Skip to main content

ഹംദര്‍ദ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി

ഒരു ചെറിയ യൂനാനി ക്ലിനിക്ക് ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു സ്ഥാപനമായി മാറിയ നേട്ടത്തിന്റെ ചരിത്രമാണ് ഹംദര്‍ദിന് പറയാനുള്ളത്. ഹകീം അബ്ദുല്‍ ഹമീദ് ആണ് ഹംദര്‍ദിന്റെ സ്ഥാപകന്‍. എന്നാല്‍ തന്റെ പിതാവായിരുന്ന ഹകീം ഹാഫിദ്വ് അബ്ദുല്‍ മജീദ് ആയിരുന്നു 1906-ല്‍ ആ ചെറിയ യൂനാനി ക്ലിനിക്ക് സ്ഥാപിച്ചത്. യൂനാനി ചികിത്സയെ കൂടുതല്‍ ശാസ്ത്രീയമാക്കണമെന്നും രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസമേകണമെന്നുമുള്ള ലക്ഷ്യമായിരുന്നു ഹകീം ഫാഫിദ്വ് അബ്ദുല്‍ മജീദിനുണ്ടായിരുന്നത്. തന്റെ ലക്ഷ്യത്തിന് അദ്ദേഹം നല്‍കിയ പേര്‍ ഹംദര്‍ദ് എന്നായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ ഹകീം അബ്ദുല്‍ ഹമീദ് പിതാവിന്റെ ആശയങ്ങളുമായി മുന്നിട്ടിറങ്ങി. അത് മാറ്റങ്ങളുടെ തുടക്കമായിരുന്നു.

1948 ഓഗസ്റ്റ് 28-ന് ഒരു വഖഫ് സ്വത്തായി റജിസ്റ്റര്‍ ചെയ്തു. പൊതു ജന സേവന- ആരോഗ്യ രംഗത്ത് ഇസ്‌ലാമിക അധ്യാപനങ്ങള്‍ നടപ്പിലാക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ഹംദര്‍ദ് യൂണിവേഴ്‌സിറ്റി കുതിച്ചു കയറിയത് ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കിക്കൊണ്ടാണ്. 1989-ല്‍ ഹംദര്‍ദ് ഒരു യൂണിവേഴ്‌സിറ്റിയായി അംഗീകരിക്കപ്പെടുകയും 1989  ഓഗസ്റ്റ് ഒന്നിന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി അത് നാടിന് സമര്‍പ്പിക്കുകയും ചെയ്തു. ഹക്കീം അബ്ദുല്‍ ഹമീദിന്റെ പരിശ്രമങ്ങള്‍ക്ക് അംഗീകാരമായി രണ്ട് തവണ അദ്ദേഹത്തെ തേടി ദേശീയ അവാര്‍ഡുകളെത്തി, 1965-ല്‍ പത്മശ്രീയും 1991-ല്‍ പത്മഭൂഷണും.

ഇന്ത്യക്കു പുറമെ, വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹംദര്‍ദ് അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ കാര്യത്തിലും സ്ഥാപനങ്ങള്‍ നല്കിക്കൊണ്ടി രിക്കുന്ന കോഴ്‌സുകളുടെ കാര്യത്തിലും വ്യത്യസ്തതയും പ്രത്യേകതയും നിലനിര്‍ത്തി പ്പോരുന്നു. വിദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍ നാഷ്ണല്‍ സ്റ്റുഡന്റ്‌സ് സെല്ലും ഹംദര്‍ദില്‍ പ്രവര്‍ത്തന സജ്ജമാണ്. ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് പുറമെ പല വിഷയങ്ങളിലും റിസര്‍ച്ച് സൗകര്യങ്ങളും ഹംദര്‍ദിലുണ്ട്.

ഹംദര്‍ദിലെ വിവിധ പഠന വിഭാഗങ്ങളും, ഓരോന്നിലുമുള്ള കോഴ്‌സുകളുടെ എണ്ണവും

·    ഹംദര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് (HIMSR)- 39.
·    സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ലൈഫ് സയന്‍സ്- 12.
·    സ്‌കൂള്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്- 16.
·    സ്‌കൂള്‍ ഓഫ് യൂനാനി മെഡിസിന്‍- 6.
·    സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് സയന്‍സ് ആന്‍ അലൈഡ് ഹെല്‍ത്ത്- 9.
·    സ്‌കൂള്‍ ഓഫ് ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്- 8.
·    സ്‌കൂള്‍ ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ്- 5.
·    സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസ്- 7.
·    സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി- 9.

ഒറ്റനോട്ടത്തില്‍

·    ഹംദര്‍ദ് യൂണിവേഴ്‌സിറ്റി
·    സ്ഥാപിതം 1989/ സ്ഥാപകന്‍. ഹക്കീം അബ്ദുല്‍മജീദ്
·    ലൊക്കേഷന്‍ ന്യൂ ഡല്‍ഹി
·    അഡ്രസ് മെഹര്‍അലി - ബദര്‍പുര്‍റോഡ്
o    നിയര്‍ ബത്ര ഹോസ്പിറ്റല്‍
o    ഹംദര്‍ദ് നഗര്‍, ന്യൂഡല്‍ ഹി.
         ഇന്ത്യ, 110062
·    ഫോണ്‍ +91 1126 05 9686
·    ആപ്തവാക്യം The book and wisdom.
·    Website- jamia.hamdard.edu/

 

Feedback
  • Wednesday Apr 24, 2024
  • Shawwal 15 1445