Skip to main content

സ്വര്‍ഗകവാടങ്ങള്‍

സ്വര്‍ഗത്തിന് വാതിലുകള്‍ എട്ടെണ്ണമാണെന്നും ഓരോന്നിലൂടേയും പ്രവേശിക്കുന്നവര്‍ അവരവരുടെ കര്‍മങ്ങള്‍ക്കനുസരിച്ച് സ്ഥാനവ്യത്യാസമുള്ളവരായിരിക്കുമെന്നും നബി വചനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വിശ്വാസികളെ കവാടത്തിങ്കല്‍ വിശുദ്ധരായ മലക്കുകള്‍ അഭിവാദ്യം ചെയ്തു സ്വീകരിച്ചു കൊണ്ടിരിക്കും. ''തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ട നിലയില്‍ അവര്‍ അതിനടുത്ത് വരുമ്പോള്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും. നിങ്ങള്‍ക്ക് സാമാധാനം, നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക (39:73). ആ വാതിലുകള്‍ വഴി മലക്കുകളും വിശ്വാസികള്‍ക്ക് സമാധാന സന്ദേശം പകര്‍ന്നുകൊണ്ട് കടന്നവരും (13:23,24). സദ്‌വൃത്തര്‍ക്കായി ഈ വാതിലുകള്‍ സദാ തുറന്നു വെക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു (38:50).

എട്ട് കവാടങ്ങളിലോരോന്നുമറിയപ്പെടുന്നത് അതുവഴി ക്ഷണിക്കപ്പെടുന്നവരുടെ കര്‍മങ്ങളുടെ പേരിലാണ്. ഏത് പുണ്യ കര്‍മത്തിനായിരുന്നോ ഒരാള്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത് അതിനനുസരിച്ച് അതിനുള്ള കവാടത്തിലൂടെയായിരിക്കും ആ വ്യക്തി ക്ഷണിക്കപ്പെടുന്നത്. നബി(സ) പറയുന്നു. ''സ്വര്‍ഗത്തില്‍ എട്ട് വാതിലുകളുണ്ട്. അതിലൊരു വാതിലിന് 'അര്‍റയ്യാന്‍' എന്നാണ് പേര്. നോമ്പുകാരല്ലാതെ അതുവഴി കടക്കുകയില്ല. അവര്‍ പ്രവേശിക്കുന്നതോടെ അതു അടച്ചുപൂട്ടും. മറ്റാരും അതുവഴി പ്രവേശിക്കുകയില്ല (ബുഖാരി മുസ്‌ലിം). മറ്റൊരു നബി വചനത്തില്‍ ചില വിശദീകരണങ്ങള്‍ കൂടി കാണാന്‍ കഴിയും.

''ആരെങ്കിലും തന്റെ ധനത്തില്‍ നിന്ന് ഒരു ജോഡി (കുതിരകളെ) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിച്ചാല്‍ സ്വര്‍ഗത്തിന്റെ കവാടങ്ങളിലൂടെ അയാള്‍ ക്ഷണിക്കപ്പെടുന്നതാണ്. സ്വര്‍ഗത്തിന് എട്ട് കവാടങ്ങളുണ്ട്. നമസ്‌കരിച്ചവനെ ബാബുസ്സ്വലാത്തിലൂടെയും ദാനംചെയ്തവരെ ബാബുസ്സ്വദഖയിലൂടെയും ധര്‍മസമരം ചെയ്തവനെ ബാബുല്‍ ജിഹാദിലൂടെയും നോമ്പുകാരനെ ബാബുസ്സ്വിയാമിലൂടെയും ക്ഷണിക്കപ്പെടുന്നതാണ്. (ബുഖാരി, മുസ്‌ലിം) ഇതു പറഞ്ഞപ്പോള്‍ അബൂബക്കര്‍(റ) ചോദിച്ചു.  അല്ലാഹുവിന്റെ ദൂതരേ, ഈ കവാടങ്ങളിലൂടെയെല്ലാം ഒരാള്‍ തന്നെ ക്ഷണിക്കപ്പെടുമോ? അവിടുന്ന് പറഞ്ഞു: അതെ, താങ്കള്‍ അതില്‍ ഉള്‍പ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു (ബുഖാരി,മുസ്‌ലിം). സ്വര്‍ഗത്തിന്റെ എല്ലാ വാതിലുകളിലൂടെയും പ്രവേശിക്കാന്‍ ഭാഗ്യം ലഭിക്കുന്നവരില്‍ അബൂബക്കര്‍(റ) ഉള്‍പ്പെടുമെന്ന് നബി(സ) പ്രതീക്ഷിക്കുന്നു. നിര്‍ബന്ധ കര്‍മങ്ങള്‍ക്ക് പുറമെ ഐഛിക കര്‍മങ്ങള്‍ കൂടി ധാരാളമായി വര്‍ധിപ്പിക്കുമ്പോഴാണ് ഇതിന് സാധിക്കുന്നത്. നബി(സ) പറഞ്ഞു: “ആരെങ്കിലും അംഗശുദ്ധി വരുത്തിയശേഷം 'അല്ലാഹു, അവന്‍ മാത്രമല്ലാതെ ആരാധ്യനായി മറ്റാരുമില്ല, അവന് പങ്കുകാരാരുമില്ല. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവെ, നീ എന്നെ പശ്ചാത്തപിക്കുന്നവരിലും ശുദ്ധി പ്രാപിക്കുന്നവരിലും ഉള്‍പ്പെടുത്തേണമേ' എന്നുളള പ്രാര്‍ഥന നിര്‍വഹിച്ചാല്‍ അവന് വേണ്ടി സ്വര്‍ഗത്തിന്റെ എഴ് കവാടങ്ങളും തുറക്കപ്പെടും. അവനുദ്ദേശിക്കുന്ന വഴിയിലൂടെ അവന്ന് അതില്‍ പ്രവേശിക്കാനുള്ള അനുമതിയുണ്ടായിരിക്കും (മുസ്‌ലിം). 

നബി(സ)യുടെ സമുദായത്തിന് മാത്രമായി ലഭിക്കുന്ന ഒരു പ്രത്യേകതയാണ് വിചാരണയൊന്നും കൂടാതെ സ്വര്‍ഗ പ്രവേശത്തിന് അനുമതി ലഭിക്കുക എന്നത്. അതിന് ഭാഗ്യം സിദ്ധിച്ചവര്‍ക്ക് സ്വര്‍ഗത്തിന്റെ വലതുഭാഗത്തെ വാതിലിലൂടെ പ്രവേശനം നല്‍കപ്പെടുന്നതാണ്. മറ്റു വാതിലുകളിലൂടെ മറ്റ് പ്രവാചകന്മാരുടെ അനുയായികള്‍ക്കും അനുമതി ലഭിക്കുന്നതാണ് (ബുഖാരി, മുസ്‌ലിം). അബൂഹുറയ്‌റ(റ) പറയുന്നു. നബി(സ) പറഞ്ഞു: റമദാന്‍ വന്നെത്തിയാല്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടയ്ക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിതരാകുകയും ചെയ്യുന്നു (ബുഖാരി, മുസ്‌ലിം, തിര്‍മിദി, നസാഇ, ഇബ്‌നുമാജ, അഹ്മദ്, മുവത്വ, ദാരിമി).
 

Feedback