Skip to main content

സ്വര്‍ഗത്തിലെ താഴ്ന്ന പദവികള്‍

അബ്ദുല്ല(റ)പറയുന്നു. നബി(സ)പറഞ്ഞു. നരകത്തില്‍ നിന്ന് അവസാനമായി പുറത്തുവരുന്ന, സ്വര്‍ഗത്തില്‍ അവസാനമായി കടന്നുവരുന്ന ആളെ എനിക്കറിയാം. ഒരാള്‍ നരകത്തില്‍ നിന്ന് ഇഴഞ്ഞുകൊണ്ടു പുറത്തുവരും. അയാളോട് അല്ലാഹു പറയും. നീ പോയി സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അയാള്‍ സ്വര്‍ഗത്തിന് അടുത്തു വരും. അത് നിറഞ്ഞതായി അയാള്‍ക്ക് തോന്നും. അയാള്‍ തിരിച്ചു പോയി  അല്ലാഹുവോട് പറയും. എന്റെ രക്ഷിതാവേ, സ്വര്‍ഗം നിറഞ്ഞു കഴിഞ്ഞതായി ഞാന്‍ കണ്ടുവല്ലോ. അപ്പോള്‍ അല്ലാഹു പറയും. നീ പോയി സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. സ്വര്‍ഗത്തിനടുത്തെത്തുമ്പോള്‍ അത് നിറഞ്ഞതായി വീണ്ടും അയാള്‍ക്ക് തോന്നും. തിരിച്ചു ചെന്ന് എന്റെ രക്ഷിതാവേ, അത് നിറഞ്ഞുകഴിഞ്ഞതായി ഞാന്‍ കാണുന്നുവല്ലോ എന്നയാള്‍ വീണ്ടും പറയും. അപ്പോള്‍ അല്ലാഹു പറയും, നീ പോയി സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. നിനക്ക് ഐഹിക ലോകത്തുള്ള അത്രയും അതിന്റെ പത്തിരട്ടിയുമുണ്ട്. അപ്പോള്‍ ആ മനുഷ്യന്‍ ചോദിക്കും. രാജാധിരാജനായ നീ എന്നെ കളിയാക്കുകയാണോ. അബ്ദുല്ല പറയുന്നു. ഇതു പറഞ്ഞപ്പോള്‍ പ്രവാചകന്‍(സ) തന്റെ അണപ്പല്ലുകള്‍ കാണത്തക്കവിധം ചിരിക്കുന്നത് ഞാന്‍ കണ്ടു. സ്വര്‍ഗത്തിലെ ഏറ്റവും താഴ്ന്ന പദവിയത്രെ അത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. (ബുഖാരി, മുസ്‌ലിം, തുര്‍മുദി, ഇബ്‌നുമാജ,അഹ്മദ്)

