Skip to main content

നബിയും റസൂലും

നബിയും റസൂലും തമ്മില്‍ അന്തരമുണ്ടോ എന്ന കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്ന വീക്ഷണമുണ്ട്. അല്ലാഹു പറയുന്നു. ''നിനക്ക് മുമ്പ് ഏതൊരു റസൂലിനെയും നബിയെയും നാം അയച്ചിട്ട്, അദ്ദേഹം ഓതികേള്‍പ്പിക്കുന്ന സമയത്ത് ആ ഓതികേള്‍പ്പിക്കുന്ന കാര്യത്തില്‍ പിശാച് ദുര്‍ബോധനം ചെലുത്തിവിടാതിരുന്നിട്ടില്ല. എന്നാല്‍ പിശാച് ചെലുത്തിവിടുന്നത് അല്ലാഹു മായ്ച്ചുകളയും'' (22:52).

ഈ സൂക്തത്തില്‍ നബിയെയും റസൂലിനെയും വെവ്വേറെ പരാമര്‍ശിച്ചിരിക്കുന്നു. ചില ദൂതന്മാരെപ്പറ്റി അവര്‍ക്ക് നുബൂവ്വത്തും (പ്രവാചകത്വവും) രിസാലത്തും (ദൈവിക ദൗത്യവും) നല്‍കിയതായും പറയുന്നുണ്ട്. മൂസാ നബിയുമായി ബന്ധപ്പെട്ട് അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തം ശ്രദ്ധിക്കുക. ''വേദഗ്രന്ഥത്തില്‍ മൂസാനബിയെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞ്‌കൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം നിഷ്‌കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു'' (19:51).

ഇത്തരം പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ റസൂല്‍ എന്നാൽ ദിവ്യബോധനം ലഭിക്കുകയും അവ പ്രചരിപ്പിക്കാന്‍ കല്പിക്കപ്പെടുകയുംചെയ്തിരിക്കുന്ന ദൂതനാണ്. എന്നാല്‍ നബി എന്ന പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നത് ദിവ്യബോധനം ലഭിച്ചിരിക്കുമെങ്കിലും പ്രബോധനംചെയ്യാന്‍ കല്പന ലഭിച്ചിട്ടുണ്ടാകണമെന്നില്ല എന്ന് പൂര്‍വ്വിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായപ്രകാരം എല്ലാ റസൂലും നബിയായിരിക്കും. എല്ലാ നബിയും റസൂലായിരിക്കില്ല. (ശറഹുല്‍ അഖീദത്തിത്തഹാവിയ്യ 167)

തഫ്‌സീറുല്‍ ആലൂസിയില്‍ പറയുന്നത് ഇപ്രകാരമാണ്. ''പുതിയ ശറഉമായി നിയുക്തനായ ദൂതനാണ് റസൂല്‍. നബിയാകട്ടെ തന്റെ മുന്‍ഗാമിയുടെ ശറഇന്റെ പ്രചാരകനാണ്'' (17:157).

റസൂലും നബിയും തമ്മില്‍ ശ്രദ്ധേയമായ അന്തരമുള്ളതായി ഖുര്‍ആനില്‍നിന്നും വ്യക്തമല്ല. പ്രമുഖരായ പൂര്‍വ്വപണ്ഡിതന്മാര്‍ അപ്രകാരം പഠിപ്പിച്ചുതന്നിട്ടുമില്ല.
 

Feedback