Skip to main content

വിസര്‍ജന വ്യവസ്ഥ

ഒരു ഫാക്ടറി കണക്കെ പ്രവര്‍ത്തിക്കുന്ന മനുഷ്യശരീരത്തിലെ വിസര്‍ജന വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകള്‍(കിഡ്‌നി). അമര വിത്തിന്റെ ആകൃതിയില്‍ ഇരുണ്ട ചുവപ്പു നിറത്തോടെ നട്ടെല്ലിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഒരു ജോഡി അവയവങ്ങളാണ് കിഡ്‌നികള്‍. ഓരോ വൃക്കയുടെയും മധ്യഭാഗത്തുനിന്ന് മൂത്രവാഹിനി കുഴല്‍ പുറപ്പെടുന്നു. ഉദരാശയത്തിന്റെ അടിഭാഗത്തുള്ള മൂത്രാശയത്തിലേക്ക് മൂത്രം വഹിച്ചു കൊണ്ടുവരുന്നത് ഈ കുഴലുകളാണ്. മൂത്രനാളം വഴിയാണ് വൃക്കകള്‍ അരിച്ചെടുക്കുന്ന വിസര്‍ജ്ജ്യവസ്തുവായ മൂത്രം പുറത്തുപോകുന്നത്. മഹാധമനിയുടെ ഒരു ശാഖയായ വൃക്കാ ധമനി (റീനല്‍ ആര്‍ട്ടറി) വഴിയാണ് വൃക്കയില്‍ രക്തം പ്രവേശിക്കുന്നത്. ഈ ധമനി വൃക്കക്കുള്ളില്‍ നിരവധി ലോമികകളായി പിരിയുന്നു. ഈ ലോമികാ സഞ്ചയത്തിലൂടെ ഒഴുകുന്ന രക്തം വൃക്കാ സിര വഴി ഇന്‍ഫീരിയര്‍ വെനാകാവയില്‍ എത്തുന്നു. 

വൃക്കയിലെ പ്രത്യേക ആകൃതിയിലുള്ള കുഴലുകളാണ് നെഫ്രോണുകള്‍ അഥവാ വൃക്കനാളികള്‍. വൃക്കകളിലെ ലോമികാ സഞ്ചയത്തിലൂടെ രക്തം പ്രവഹിക്കുമ്പോള്‍ ഈ നെഫ്രോണ്‍ അരിപ്പകള്‍ രക്തത്തില്‍ നിന്ന് മൂത്രം വേര്‍തിരിക്കുന്നു. അതിസൂക്ഷ്മവും സങ്കീര്‍ണവുമായ പ്രക്രിയയിലൂടെ രക്തത്തെ അരിച്ച് ആവശ്യമായ അമിനോ ആസിഡോ ഗ്ലൂക്കോസോ വിസര്‍ജ്യത്തില്‍ പെടുമ്പോള്‍ വീണ്ടും അരിക്കല്‍ പ്രക്രിയ നടത്തിയാണ് മൂത്രം വേര്‍തിരിക്കപ്പെടുന്നത്. മൂത്രത്തില്‍ 95 ശതമാനം ജലവും അഞ്ചു ശതമാനം യൂറിയ, യൂറിക്കാസിഡ് തുടങ്ങിയ ലവണങ്ങളുമാണ്. വിയര്‍പ്പ്, മലം എന്നിവയിലൂടെ നഷ്ടപ്പെടുന്ന ജലത്തിന്റെ കണക്കനുസരിച്ച് ആന്റി ഡയൂററ്റിക് ഹോര്‍മോണിന്റെ (എ ഡി എച്ച്) സന്ദേശഫലമായാണ് വൃക്കകള്‍ ജല ആഗിരണ തോത് നിയന്ത്രിക്കുന്നത്. മനുഷ്യശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തെ മാത്രമെടുത്തു പരിശോധിച്ചാലും അതിന്റെ സങ്കീര്‍ണതയും സൂക്ഷ്മതയും മഹാനായ ഒരു സംവിധായകന്റെ, അല്ലാഹുവിന്റെ അസ്ഥിത്വത്തിന്റെ മികച്ച ദൃഷ്ടാന്തമാകും.


 

Feedback