സ്വര്‍ഗത്തില്‍ അവസാനമായി പ്രവേശിക്കുന്ന ആള്‍ സ്വര്‍ഗത്തിലേക്ക് കടന്നുവരുന്ന രംഗം റസൂല്‍(സ) നമുക്ക് പറഞ്ഞുതരുന്നു.  ഇബ്‌നുമസ്ഊദ്(റ) പറയുന്നു. അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു, സ്വര്‍ഗത്തില്‍ അവസാനമായി പ്രവേശിക്കുന്ന ആള്‍ നടന്നും മുഖംകുത്തി വീണും, ചിലപ്പോള്‍ നരകം അവന്റെ മുഖത്തടിച്ചും കടന്നുവരും. അങ്ങനെ അവന്‍ നരകത്തിന്റെ അതിരുവിട്ടു കടന്നാല്‍ അവന്‍ അതിലേക്ക് തിരിഞ്ഞുനോക്കും. എന്നിട്ട് പറയും, നിന്നില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തിയ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു. മുന്‍ഗാമികളിലും പിന്‍ഗാമികളിലുമായി ആര്‍ക്കും നല്കാത്തതാണ് എനിക്ക് അല്ലാഹു നല്കിയിരിക്കുന്നത്. അപ്പോള്‍ ഒരു മരം അവന്റെ മുമ്പില്‍ ഉയര്‍ത്തിക്കാണിക്കും. അപ്പോള്‍ അവന്‍ പറയും, എന്റെ നാഥാ, ആ മരത്തിലേക്ക് എന്നെ അടുപ്പിച്ച് തരൂ. ഞാന്‍ അതിന്റെ തണലില്‍ വിശ്രമിക്കട്ടെ, അതിന്റെ വെള്ളം കുടിക്കട്ടെ. അപ്പോള്‍ പ്രതാപിയും മഹത്വമുള്ളവനുമായ  അല്ലാഹു പറയും: 'ഹേ മനുഷ്യാ, ഞാനത് നിനക്ക് നല്‍കിയാല്‍ നീ മറ്റൊന്ന് ചോദിക്കും' അപ്പോള്‍ അവന്‍ പറയും: 'ഇല്ല തമ്പുരാനേ, മറ്റൊന്നും ചോദിക്കില്ല' എന്ന് അവന്‍ അല്ലാഹുവിനോട് കരാര്‍ ചെയ്യും. അയാള്‍ക്ക് തന്റെ രക്ഷിതാവ് വാക്ക് കൊടുക്കുന്നു. അവന് ക്ഷമിക്കാന്‍ കഴിയില്ലെന്ന് അല്ലാഹു കാണുന്നു. അങ്ങനെ ആ മരം അവന് അടുപ്പിച്ച് കൊടുക്കുന്നു. അയാള്‍ അതിന്റെ തണലില്‍ വിശ്രമിക്കുകയും അതിന്റെ വെള്ളം കുടിക്കുകയും ചെയ്യുന്നു. പിന്നെ മറ്റൊരു മരം അയാള്‍ക്ക് കാണിച്ചു കൊടുക്കും. അത് ആദ്യത്തേതിനേക്കാള്‍ നല്ലതായിരിക്കും. അപ്പോള്‍ ആ മനുഷ്യന്‍ പറയും. എന്റെ നാഥാ എന്നെ അതിലേക്ക് അടുപ്പിച്ച് തരൂ. ഞാന്‍ അതിന്റെ വെള്ളം കുടിക്കട്ടെ. അതിന്റെ തണലില്‍ വിശ്രമിക്കട്ടെ. ഞാന്‍ വേറൊന്നും നിന്നോട് ചോദിക്കില്ല. അപ്പോള്‍ അല്ലാഹു ചോദിക്കും. ഹേ മനുഷ്യാ നീ  എന്നോട് മറ്റൊന്നും ചോദിക്കില്ല എന്ന് കരാര്‍ ചെയ്തിരുന്നില്ലേ. ഇത് ഞാന്‍ അടപ്പിച്ച് തന്നാല്‍ നീ മറ്റൊന്ന് ചോദിക്കും. ഇനി താനൊന്നും ചോദിക്കില്ല എന്ന് അയാള്‍ അല്ലാഹുവിനോട് കരാര്‍ ചെയ്യും. അല്ലാഹു അവന് മാപ്പ് കൊടുക്കും. അവന് തീരെ ക്ഷമിക്കാന്‍ കഴിയില്ലെന്ന് അല്ലാഹുവിന് അിറയാം. അങ്ങനെ അവനെ അതിലേക്ക് അടപ്പിച്ചു. അവന്‍ അതിന്റെ തണലില്‍ വിശ്രമിക്കുകയും അതിന്റെ വെള്ളം കുടിക്കുകയും ചെയ്തു. പിന്നീട് സ്വര്‍ഗകവാടത്തിലെ ഒരു മരം അയാള്‍ക്ക് കാണിച്ചു കൊടുക്കും. അത് ആദ്യത്തെ രണ്ടെണ്ണത്തേക്കാള്‍ മുന്തിയതാണ്. അപ്പോള്‍ അവന്‍ പറയുകയാണ്. എന്റെ രക്ഷിതാവേ, എന്നെ അതിലേക്ക് അടുപ്പിച്ച് തരൂ. അതിന്റെ തണലില്‍ വിശ്രമിക്കട്ടെ.  അതിന്റെ വെള്ളം ഞാന്‍ കുടിക്കട്ടെ. ഞാന്‍ നിന്നോട് വേറൊന്നും ചോദിക്കില്ല. അപ്പോള്‍ അല്ലാഹു ചോദിക്കും. ഹേ മനുഷ്യാ നീ  എന്നോട് മറ്റൊന്നും ചോദിക്കില്ല എന്ന് കരാര്‍ ചെയ്തിരുന്നില്ലേ. അവന്‍ പറയും. അതെ, രക്ഷിതാവേ, ഇത് മാത്രം. ഇനി ഞാനൊന്നും ചോദിക്കില്ല. റബ്ബ് അവന് മാപ്പ് കൊടുക്കും. കാരണം അവന് ക്ഷമിക്കാന്‍ കഴിയില്ലെന്ന് അല്ലാഹുവിന്നറിയാം. അങ്ങനെ അവനെ ആ മരത്തോടടുപ്പിക്കും. അവനെ ആ മരത്തോടടുപ്പിച്ചാല്‍ അവന്‍ സ്വര്‍ഗവാസികളുടെ ശബ്ദം കേള്‍ക്കും. അപ്പോള്‍ അവന്‍ പറയും. എന്റെ രക്ഷിതാവേ, അതിലേക്ക് എന്നെ നീ പ്രവേശിപ്പിക്കൂ. അപ്പോള്‍ അല്ലാഹു ചോദിക്കും. മനുഷ്യാ നീ ചോദ്യം മതിയാക്കി ഇക്കാണുന്ന തരത്തില്‍ എന്താണ് നിന്നെ തൃപ്തിപ്പെടുത്തുക, ഇഹലോകവും അത്ര വേറെയും നിനക്ക് തന്നാല്‍ തൃപ്തിപ്പെടുമോ? അപ്പോള്‍ അവന്‍ ചോദിക്കുന്നു. എന്റെ നാഥാ ലോക രക്ഷിതാവായ നീ എന്നെ പരിഹസിക്കുകയാണോ?

