്‍ട്ടയിലേക്ക് ഒഴുകുകയും ചെയ്യുന്നു. ഇടതു വലതു ഓറിക്കിളും വെന്‍ട്രിക്കിളും സങ്കോചിക്കുന്നത് ഒരേ സമയത്താണ്. ഇടത്തെ വെന്‍ട്രിക്കിളില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന രക്തം ധമനികള്‍ വഴി ശരീരത്തിലെ കോടിക്കണക്കായ കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിച്ചുകൊടുക്കുകയും കോശങ്ങളില്‍ നിന്ന് കോശശ്വസനത്തിന് ശേഷം സ്വതന്ത്രമാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് സ്വതന്ത്രമാക്കി ശ്വാസകോശത്തിലെത്തിക്കുന്ന ജോലിയും ഹൃദയവും രക്തവും  ചെയ്തുകൊണ്ടിരിക്കുന്നു.

മസ്തിഷ്‌കമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെങ്കിലും ഹൃദയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഒരു സ്വയംഭരണാവകാശം (ഓട്ടോണമി) ഹൃദയത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. കാര്‍ബണ്‍ ഡയോക്‌സൈഡ് നിറഞ്ഞ അശുദ്ധരക്തത്തെ എത്തിക്കുന്ന സിരകളെയും (വെയ്ന്‍സ്) ഹൃദയത്തില്‍ നിന്ന് ശുദ്ധീകരിക്കപ്പെട്ട രക്തം കോശങ്ങളിലെത്തിച്ചു കൊടുക്കുന്ന ധമനികളെയും യോജിപ്പിക്കുന്ന ചെറിയ കുഴലുകളാണ് കാപ്പിലറീസ് അഥവാ ലോമികകള്‍. സാധാരണഗതിയില്‍ ഹൃദയം ഒരു മിനുട്ടിനുള്ളില്‍ 72 തവണ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നു. 22 ദിവസം പ്രായമായതു മുതല്‍ മരണം വരെ മനുഷ്യന്റെ ഹൃദയം അല്ലാഹു നിശ്ചയിച്ച താളത്തില്‍ മിടിച്ചുകൊണ്ടേയിരിക്കുന്നു.
 

Feedback
  • Thursday Apr 25, 2024
  • Shawwal 16 1445