Skip to main content

കൂടിക്കാഴ്ചകള്‍, സംഭാഷണങ്ങള്‍

പരസ്പര സമാധാനാശംസകള്‍ കൈമാറി, യാതൊരു പകയും വിദ്വേഷവും ഇല്ലാതെ ഏകോദര സഹോദരങ്ങളെപ്പോലെ നിഷ്‌കളങ്ക സ്‌നേഹം നിറഞ്ഞു തുളുമ്പുന്ന സ്വര്‍ഗീയാരാമങ്ങളില്‍ കഴിഞ്ഞുകൂടുന്ന വിശ്വാസികള്‍ തമ്മില്‍ പല സംഭാഷണങ്ങളും നടക്കുന്നു.

''പരസ്പരം പലതും ചോദിച്ചുകൊണ്ട് ചിലര്‍ ചിലരെ അഭിമുഖീകരിക്കും. അവര്‍ പറയും, തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു. അതിന് അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും രോമകൂപങ്ങളില്‍ തുളച്ചുകയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍നിന്ന് അവന്‍ നമ്മെ കാത്തു രക്ഷിക്കുകയും ചെയ്തു. തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും'' (52:25-28).

മറ്റൊരു സംഭാഷണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. ''ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞുകൊണ്ട് പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും. അവരില്‍നിന്ന് ഒരു വക്താവ് പറയും. തീര്‍ച്ചയായും എനിക്ക് ഒരു കൂട്ടുകാരുനുണ്ടായിരുന്നു. അവന്‍ പറയുമായിരുന്നു. നീ പരലോകത്തില്‍ വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ. നാം മരിച്ചിട്ട് മണ്ണില്‍ അസ്ഥിശകലങ്ങളായി കഴിഞ്ഞാലും നമുക്ക് നമ്മുടെ കര്‍മങ്ങള്‍ നല്‍കപ്പെടുമെന്നതാണോ! തുടര്‍ന്ന് ആ വക്താവ് (കൂടെയുള്ളവരോട്) പറയും. നിങ്ങള്‍ (ആ കൂട്ടുകാരനെ) എത്തിനോക്കാനുദ്ദേശിക്കുന്നുണ്ടോ? എന്ന് അദ്ദേഹം (അവരോട്) പറയും. അല്ലാഹു തന്നെയാണ് സത്യം നീ എന്നെ നാശത്തില്‍ അകപ്പെടുത്തുകതന്നെ ചെയ്‌തേക്കുമായിരുന്നു. എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ (ആ നരകത്തില്‍) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പ്പെടുമായിരുന്നു. (സ്വര്‍ഗവാസികള്‍ പറയും). നമ്മുടെ ആദ്യത്തെ മരണമല്ലാതെ ഇനി നാം മരണപ്പെടുന്നവരല്ലല്ലോ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല. തീര്‍ച്ചയായും ഇത് തന്നെയാണ് മഹത്തായ ഭാഗ്യം. ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവര്‍ത്തകന്മാര്‍ പ്രവര്‍ത്തിക്കുന്നത് (37:50-61).

സ്വര്‍ഗവാസികള്‍ നരകവാസികളോട് വിളിച്ചു ചോദിക്കുന്ന ഒരു രംഗവും ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. ''സ്വര്‍ഗാവകാശികള്‍ നരകാവകാശികളോട് വിളിച്ചു പറയും. ഞങ്ങളോട് ഞങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ യഥാര്‍ത്ഥ്യമായി കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് (നിങ്ങളോട്) വാഗ്ദാനം ചെയ്തത് നിങ്ങള്‍ യാഥാര്‍ത്ഥ്യമായി കണ്ടെത്തിയോ? അവര്‍ പറയും: 'അതെ' അപ്പോള്‍ ഒരു വിളിച്ചു പറയുന്ന ആള്‍ അവര്‍ക്കിടയില്‍ വിളിച്ചുപറയും. അല്ലാഹുവിന്റെ ശാപം അക്രമികളുടെ മേലാകുന്നു (7:44).

മതത്തെ തന്നെ പരിഹസിച്ചും ദൈവത്തെ നിഷേധിച്ചും നടന്ന അവിശ്വാസികളെ പരലോകത്ത് വിശ്വാസികള്‍ പരിഹസിക്കുന്ന മറ്റൊരു രംഗം ഖുര്‍ആന്‍ വിവരിക്കുന്നു. 'എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യ വിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കിച്ചിരിക്കുന്നതാണ്. സോഫകളില്‍ ഇരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും. സത്യനിഷേധികള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന് (83:34,35,36).

Feedback