Skip to main content

ഹൂറുല്‍ഈന്‍

ഹൂര്‍ എന്ന പദത്തിനര്‍ഥം കണ്ണിലെ വെള്ളഭാഗം കൂടുതല്‍ വെളുത്തവളും കൃഷ്ണമണി കൂടുതല്‍ കറുത്തവളും എന്നാണ്. 'ഈന്‍' എന്നാല്‍ വിശാല നേത്രമുള്ളവളെന്നും വിവക്ഷ. സൗന്ദര്യത്തിന്റെ ലക്ഷണമായിട്ടുള്ള ഈ രണ്ടു കാര്യങ്ങളും ചേര്‍ത്ത് 'ഹൂറുല്‍ഈന്‍' എന്ന പദം പ്രയോഗിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ ഭാര്യമാര്‍ക്ക് പുറമെ ഇണകളായി ലഭിക്കുന്ന സുന്ദരികളായ തരുണികളെയാണ് ഉദ്ദേശിക്കുന്നത്. ആകര്‍ഷകമായ പദ പ്രയോഗങ്ങളിലൂടെയും മനോഹരമായ വര്‍ണനകളിലൂടെയും ധാരാളം സൂക്തങ്ങളിലായി ഹൂറുല്‍ ഈന്‍കളെകുറിച്ചുള്ള വിശദീകരണങ്ങള്‍ കാണാന്‍ കഴിയും.

''ഹൂറുല്‍ഈന്‍കളെ (വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകള്‍) അവര്‍ക്ക് നാം ഇണകളായി നല്‍കുകയും ചെയ്യും'' (44:54).

''തീര്‍ച്ചയായും നാം അവരെ ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ നാം അവരെ കന്യകമാരും സ്‌നേഹവതികളും സമപ്രായക്കാരുമാക്കിയിരിക്കുന്നു'' (56:35:37).

''കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍'' (55:72).

''അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും'' (55:56-58).

''ഹൂറുല്‍ഈന്‍ (ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ള വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികള്‍'' (56:22,23).

ഋതു രക്തമോ പ്രസവ രക്തമോ കാരണം അശുദ്ധി കലരാത്ത ആ സുന്ദരികള്‍ ദൃഷ്ടി ഒതുക്കി കൂടാരങ്ങളില്‍ ലജ്ജാശീലരായി കഴിഞ്ഞുകൂടുന്ന പരിശുദ്ധകളാണ്. സ്വര്‍ഗ സുന്ദരികളായ ഹൂറികളുടെ സൗന്ദര്യത്തെക്കുറിച്ച് നബി(സ) പറയുന്നു ''സ്വര്‍ഗ വാസികളിലെ ഒരു സ്ത്രീയെങ്ങാനും ഭൂമിയിലേക്ക് എത്തിനോക്കിയാല്‍ അത് സ്വര്‍ഗത്തിനും ഭൂമിക്കുമിടയില്‍ ഒന്നാകെ പ്രകാശം പരത്തുകയും സുഗന്ധം നിറക്കുകയും ചെയ്യും. അവളുടെ ശിരോവസ്ത്രം ദുനിയാവിനെക്കാളും അതിലുള്ള മറ്റെല്ലാറ്റിനേക്കാളും ഉത്തമമാണ് (ബുഖാരി). രക്തസാക്ഷിക്ക് പ്രത്യേകമായി എഴുപത്തിരണ്ട് ഹൂറികളെ നല്‍കുമെന്ന് നബി(സ) പറയുകയുണ്ടായി (തിര്‍മിദി, ഇബ്‌നുമാജ).

ഉമ്മുസലമ(റ) ഒരിക്കല്‍ നബി(സ)യോട് ചോദിച്ചു: “ദുന്‍യാവില്‍ നിന്ന് ചെന്ന സ്ത്രീകള്‍ക്കാണോ കൂടുതല്‍ ശ്രേഷ്ഠത അതോ ഹൂറികള്‍ക്കോ? തിരുമേനി(സ) പറഞ്ഞു. ഒരു വിരിപ്പിന്റെ അടിഭാഗത്തേക്കാള്‍ പുറം ഭാഗത്തിനുള്ള ശ്രേഷ്ഠതയുണ്ട് ദുനിയാവില്‍ നിന്ന് ചെന്ന സ്ത്രീകള്‍ക്ക് ഹൂറിയേക്കാള്‍. ഉമ്മുസലമ ചോദിച്ചു. എന്തുകൊണ്ട്? നബി(സ) തിരുമേനി പറഞ്ഞു. ''അവര്‍ അല്ലാഹുവിന് നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും മറ്റു ഇബാദത്തുകളെടുക്കുകയും ചെയ്തതുകൊണ്ട് (ത്വബറാനീ).

സ്വര്‍ഗവാസികളുടെ സാക്ഷാല്‍ ഭാര്യമാര്‍ ദുനിയാവിലെ സദ്‌വൃത്തകളായ സ്ത്രീകളായിരിക്കും. വിശ്വാസവും സത്കര്‍മവും വഴി സ്വര്‍ഗാവകാശികളായിത്തീര്‍ന്ന അവര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാര്‍ (ഭൂമിയിലെ) സ്വര്‍ഗവാസികളാണെങ്കില്‍ അവരെ സ്വയം ഇഷ്ടപ്രകാരം ഭര്‍ത്താക്കളായി സ്വീകരിക്കും. അല്ലെങ്കില്‍ അവരിഷ്ടപ്പെടുന്ന മറ്റു ഭര്‍ത്താക്കളെ അല്ലാഹു അവര്‍ക്ക് നല്‍കും. സ്വര്‍ഗവാസികളുടെ സ്ഥിരം പാര്‍പ്പിടങ്ങളായ മാളികകളില്‍ ഇവരായിരിക്കും അധിവസിക്കുന്നത്.

ഹൂറുല്‍ഈന്‍ (സ്വര്‍ഗത്തിലെ തരുണികള്‍) അവിടത്തെ പഴങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയ മറ്റു വിഭവങ്ങളെപ്പോലെ കൂടുതല്‍ ആനന്ദത്തിന് വേണ്ടി അവിടെ നല്‍കപ്പെടുന്ന വിഭവങ്ങളാണ്. ഉല്ലാസ കേന്ദ്രങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന കൂടാരങ്ങളിലായിരിക്കും അവര്‍ വസിക്കുന്നത്.
സുന്ദരികളും സുമുഖികളുമായ സ്വര്‍ഗസ്ത്രീകള്‍ സ്വരമാധുരിയുള്ളവര്‍ കൂടിയായിരിക്കുമെന്ന് നബി (സ) പറയുന്നു.

''സ്വര്‍ഗസ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കു വേണ്ടി ഏറ്റവും നല്ല ശബ്ദ മാധുര്യത്തോടെ, ഗാനങ്ങള്‍ ആലപിക്കുന്നു. അതുപോലെ ആരും കേട്ടിരിക്കില്ല (ത്വബ്‌റാനി). 

ഈ അനുഗ്രഹം പുരുഷന്മാര്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കും ലഭിക്കുമെന്ന് പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും (2:25) എന്ന വിശുദ്ധ ഖുര്‍ആനിന്റെ പൊതു പ്രസ്താവനയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.
 

Feedback