Skip to main content

സ്വര്‍ഗത്തിന്റെ സവിശേഷതകള്‍

കുറ്റാരോപണങ്ങളോ ആക്ഷേപങ്ങളോ ഇല്ലാത്ത ലോകം.

പരസ്പരം കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്ന വാക്കുകള്‍ സ്വര്‍ഗത്തില്‍ കേള്‍ക്കാന്‍ സാധ്യമല്ലെന്ന് അല്ലാഹു സ്വര്‍ഗത്തിന്റെ സവിശേഷതയായി എടുത്ത് പറയുന്നു. അതില്‍ (സ്വര്‍ഗത്തില്‍) അവര്‍ അനാവശ്യ വാക്കോ കുറ്റാരോപണമോ ശ്രവിക്കുകയില്ല (56:25). അവിടെവെച്ച് അനാവശ്യമായ ഒരുവാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല (78:35). സമാധാനാശംസകള്‍ കൈമാറിക്കൊണ്ട് സ്വര്‍ഗവാസികള്‍ പരസ്പരം എതിരേല്‍ക്കും (56:26).

നിര്‍ഭയത്വം നിറഞ്ഞു നില്‍ക്കുന്ന ഭവനം

സ്വര്‍ഗവാസികള്‍ പൂര്‍ണമായ സുരക്ഷതിത്വവും നിര്‍ഭയത്വവും സ്വര്‍ഗത്തില്‍ അനുഭവിക്കുന്നു. ഒന്നിനെക്കുറിച്ചും ഭയപ്പാടുകളോ ആശങ്കകളോ ഇല്ലാത്ത സമ്പൂര്‍ണ നിര്‍ഭയത്വത്തിന്റെ ഭവനമാണ് സ്വര്‍ഗമെന്ന് അല്ലാഹു പറഞ്ഞുതരുന്നു. ''വിശ്വസിക്കുകയും പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിന്റെ പകരമായി ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ (സ്വര്‍ഗത്തിലെ) ഉന്നത മണിമാളികകളില്‍ നിര്‍ഭയരായി വസിക്കുന്നതാണ്'' (34:37).

ബന്ധുക്കളുമായുള്ള ദര്‍ശനം സാധ്യമാകുന്ന ഗേഹം.

പുനരുത്ഥാന ദിവസത്തില്‍ സ്വര്‍ഗത്തില്‍ മനുഷ്യന് ലഭിക്കുന്ന അനുഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ടതായി ഖുര്‍ആന്‍ എടുത്ത് പറയുന്നതാണ് ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച. അല്ലാഹു പറയുന്നു.   ''ഞങ്ങളുടെ നാഥാ, അവരോട് നീ വാഗ്ദാനം ചെയ്തതായ സ്ഥിരവാസ സ്വര്‍ഗങ്ങളില്‍ അവരെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ, അവരുടെ പിതാക്കള്‍, ഇണകള്‍, സന്താനങ്ങള്‍ എന്നിവരില്‍ നിന്നും നല്ലവരേയും നീ പ്രവേശിപ്പിക്കേണമേ (എന്ന് പ്രാര്‍ഥിക്കും) (40:8). ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും വിശ്വാസത്തില്‍ തങ്ങളുടെ സന്തതികള്‍ തങ്ങളെ അനുഗമിക്കയും ചെയ്തുവോ അവരുമായി അവരുടെ സന്തതികളെ സ്വര്‍ഗത്തില്‍ നാം ചേര്‍ക്കും. അവര്‍ക്ക് അവരുടെ കര്‍മഫലത്തില്‍ നിന്നും ഒന്നുംതന്നെ നാം കുറവു വരുത്തുന്നതല്ല (52:21).

കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ സങ്കേതം

ആര്‍ക്കും ആരോടും പകയോ വിദ്വേഷമോ അസൂയയോ അതൃപ്തിയോ ഇല്ലാതെ എല്ലാവരും നിഷ്‌കളങ്ക സ്‌നേഹത്തിന്റെ തണലില്‍ ആത്മാര്‍ഥമായ ബന്ധം അവിടെ കാത്തുസൂക്ഷിക്കുന്നു. അല്ലാഹു പറയുന്നു. അവരുടെ ഹൃദയങ്ങളിലുണ്ടായിരുന്ന പക നാം നീക്കി. അങ്ങനെ സഹോദരങ്ങളെന്ന നിലയില്‍ കട്ടിലുകളില്‍ അവര്‍ പരസ്പരം അഭിമുഖമായി നിലകൊള്ളും (15 : 47).

