Skip to main content

പാത്രങ്ങള്‍, പരിചാരകര്‍

ആഹരിക്കാനും പാനം ചെയ്യാനുമായി സ്വര്‍ഗവാസികളുപയോഗിക്കുന്ന ഉയര്‍ന്നതരം പാത്രങ്ങളെ ക്കുറിച്ചും കോപ്പകളെക്കുറിച്ചും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ''സ്വര്‍ണത്തിന്റെ തളികയും പാത്രങ്ങളും  അവര്‍ക്ക്ചുറ്റും കൊണ്ടുനടക്കപ്പെടും.(43:71).

നിര്‍ണിതമായ അളവുകളും തോതുകളുമുള്ള സ്ഫടികസമാനമായ വെള്ളിപ്പാത്രങ്ങളും കോപ്പകളും അവിടെയുണ്ടായിരിക്കും. വെള്ളിയുടെ പാത്രങ്ങളും (മിനുസംകൊണ്ട്) സ്ഫടികം പോലെയായി തീര്‍ന്നിട്ടുള്ള വെള്ളിക്കോപ്പകളുമായി അവര്‍ക്കിടയില്‍ പരിചാരകര്‍ ചുറ്റിക്കറങ്ങുന്നതാണ്. അവര്‍ അവക്ക് (പാത്രങ്ങള്‍ക്ക്) ഒക്കെ തോതനുസരിച്ച് അളവ് നിര്‍ണയിച്ചിരിക്കും (76:15,16).

കോപ്പകളും കൂജകളും ശുദ്ധമായ ഉറവുജലം നിറച്ച പാനപാത്രവും (56:18) അവിടെയുണ്ട്. ആവശ്യമായ പാനീയങ്ങള്‍ ഉചിതമായ പാത്രങ്ങളില്‍ നിറച്ച് യഥേഷ്ടം ഉപയോഗിക്കാവുന്ന വിധം ചുറ്റിക്കറങ്ങുന്ന പരിചാരകവൃന്ദവും അവിടെയുണ്ടായിരിക്കും. ആ പരിചാരകരെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. നിത്യജീവിതം നല്‍കപ്പെട്ട ബാലന്മാര്‍ എന്നാണ്. (56:17) കോപ്പകളും കൂജകളും ശുദ്ധമായ ഉറവുജലം നിറച്ച് പാനപാത്രവുംകൊണ്ട് മുത്തുവിതറിയ പോലെ വെട്ടിത്തിളങ്ങുന്ന ഇവര്‍ സ്വര്‍ഗലോകത്തിന് ഒരു അലങ്കാരം തന്നെയായിരിക്കും. ''അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണെന്ന് നീ വിചാരിക്കും'' (76:19).

മറ്റൊരിടത്ത് അല്ലാഹു ഈ സേവന സന്നദ്ധരായ പരിചാരകരെ ഉദ്ദേശിച്ച്  പറയുന്നു. ''അവിടെ അവര്‍ പാനപാത്രം അന്യോന്യം കൈമാറിക്കൊണ്ടിരിക്കും. അവിടെ അനാവശ്യവാക്കോ അധാര്‍മികവൃത്തിയോ ഇല്ല. അവര്‍ക്ക് (പരിചരണത്തിന്നായി) ചെറുപ്പക്കാർ അവരുടെ അടുത്ത് ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും. അവര്‍ സൂക്ഷിച്ചുവെക്കപ്പെട്ട മുത്തുകള്‍ പോലെയായിരിക്കും (52:23,24).

സ്വര്‍ഗത്തിലെ സേവകന്മാരായ ഈ ബാലന്മാര്‍ ഏതാണ് എന്നതിനെക്കുറിച്ച് പരിഗണനീയമായ രണ്ട് അഭിപ്രായങ്ങള്‍ കാണാന്‍ കഴിയുന്നു. (ഒന്ന്) സ്വര്‍ഗം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മാതാപിതാക്കളുടെ ചെറുപ്പത്തില്‍ മരിച്ചുപോയ കുട്ടികള്‍. (രണ്ട്) സ്വര്‍ഗീയരുടെ സേവനത്തിനായി അല്ലാഹു പ്രത്യേകം സൃഷ്ടിച്ച കുട്ടികള്‍.
 

Feedback