Skip to main content

വിശ്വാസവും ജീവിതവും

മനുഷ്യജീവിതത്തെ സമൂലമായി പരിവര്‍ത്തിപ്പിക്കുന്ന ഊര്‍ജസ്രോതസ്സാണ് വിശ്വാസം. ചലനാത്മകവും ജീവിതത്തെ ചലിപ്പിക്കാന്‍ കഴിവുള്ളതുമാണത്. വിശ്വാസമുള്‍ക്കൊണ്ട വ്യക്തി ജീവിക്കേണ്ടത് സമൂഹത്തിലായതിനാല്‍ അവന്‍ സ്വീകരിച്ച വിശ്വാസത്തിന്റെ സദ്ഫലങ്ങള്‍ വ്യക്തിയില്‍ മാത്രം പരിമിതപ്പെടാതെ, കുടുംബത്തിലേക്കും സമൂഹത്തിലേക്കും പ്രസരിക്കേണ്ടതുണ്ട്. സത്യവിശ്വാസി സമുന്നതമായ സംസ്‌കാരവും ഉത്കൃഷ്ടമായ വ്യക്തിത്വവും നിലനിര്‍ത്തിക്കൊണ്ട് ജീവിക്കണമെങ്കില്‍ സദ്ഗുണങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കാനും ദുര്‍ഗുണങ്ങള്‍ വര്‍ജിക്കാനും തയ്യാറാവണം. വിശ്വാസമുള്‍ക്കൊണ്ട വ്യക്തി ഇവ്വിധം ജീവിക്കുമ്പോഴാണ് ഭക്തിപുലര്‍ത്തുന്നവന്‍ എന്ന് ആ വ്യക്തിയെ സംബന്ധിച്ച് പറയാന്‍ സാധിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ 'തഖ്‌വാ' എന്ന് പരിചയപ്പെടുത്തിയ ഭക്തി, വിശ്വാസത്തിന്റെ കര്‍മ രൂപമാണ് എന്ന് ചുരുക്കം.

ഇസ്‌ലാം മനുഷ്യജീവിതത്തില്‍  വരുത്തുന്ന പരിവര്‍ത്തനത്തിന്റെ ആധാരം ഏകദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ്. ഏകദൈവ വിശ്വാസം മനുഷ്യന് ഇഹപര സൗഭാഗ്യവും സമാധാനവും പ്രദാനം ചെയ്യുന്നു. മരണാനന്തരം അനശ്വര സ്വര്‍ഗീയ സൗഭാഗ്യത്തിന് അവന്‍ അര്‍ഹനായിത്തീരണമെങ്കില്‍ ഏകദൈവവിശ്വാസത്തിലൂന്നിക്കൊണ്ട് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ മാനിച്ചുള്ള ജീവിതരീതി സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ആദര്‍ശവും സംസ്‌കാരവും സമം ചേര്‍ന്നുള്ള വിശ്വാസിയുടെ ജീവിതത്തില്‍ സ്രഷ്ടാവിനോടും സഹജീവികളോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കപ്പെടണം. വിശ്വാസത്തിലധിഷ്ഠിതമായ ഉത്കൃഷ്ട വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട് സമുന്നത സംസ്‌കാരത്തിന്റെ ഉടമകളായി ജീവിക്കാനുള്ള മാര്‍ഗരേഖയാണ് വിശുദ്ധ ഖുര്‍ആന്‍. ഉന്നത സ്വഭാവഗുണങ്ങളിലൂടെ ആത്മീയ ശുദ്ധീകരണം ഉണ്ടാകുന്നതിന് അനുപേക്ഷണീയമായ മാര്‍ഗനിര്‍ദേശങ്ങളാണ് അതിലുള്ളത്. മോശം പ്രവൃത്തികളും നീചകാര്യങ്ങളും മനുഷ്യമനസ്സിനെ മലിനപ്പെടുത്തുന്നതില്‍ നിന്ന് ഒരു രക്ഷാകവചമായി ആരാധനകര്‍മങ്ങളുടെ അന്തസ്സുള്‍ക്കൊണ്ട് നിര്‍വഹിക്കാന്‍ വിശ്വാസിക്ക് സാധിക്കണം. സത്യവിശ്വാസം കൊണ്ട് മനസ്സിനെ സ്ഫുടം ചെയ്‌തെടുത്ത് സമുന്നത സംസ്‌കാരത്തിന്റെ അനുകരണീയ മാതൃകയായി പിന്‍പറ്റാന്‍ മുഹമ്മദ് നബി(സ്വ)യുടെ മാതൃകയുണ്ട്. അതുകൊണ്ടു തന്നെ അല്ലാഹു നബി(സ്വ)യുടെ അനുകരണീയ ജീവിതത്തെ പുകഴ്ത്തിക്കൊണ്ട് വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞു. ''തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു(68:4). പ്രവാചകപത്‌നി ആഇശ(റ)യോട് നബി(സ്വ)യുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. ''അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു''.