ക്ഷീണമില്ലാത്ത ആവാസകേന്ദ്രം. 

അവിടത്തെ സുഖാനുഭൂതികള്‍ എത്രകണ്ട് ആസ്വദിച്ചാലും അതിന്റെ പേരില്‍ മുഷിപ്പോ മടുപ്പോ തോന്നുകയില്ല. സ്വര്‍ഗ്ഗീയ വാസികളെ ക്ഷീണമോ തളര്‍ച്ചയോ പിടികൂടുകയുമില്ല. ''അതില്‍ അവരെ യാതൊരു ക്ഷീണവും ബാധിക്കുകയില്ല'' (15:48).

ദു:ഖങ്ങളില്ലാത്ത അഭയകേന്ദ്രം

സ്വര്‍ഗം എല്ലാവിധ മനോദു:ഖങ്ങളില്‍ നിന്നും മോചനം നല്‍കുന്നു. അല്ലാഹു പറയുന്നു: നിത്യവാസ സ്വര്‍ഗങ്ങള്‍. അതില്‍ അവര്‍ പ്രവേശിക്കും. അതില്‍ മുത്തും സ്വര്‍ണവളകളും അവര്‍ അണിയിക്കപ്പെടും. അതില്‍ അവരുടെ വസ്ത്രം പട്ടായിരിക്കും. നമ്മില്‍ നിന്ന് സമസ്ത ദു:ഖങ്ങളും അകറ്റിയ അല്ലാഹുവിനത്രെ അഖില സ്‌തോത്രങ്ങളുമെന്നവര്‍ പറയും (35:33, 34).

ശാശ്വത വാസത്തിന്റെ വീട്.

സ്വര്‍ഗവാസികള്‍ എന്നെന്നും അവിടെ കഴിച്ചുകൂട്ടുന്നവരാണ്. മരണമില്ലാത്ത ഒരു ജീവിതം നല്‍കുന്ന സ്വര്‍ഗീയ ഭവനത്തെക്കുറിച്ച് അല്ലാഹു അനേകം സൂക്തങ്ങളിലായി പറഞ്ഞുതരുന്നുണ്ട്. 'അവരതില്‍ ശാശ്വതരായി വസിക്കുന്നവരുമാണ് (2:25, 15:48, 18:3, 25:15). ആദ്യത്തെ മരണമല്ലാതെ അവര്‍ അതില്‍വെച്ച് മരണം രുചിക്കുന്നതല്ല (44:56, 37:58, 59).

ആദരവും മാന്യമായ ആതിഥ്യവും ലഭിക്കുന്ന ഭവനം

അല്ലാഹുവിന്റെ ആദരവും മാന്യമായ സല്‍ക്കാരവും സ്വര്‍ഗത്തില്‍ ലഭിക്കുന്നു. അവഗണനയോ അനാദരവോ ആര്‍ക്കും അനുഭവിക്കേണ്ടി വരികയില്ല. അല്ലാഹു പറയുന്നു ''എന്നാല്‍ വിശ്വസിക്കുകയും പുണ്യ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരാണെങ്കില്‍ അവര്‍ക്ക് വസിക്കാന്‍ ഉദ്യാനങ്ങളുണ്ട്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള വിരുന്നു സല്‍ക്കാരമായിട്ട് (32:19). അവരുടെ നാഥന്‍ തന്റെ പക്കല്‍ നിന്നുള്ള കരുണയേയും തൃപ്തിയേയും സ്വര്‍ഗത്തോപ്പുകളേയും പറ്റി അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കും. അവര്‍ക്ക് ശാശ്വതമായ സുഖാനുഭവമാണുള്ളത് (9:21).

മനസ്സുകളില്‍ ഇഛിക്കുന്നത് സാധിക്കുന്ന ലോകം

അല്ലാഹു പറയുന്നു. നിങ്ങള്‍ക്ക് അവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം ഉണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത് (41:31, 32).
 

Feedback