Skip to main content

ജാമിഅ: മില്ലിയ്യ ഇസ്‌ലാമിയ്യ

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍, ഇന്ത്യയിലെ ദേശീയ മുസ്‌ലിം നേതാക്കള്‍ സ്ഥാപിച്ചെടുത്തതാണ് ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ഡല്‍ഹി. ആരാണ് സ്ഥാപകന്‍ എന്ന ചോദ്യത്തിന് ഒറ്റപ്പേരുള്ള ഉത്തരമില്ല. മറിച്ച് ഒരുകൂട്ടം നിസ്വാര്‍ത്ഥരായ നേതാക്കളുടെ ത്യാഗത്തിന്റെയും ഇഛാശക്തിയുടെയും അധ്വാനഫലമാണ് ഈ സ്ഥാപനം.

ഒരു ചെറിയ സ്ഥാപനമായി തുടങ്ങി, പതിയെപ്പതിയെ ഉയര്‍ന്നു പൊങ്ങിയ ചരിത്രമാണ് ജാമിഅ: മില്ലിയ്യയുടേത്. ആ വളര്‍ച്ചയുടെ പാതയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. എല്ലാ പിന്തിരിപ്പന്‍ വാദങ്ങളെയും യുക്തിപൂര്‍വം നേരിടുകയും പൗരോഹിത്യത്തിന്റെ മര്‍ക്കടമുഷ്ടിയെ തെളിവുകളാല്‍ തകര്‍ക്കുകയും ചെയ്ത് എതിര്‍പ്പിന്റെ പാതകളെ സമര്‍ത്ഥമായി തരണം ചെയ്താണ് 'ജാമിഅ മില്ലിയ്യ' അതിന്റെ ലക്ഷ്യങ്ങളിലേക്ക് മുന്നോട്ടുപോയത്.

1920-ലാണ് സ്ഥാപനത്തിന്റെ ആരംഭം. വളരെ ചെറിയ വിദ്യാലയമായി  തുടങ്ങിയ ജാമിഅ, നീണ്ട 68 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കേന്ദ്ര സര്‍വകലാശാലയായി ഉയരുന്നത്. ദക്ഷിണ ഡല്‍ഹിയില്‍ നിലകൊള്ളുന്ന ഏഴു പതിറ്റാണ്ടോളം പഴക്കമുള്ള ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രമായിട്ടുപോലും, കേന്ദ്രത്തിന്റെ ഒരു അംഗീകൃത സര്‍വകലാശാലയായി മാറാന്‍ ഇത്ര താമസമെടുത്തു എന്നത് തന്നെ സ്ഥാപനം നേരിട്ട അവഗണനയുടെ ബാക്കി പത്രമാണ്. 1988-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്ട് പ്രകാരമാണ് ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. പ്രീ ഡിഗ്രി, ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി (P.G) തുടങ്ങിയ ഉന്നത പഠനത്തിന്റെ എല്ലാ മേഖലകളും സജീവമായിട്ടുള്ള ഈ സ്ഥാപനത്തില്‍ നിന്ന് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇതിനോടകം പുറത്തിറങ്ങി.

2006-ല്‍ സുഊദി രാജാവ് സ്ഥാപനം സന്ദര്‍ശിക്കുകയും മുപ്പത് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുകയും ചെയ്തത് ജാമിഅയുടെ ചരിത്രത്തിലെ വലിയ വഴിത്തിരിവായിരുന്നു. ലൈബ്രറിക്ക് വേണ്ടിയാണ് അത്രയും തുക രാജാവ് അനുവദിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ലൈബ്രറിയായി കണക്കാക്കുന്ന 'സാക്കിര്‍ ഹുസൈന്‍ ലൈബ്രറി'യില്‍ എല്ലാ ഇനത്തിലുംപെട്ട മികച്ച പുസ്തകങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും പുറമെ നിരവധി കൈയെഴുത്തു പ്രതികളും വിവിധ ഭാഷാ ഗ്രന്ഥങ്ങളുമുണ്ട്. 

അറിവിനും പഠനത്തിനും പുറമെ കായിക മേഖലയിലും മുന്നില്‍ നില്‍ക്കുന്ന സ്ഥാപനത്തിന് സ്വന്തമായി ക്രിക്കറ്റ് ഗ്രൗണ്ടും സ്റ്റേഡിയവുമുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ജി മത്സരങ്ങളും വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റും അവിടെ നടന്നുവരുന്നു.

Ranking

·    ഇന്ത്യ- 69
·    ലോകറാങ്ക്- 4069

ഒറ്റനോട്ടത്തില്‍

·    സ്ഥാപിതം 1920
·    ആപ്തവാക്യം- മനുഷ്യന് അറിയാത്തത് അവനെ പഠിപ്പിച്ച (നാഥന്‍)
·    ലൊക്കേഷന്‍ ന്യൂഡല്‍ഹി
·    അഫിലിയേഷന്‍ UGC, NAAC, AIU
·    website jmi.ac.in

Feedback
  • Friday Apr 26, 2024
  • Shawwal 17 1445