Skip to main content

വലിയ്യും കറാമത്തും

വലിയ്യുമായി ബന്ധപ്പെടുത്തി പറയുന്ന ഒരു പദമാണ് കറാമത്ത്. വലിയ്യ് പോലെതന്നെ തെറ്റായി വ്യവഹരിക്കപ്പെട്ട പദം കൂടിയാണിത്. പ്രിയപ്പെട്ടവന്‍, അടുത്തവന്‍, മിത്രം, രക്ഷാധികാരി എന്നീ അര്‍ത്ഥങ്ങളിലെല്ലാം ഉപയോഗിക്കപ്പെടുന്ന പദമാണ് വലിയ്യ്. അല്ലാഹുവിന്റെ വലിയ്യ് എന്നു പറയുമ്പോള്‍ അതുകൊണ്ട് ഉദ്ദേശ്യം അല്ലാഹുവിന്റെ ദീന്‍ അനുസരിച്ചു ജീവിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ മിത്രം എന്നതാണ്. ആ അര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍ മുഴുവന്‍ അല്ലാഹുവിന്റെ വലിയ്യുകളാണ് എന്ന് ഖുര്‍ആനില്‍നിന്ന് ഗ്രഹിക്കാം. എന്നാല്‍ പാമര ജനങ്ങള്‍ അല്ലാഹുവില്‍ നിന്ന് പല അസാധാരണ കഴിവുകള്‍ നേടിയവരും അദൃശ്യ കാര്യങ്ങള്‍ അറിയുന്നവരുമാണ് വലിയ്യുകള്‍ എന്ന് ഗണിച്ചുപോന്നു. എന്നിട്ട് അവരോട് പ്രാര്‍ത്ഥിക്കാനും അവര്‍ക്ക് നേര്‍ച്ചവഴിപാടുകള്‍ അര്‍പ്പിക്കുവാനും തുടങ്ങി. അതിന് ന്യായമായി പറഞ്ഞിരുന്നത് ഈ വലിയ്യുകളായി കണക്കാക്കിപ്പോരുന്നവര്‍ക്ക് അമാനുഷിക കഴിവുകള്‍ ഉണ്ട് എന്നാണ്. ഈ അമാനുഷിക കഴിവുകള്‍ക്ക് കറാമത്ത് എന്ന് അവര്‍ വിശേഷിപ്പിച്ചു. ഒടുവില്‍ എന്ത് ചെപ്പടിവിദ്യ കണ്ടാലും അത് കറാമത്താണെന്ന് പറയുന്ന സ്ഥിതിയിലേക്ക് മുസ്‌ലിം ജനസാമാന്യത്തിന്റെ വിശ്വാസം വ്യതിചലിച്ചുപോയി. 'കറാമത്ത്' എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ഉദ്ദേശ്യവും ബോധ്യപ്പെട്ടാല്‍ മാത്രമേ ഈ വിശ്വാസ വൈകല്യത്തില്‍നിന്നും മോചിതമാകാന്‍ സാധിക്കുകയുള്ളൂ.

ആദരവ്, ബഹുമാനം എന്നൊക്കെയാണ് 'കറാമത്ത്' എന്ന പദത്തിനര്‍ത്ഥം. ഒരു സത്യവിശ്വാസി മുഖേന അല്ലാഹു വെളിപ്പെടുത്തുന്ന അത്ഭുത സംഭവത്തിന്നാണ് സാങ്കേതികമായി കറാമത്ത് എന്ന് പറയുന്നത്. സജ്ജനങ്ങളായ ദാസന്മാരെ അല്ലാഹു ചില സന്ദര്‍ഭങ്ങളില്‍ അസാധാരണമായ നിലയില്‍ സഹായിച്ചേക്കാം. ഇങ്ങനെ ലഭിക്കുന്ന സഹായങ്ങള്‍ക്ക് കറാമത്ത് എന്ന് പറയുന്നു. ഖുര്‍ആനിലോ ഹദീസിലോ ഈ അര്‍ത്ഥത്തില്‍ കറാമത്ത് എന്ന പദം  പ്രയോഗിച്ചതായി കാണുകയില്ല. എന്നാല്‍ സത്യവിശ്വാസികളായ ചിലര്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റിയും ദൈവികമായ പ്രത്യേക സഹായങ്ങളെപ്പററിയും പരാമര്‍ശമുണ്ട്. ഈസാനബിയുടെ മാതാവ് മര്‍യ(റ)മിന്ന് മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാ വേദി) ആഹാരം എത്തിയതിനെപ്പറ്റി അത് അല്ലാഹുവിന്റെ അടുക്കല്‍ നിന്നാണ് എന്ന് അവര്‍ പറഞ്ഞതായി ഖുര്‍ആന്‍ (3:37) പറയുന്നു. ഇത് അവര്‍ക്ക് ലഭിച്ച ദൈവികമായ ബഹുമതി (കറാമത്ത്) ആയി മുസ്‌ലിംലോകം അംഗീകരിക്കുന്നു. ശറഹുല്‍ അഖാഇദ് എന്ന ഗ്രന്ഥത്തില്‍ കറാമത്തിനെ വിശദീകരിച്ചത് ഇപ്രകാരമാണ്. 'പ്രവാചകനാണെന്ന് അവകാശവാദമുന്നയിക്കാത്ത ആളില്‍ പ്രകടമാകുന്ന അസാധരണ സംഭവമാണ് കറാമത്ത്.