ഏകദൈവവിശ്വാസം ജീവിതത്തിന് ലക്ഷ്യബോധം നല്‍കുന്നതിന് പുറമെ നിസ്സഹായതകള്‍ക്ക് അത്താണിയായിത്തീരുകയും ചെയ്യുന്നു. അല്ലാഹുവുമായി വിശ്വാസിക്കുണ്ടാകുന്ന ദൃഢബന്ധത്തിലൂടെ നന്മതിന്മകള്‍ വ്യവഛേദിച്ച് മനസ്സിലാക്കാന്‍ കഴിയുന്നു. ഈ ആവേശം വിശ്വാസിയുടെ ജീവിതത്തിന്റെ പരിമിത വൃത്തത്തില്‍ ഒതുങ്ങിപോവാതെ സമുദായത്തിലെ മറ്റുള്ളവരിലേക്കും ഇതര സൃഷ്ടികളിലേക്കും പടരുകയും തദ്വാരാ  തന്റെ വിശ്വാസമനുസരിച്ചുള്ള ജീവിതം സമൂഹത്തിന് പൊതുവില്‍ നന്മയായി ഭവിക്കുകയും ചെയ്യുന്നു. നബി(സ്വ) യെ അല്ലാഹു സര്‍വലോകങ്ങള്‍ക്കും അനുഗ്രഹമായിട്ടാണ് നിയോഗിച്ചിരിക്കുന്നത് എന്ന് വിശേഷിപ്പിച്ചതിന്റെ അര്‍ഥവും അതു തന്നെയാണ്.

മുസ്‌ലിംകളെ അല്ലാഹു വിശേഷിപ്പിക്കുന്നത് 'നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമുദായം എന്നാണ്.

വിശ്വാസിയുടെ ജീവിതം എല്ലാവിധ നന്മകളും സ്വീകരിക്കാന്‍ പ്രാപ്തമാവുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. സ്വഭാവ പെരുമാറ്റങ്ങളില്‍ വിശ്വാസത്തിന്റെ കരുത്തില്‍ അവന്‍ സ്വീകരിക്കുന്ന സദ്ഗുണങ്ങളും തിരസ്‌കരിക്കുന്ന ദുര്‍ഗുണങ്ങളും സമൂഹത്തിനും അനിവാര്യവും അതീവഹൃദ്യവുമായ സാന്നിധ്യമായി മാറുന്നു. നബി(സ്വ)യുടെയും അവിടത്തെ അനുചരരുടെയും ജീവിതങ്ങളാണ് ഇതിന്റെ ഉത്തമ ദൃഷ്ടാന്തം. പിതാവ്, പുരുഷന്‍, ഇണ, സ്‌നേഹിതന്‍, സഹോദരന്‍, ന്യായാധിപന്‍, സാമൂഹിക ജീവി, പ്രകൃതിസ്‌നേഹി തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാ നന്മകള്‍ക്കും ഈ ജീവിതങ്ങളില്‍ മാതൃകകള്‍ ലഭിക്കും. 


 

Feedback
  • Friday Apr 19, 2024
  • Shawwal 10 1445