Skip to main content

ഇഖ്‌ശൈദി ഭരണകൂടം

ത്വുലൂനി-ഫാത്വിമി ഭരണകൂടങ്ങള്‍ക്കിടയില്‍ ഈജിപ്ത് കേന്ദ്രമായി നിലനിന്ന ഭരണമാണ് ഇഖ്‌ശൈദികളുടേത്(ക്രി. 935-969). അബ്ബാസീ ഭരണത്തിന് കീഴിലായിരുന്ന ഈജിപ്തില്‍ മുഹമ്മദുബ്‌നു തുഗ്ജ് അല്‍ ഇഖ്‌ശൈദി ക്രി. 935ലാണ് ഈ ഭരണകൂടത്തിന് തുടക്കമിട്ടത്. അബ്ബാസീ ഖിലാഫത്തിന് കീഴിലെ സ്വതന്ത്ര ഭരണകൂടമായതിനാല്‍ വാലി (ഗവര്‍ണര്‍) എന്ന പേരാണ് ഭരണാധികാരികള്‍ സ്വീകരിച്ചത്.

അബ്ബാസികളുടെയും ത്വൂലൂനികളുടെയും സൈന്യത്തില്‍ ജനറലായിരുന്ന തുര്‍ക്കി വംശജന്‍ തുഗ്ജ്ഇബ്‌നുജഫിന്റെ മകനാണ് മുഹമ്മദ്. ക്രി. 882ല്‍ ജനനം. പിതാവിന്റെ കൂടെ സൈനിക സേവനം നടത്തുകയും ഈജിപ്തില്‍ ഗവര്‍ണറുടെ കീഴില്‍ ജോലി ചെയ്യുകയും ചെയ്തിരുന്നു.

ക്രി. 935ലാണ് അബ്ബാസി ഖലീഫ റാദീ ബില്ലാഹ് ഇബ്‌നുതുഗ്ജിനെ ഗവര്‍ണറായി നിയമിച്ചത്. 938ലാണ് അദ്ദേഹം  ഇഖ്‌ശൈദി എന്ന് പേര് ഭരണകൂടത്തിന് നല്‍കിയത്. പതിനൊന്ന് വര്‍ഷമാണ് മുഹമ്മദുബ്‌നു തുഗ്ജിന്റെ ഭരണകാലം ക്രി. 946ല്‍ നിര്യാതനായി.

ശക്തമായ ഭരണത്തിന് അടിത്തറയിട്ട് മുഹമ്മദ് മരിക്കുമ്പോള്‍ ഈജിപ്തിനു പുറമെ സിറിയ, ഹിജാസിന്റെ ചില ഭാഗങ്ങള്‍ എന്നിവയും ഇഖ്‌ശൈദി ഭരണത്തിന് കീഴിലായിരുന്നു. എന്നാല്‍ ശേഷം ഭരണമേറ്റ മകന്‍ ഖാസിം ഉനൂജൂര്‍ പതിനാലു വയസ്സുകാരനായിരുന്നു. ഉനൂജൂറിനെ ഭരണത്തില്‍ സഹായിച്ചിരുന്നത് കാഫൂര്‍ ഇഖ്‌ശൈദിയായിരുന്നു. പിന്നീട് വര്‍ഷത്തില്‍ 40,000 ദീനാര്‍ ഉനൂജൂറിന് ശമ്പളമായി നല്‍കി കാഫൂര്‍ തന്നെ ഭരണം കൈയാളി.

കൗമാരപ്രായം പിന്നിട്ട ഉനൂജൂര്‍ ഭരണം തിരിച്ചു പിടിക്കാന്‍ ശ്രമം നടത്തി. ഒടുവില്‍ കാഫൂറുമായി സന്ധിയിലെത്തുകയായിരുന്നു. ക്രി. 960ല്‍ ഉനൂജൂര്‍ നിര്യാതനായി.

മുഹമ്മദുബ്‌നു തുഗ്ജിന്റെ മറ്റൊരു പുത്രനായ അബുല്‍ ഹസന്‍ അലിയാണ് പിന്നീട് വാലിയായത്. 13 വയസ്സ് മാത്രം പ്രായമുള്ള അബുല്‍ ഹസന്‍ അലിയുടെ അവസ്ഥയും സഹോദരന്റെതു പോലെത്തന്നെയായിരുന്നു. ശമ്പളം നിശ്ചയിച്ച് കാഫൂര്‍ തന്നെ ഭരണം കൈയാളി. മാത്രമല്ല കൊട്ടാരത്തടങ്കലിലെന്നവിധമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. രണ്ടു വര്‍ഷം മാത്രം  പദവിയില്‍ ഇരുന്ന് അബുല്‍ഹസനും നിര്യാതനായി, ക്രി. 966ല്‍.

പിന്നീട് കാഫൂര്‍ തന്നെയാണ് ഭരണമേറ്റത്. എത്യോപ്യന്‍ അടിമയായിരുന്ന അബുല്‍മിസ്‌ക് കാഫൂര്‍ (905-968) ഇഖ്‌ശൈദി ഭരണകൂട സ്ഥാപകന്‍ മുഹമ്മദുബ്‌നു തുഗ്ജിന്റെ വിശ്വസ്ത സേവകനായിരുന്നു. സാഹിത്യത്തോട്  അദമ്യമായ അടുപ്പം കാണിച്ച കാഫൂര്‍ രണ്ടുവര്‍ഷം മാത്രമേ സ്വതന്ത്ര ഭരണാധികാരി എന്ന നിലയില്‍ ഭരണം നടത്തിയുള്ളൂ. ക്രി. 968ല്‍ നിര്യാതനായി.

അബുല്‍ ഹസന്‍ അലിയുടെ മകന്‍ അബുല്‍ ഫവാരിസ് അഹ്‌മദ്‌  എന്ന പതിനൊന്നുകാരനായിരുന്നു ഇഖ്‌ശൈദി ഭരണത്തിലെ അവസാന ഭരണാധികാരി. 968ല്‍ ഭരണമേറ്റ അബുല്‍ ഫാരിസിന്റെ കാലത്ത് ഈജിപ്ത് വന്‍ ക്ഷാമവും വരള്‍ച്ചയും അനുഭവിച്ചു. ഇത് മുതലെടുത്ത് ഫാത്വിമികള്‍ ഈജിപ്ത് തിരിച്ചുപിടിച്ചു. അതോടെ 969ല്‍ ഇഖ്‌ശൈദി ഭരണത്തിന് അന്ത്യവുമായി.


 

Feedback