ഇത്രയും വിശദീകരിച്ച ഇബ്‌നു മസ്ഊദ് (റ) ചിരിച്ചു. അദ്ദേഹം ചോദിച്ചു. ഞാന്‍ എന്തിനാണ് ചിരിച്ചതെന്ന് നിങ്ങള്‍ എന്താണ് ചോദിക്കാത്തത്? അപ്പോള്‍ അവര്‍ ചോദിച്ചു. താങ്കള്‍ ചിരിച്ചതെന്തിനാണ്. അദ്ദേഹം പറഞ്ഞു. നബി(സ) ഇപ്രകാരം ചിരിച്ചു. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു. എന്തിനാണ് നബി(സ) ചിരിച്ചത്. അദ്ദേഹം പറഞ്ഞു. ലോക രക്ഷിതാവായ നീ എന്നെ പരിഹസിക്കുകയാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലാഹു ചിരിച്ചു. എന്നിട്ട് അവന്‍ പറഞ്ഞു. ഞാന്‍ നിന്നെ പരിഹസിക്കുകയല്ല. ഞാനുദ്ദേശിച്ചിരുന്നത് ചെയ്യാന്‍ കഴിവുള്ളവനാണ്. (മുസ്‌ലിം)

സ്വര്‍ഗത്തിലേക്ക് അവസാനമായി കടന്നുവരുന്ന താഴ്ന്ന പദവിയിലുള്ള ഒരാള്‍ക്കുപോലും അല്ലാഹു അവര്‍ണനീയമായ അനുഭൂതികളും തുല്യപ്പെടുത്താനാവാത്ത സുഖാനന്ദങ്ങളുമാണ് ഒരുക്കിവെച്ചിരിക്കുന്നത്. 
 

Feedback