യഥാര്‍ത്ഥത്തില്‍ കറാമത്ത് സജ്ജനങ്ങള്‍ക്ക് ദൈവികമായി ലഭിക്കുന്ന ഒരു ആദരവാണ്. ആ പദത്തിന്റെ അര്‍ത്ഥം തന്നെ ആദരവ് എന്നത്രെ. സാത്വികനായ ഒരു വ്യക്തിക്ക് അല്ലാഹുവില്‍നിന്ന് അസാധാരണമായി എന്തെങ്കിലും ലഭിച്ചാല്‍ അതയാള്‍ വെളിപ്പെടുത്തുകയില്ല. അഥവാ വെളിപ്പെട്ടാല്‍തന്നെ അത് തന്റെ വകയാണെന്നോ തന്റെ കഴിവുമൂലം കിട്ടിയതാണെന്നോ അദ്ദേഹം ഒരിക്കലും അവകാശപ്പെടുകയില്ല. അത് തുടര്‍ന്നും നിലനില്‍ക്കുമെന്നും അത് തനിക്ക് ഇഷ്ടാനുസാരം ഉപയോഗിക്കാമെന്നും മറ്റുള്ളവര്‍ക്ക് നല്കാമെന്നും അയാള്‍ വിശ്വസിക്കുകയില്ല. അങ്ങനെ സാധ്യവുമല്ല.

തനിക്ക് എന്തെങ്കിലും സിദ്ധികളുണ്ട് എന്ന് വാദിക്കുന്നവരും അതുമൂലം കാശുണ്ടാക്കാന്‍ ശ്രമിക്കുന്നവരും തീര്‍ത്തും വ്യാജന്മാരാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. അങ്ങനെ വാദിക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു സിദ്ധിയും ഇല്ലതന്നെ. നബി(സ)യുടെ സഹാബത്തോ സച്ചരിതരായ മറ്റു മുന്‍ഗാമികളോ (സലഫുസ്വാലിഹുകള്‍) ഇങ്ങനെ സിദ്ധന്മാരായി വാദിച്ചതിനോ യാതൊരു മാതൃകയുമില്ല. അവര്‍ ജീവിച്ചിരിക്കുമ്പോഴോ മരിച്ച ശേഷമോ സമൂഹം അവരെ ആ രൂപത്തില്‍കണ്ട് പ്രാര്‍ഥിക്കുകയോ ബര്‍കത് തേടുകയോ ബര്‍കത്തെടുക്കുകയോ ചെയ്തതായി ഒരു രേഖയിലുമില്ല. 

എന്നാല്‍ അത്തരം സാത്വികരില്‍ അസാധരണമായ പല സംഭവങ്ങളും ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായതായി ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നു. തൗഹീദില്‍ അടിയുറച്ചു വിശ്വസിച്ചതിന്റെ പേരില്‍, ധിക്കാരിയായ ഭരണാധികാരിയുടെ പീഡനങ്ങളേറ്റ് ഗത്യന്തരമില്ലാതെ നാടുവിടേണ്ടിവന്ന ഒരു പറ്റം യുവാക്കളുടെ സംഭവം ഖുര്‍ആന്‍ സൂറത്തുല്‍ കഹ്ഫില്‍ (18:9-26) വിശദമാക്കുന്നു. സ്വരാജ്യം വിട്ടോടിയ ചെറുപ്പക്കാര്‍ ഒരു ഗുഹയില്‍ അഭയംതേടുകയും അവരവിടെ കിടന്നുറങ്ങുകയും ചെയ്തു. 300 ലേറെ വര്‍ഷം സുഖസുഷ്പ്തിയില്‍ കഴിഞ്ഞ അവരെ ആരും കണ്ടെത്തി പിടികൂടാത്ത വിധം അല്ലാഹു രക്ഷിച്ചു. അക്രമിയായ രാജാവും ആ ജനതയും അവരുടെ തലമുറകളും നശിച്ച ശേഷം അവര്‍ ഉറക്കില്‍ നിന്നുണര്‍ന്നു. തൗഹീദില്‍ അടിയുറച്ചതിനാല്‍ ആ ചെറുപ്പക്കാര്‍ക്ക് അല്ലാഹു നല്‍കിയ ആദരവാണ് (കറാമത്ത്) ഇത് എന്ന് മുസ്‌ലിംലോകം അംഗീകരിക്കുന്നു.

മുന്‍കാലത്ത് നടന്നതും സഹാബികള്‍ക്ക് ഉണ്ടായതുമായ ഇത്തരം ചില സംഭവങ്ങള്‍ ഹദീസുകളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. 

Feedback
  • Thursday Mar 28, 2024
  • Ramadan 18 1445