Skip to main content

ഭക്ഷണപാനീയങ്ങള്‍

സ്വര്‍ഗവാസികള്‍ക്ക് സുലഭമായ മുന്തിയ തരം ഭക്ഷണ പദാര്‍ഥങ്ങളും കൊതിയൂറുന്ന പാനീയങ്ങളും ലഭിക്കുന്നുണ്ടെന്ന് വിശുദ്ധ ഖുര്‍ആനില്‍ പല സൂക്തങ്ങളിലായി വിവരിക്കപ്പെട്ടിട്ടുണ്ട്. പഴവര്‍ഗങ്ങളും പക്ഷിമാംസവും ചിലയിനം വിശിഷ്ടമായ പാനീയങ്ങളും ആ കൂട്ടത്തിലുണ്ട്. ഇതെല്ലാം ഒരുക്കിക്കൊടുത്ത ശേഷം അല്ലാഹു അവരോട് പറയും, ''കഴിഞ്ഞുപോയ ദിവസങ്ങളില്‍ (ഈലോകത്ത്) മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക'' (69:24).

പുണ്യവാന്മാര്‍ക്ക് സ്വര്‍ഗത്തില്‍ കുടിക്കാനായി നല്‍കപ്പെടുന്ന കര്‍പ്പൂര മിശ്രിത പാനീയത്തെക്കുറിച്ച് അല്ലാഹു പറയുന്നു. ''തീര്‍ച്ചയായും പുണ്യവാന്മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. അതിന്റെ ചേരുവ കര്‍പ്പൂരമായിരിക്കും. അല്ലാഹുവിന്റെ ദാസന്മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്'' (76:5,6). കസ്തൂരികൊണ്ട് മുദ്രണം ചെയ്യപ്പെട്ട മുന്തിയ ഒരുതരം മദ്യമായ തസ്‌നീം മിശ്രിതം അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവര്‍ക്ക് സ്വര്‍ഗത്തില്‍ കുടിക്കാന്‍ കൊടുക്കുന്നതാണ് (83:25-28). തീര്‍ച്ചയായും സുകൃതവാന്മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. സോഫകളില്‍ ഇരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും. അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്റെ തിളക്കം നിനക്കറിയാം. മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഉറവുജലം. (83:22-28).

സല്‍സബീല്‍ എന്ന് പേരുള്ള ഈ ഉറവയില്‍ നിന്ന് വരുന്ന ഇഞ്ചി മിശ്രിതം സ്വര്‍ഗവാസികള്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. ''ഇഞ്ചിനീരിന്റെ മിശ്രിതമുള്ള ഒരു കോപ്പ അവര്‍ക്കവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്. അതായത് അവിടുത്തെ (സ്വര്‍ഗത്തിലെ) സല്‍സബീല്‍ എന്ന് പേരുള്ള ഒരു ഉറവയിലെ ജലം'' (76:17-18).

സ്വര്‍ഗവാസികള്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെണ്ണിയ കൂട്ടത്തില്‍ ഖുര്‍ആന്‍ പക്ഷി മാംസവും എണ്ണി യിട്ടുണ്ട്. ''അവര്‍ കൊതിക്കുന്ന പക്ഷിമാംസവും അവിടെ ലഭിക്കുന്നു'' (56:21). നബി(സ)ക്ക് സ്വര്‍ഗത്തില്‍ ലഭിക്കുന്ന അല്‍കൗസര്‍ നദിയെപ്പറ്റി പറയുന്നിടത്ത് ഒട്ടകത്തിന്റെ കഴുത്ത് പോലെ കഴുത്തുള്ള പക്ഷികളും അതിലുണ്ടാകുമെന്ന് പറയുകയുണ്ടായി (തിര്‍മിദി). ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ കടിഞ്ഞാണിട്ട ഒരു ഒട്ടകത്തെയും കൊണ്ടുവന്നിട്ട് ഒരാള്‍ പറഞ്ഞു, ഇത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനമാണ്. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: നിനക്ക് ഇതിന് പകരമായി എഴുനൂറ് ഒട്ടകങ്ങളെ പരലോകത്ത് കിട്ടും. എല്ലാം കടിഞ്ഞാണിട്ടവയായിരിക്കും (മുസ്‌ലിം).

നബി (സ) ആദ്യമായി മദീനയിലെത്തിയ സന്ദര്‍ഭത്തില്‍ അബ്ദുല്ലാഹിബ്‌നു സലാം നബി(സ)യോട് ചോദിച്ച കുറേ ചോദ്യങ്ങളുടെ കൂട്ടത്തില്‍ ഒന്ന് സ്വര്‍ഗവാസികള്‍ കഴിക്കുന്ന ആദ്യഭക്ഷണം എന്തായിരിക്കും എന്നതായിരുന്നു. നബി(സ) പറഞ്ഞു. മത്സ്യക്കരള്‍. ഇതിന് ശേഷം അവരുടെ ഭക്ഷണം എന്തായിരിക്കുമെന്ന ചോദ്യത്തിന് നബി(സ) മറുപടി നല്‍കി, സ്വര്‍ഗത്തിലെ കാളയെ അറുക്കും അതിന്റെ ഭാഗങ്ങളില്‍ നിന്നവര്‍ കഴിക്കും. സ്വര്‍ഗപാനീയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നബി (സ) പറഞ്ഞു, സല്‍സബില്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ഉറവയില്‍നിന്ന് (മുസ്‌ലിം). 

മലമൂത്ര വിസര്‍ജ്ജനം നടത്തുകയൊന്നും ചെയ്യാത്ത സ്വര്‍ഗലോകത്ത് ഇവര്‍  കഴിക്കുന്ന ആഹാരസാധനങ്ങളുടെ അവസ്ഥയെന്തായിരിക്കും എന്ന് സ്വഹാബിമാര്‍ ആരാഞ്ഞപ്പോള്‍ റസൂല്‍(സ) പറഞ്ഞു. ''കസ്തൂരി ബാഷ്പമാകുന്നത് പോലെ ഏമ്പക്കവും വിയര്‍പ്പുമായി മാറുന്നു'' (മുസ്‌ലിം).

സ്വര്‍ഗവാസികള്‍ക്ക് എല്ലാതരം പഴങ്ങളും അവിടെ സുലഭം (47:15). നിലച്ചു പോവാത്തതും തടസ്സപ്പെട്ടു പോവാത്തതുമായ ധാരാളം പഴവര്‍ഗങ്ങള്‍ അവിടെയുണ്ടാകും. (56:32, 33). സ്വര്‍ഗത്തിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൗകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു (76:14). അവര്‍ ഇഷ്ടപ്പെട്ട തെരഞ്ഞെടുക്കുന്ന രൂപത്തിലുള്ള പഴവര്‍ഗങ്ങള്‍ അവര്‍ക്ക് കഴിക്കാം. (56:20). സുരക്ഷിതത്വബോധത്തോടു കൂടി എല്ലാവിധ പഴങ്ങളും അവര്‍ അവിടെവെച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കും (44.55). ദുന്‍യാവില്‍ വെച്ച് അവര്‍ക്ക് പരിചയമുള്ളതും തീരെ പരിചയമില്ലാത്തതുമായ പഴവര്‍ഗങ്ങള്‍ അവിടെ ലഭിക്കും. അവരണ്ടിലും ഓരോ പഴവര്‍ഗത്തില്‍നിന്നുള്ള ഈ രണ്ട് ഇനങ്ങളുണ്ട് (55:52).
 

Feedback