Skip to main content

മര്യാദകള്‍ (13)

ജീവിതത്തിലെ സമസ്ത രംഗങ്ങളിലും ഉദാത്ത സംസ്‌കാരവും ഉന്നത മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ് മുസ്‌ലിം. വിശ്വാസത്തിലെ വിശുദ്ധിയും അനുഷ്ഠാനങ്ങളിലെ നിഷ്‌കര്‍ഷയും നിലനിര്‍ത്തുമ്പോള്‍ തന്നെ സഹവാസത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്ന മര്യാദകള്‍ ശീലിക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് ഉത്കൃഷ്ട വ്യക്തിത്വം ഉണ്ടായിത്തീരുന്നത്. മാറ്റാന്‍ തയ്യാറാകാത്തവിധം ശീലിച്ച രീതികളും സ്വഭാവങ്ങളുമായി മുന്നോട്ട് പോകുക എന്ന നിലപാട് വിശ്വാസികള്‍ക്ക് യോജിച്ചതല്ല. കാരണം സാമൂഹിക ജീവിതത്തിന്റെ ഓരോ രംഗത്തും ഉത്കൃഷ്ട വ്യക്തിത്വത്തിന്റെ അനുകരണീയ മാതൃക വിശ്വാസികള്‍ക്ക് മുന്നിലുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അത് ഇപ്രകാരം ഉണര്‍ത്തി. ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്''(33:21).

ജീവിതത്തിലെ ചര്യകളും രീതികളും ഒരാളുടെ വ്യക്തിത്വത്തിന്റെ ഭാഗമായിതീരുന്നതിനാലാണ് മുഹമ്മദ് നബി(സ്വ)യിലൂടെ വിശ്വാസികള്‍ക്ക് ജീവിത രംഗങ്ങളിലെ മഹിതമായ സ്വഭാവങ്ങളും ഇടപഴകലിലെ മര്യാദകളും (Manners) പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. സാമൂഹികമായി ഇടപെടാന്‍ സാധ്യതയുള്ള ഏതൊക്കെ മേഖലകള്‍ ഉണ്ടോ അവിടെയെല്ലാം മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദവും നിലനിര്‍ത്താനുതകുന്ന ചിട്ടകളും മര്യാദകളും പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിശുദ്ധഖുര്‍ആനിലും പ്രവാചകചര്യയിലുമുണ്ട്. കൂടാതെ ദൈനംദിന ജീവിതത്തില്‍ നിര്‍ബന്ധമായും ഏര്‍പ്പെടേണ്ടിവരുന്ന കാര്യങ്ങളില്‍ ലളിതമായി നിര്‍വഹിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂടി മര്യാദകളായി പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണകാര്യങ്ങളില്‍, വേഷവിധാനങ്ങളില്‍, സംഭാഷണങ്ങളില്‍, സംവാദങ്ങളില്‍, യാത്രകളില്‍, സദസ്സുകളില്‍, അങ്ങാടികളില്‍, അന്യ വീടുകളില്‍, ആരാധനാലയങ്ങളില്‍... ഓരോന്നിലും വിശ്വാസി പാലിച്ചുപോരേണ്ട മര്യാദകള്‍ എവ്വിധമാണെന്ന് പ്രവാചക വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. 'ഉത്തമ സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ നിയുക്തനായത്' എന്ന നബിവചനം ഇവിടെ അന്വര്‍ഥമാക്കുന്നു. മേല്‍പറഞ്ഞ ഓരോ കാര്യത്തിലും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത നിര്‍ബന്ധ ബാധ്യതകളുണ്ട്. അവയ്ക്കു പുറമെയാണ് പൂര്‍ണതയ്ക്കു വേണ്ടി പാലിക്കേണ്ട മര്യാദകള്‍ അഥവാ അദബുകള്‍.

മനുഷ്യജീവിതത്തെ അര്‍ഥവത്താക്കുന്നത് ബന്ധങ്ങളാണ്. ബന്ധവിശുദ്ധിയുടെ ബലിഷ്ഠപാശം മനുഷ്യഹൃദയങ്ങളെ ഒരുമയുടെ ചരടില്‍ കോര്‍ത്തിണക്കുന്നു. അതുകൊണ്ട് തന്നെ കുടുംബ സാമൂഹിക ബന്ധങ്ങളുടെ ഓരോ തലത്തിലും വിശ്വാസി ബാധ്യതകള്‍ നിര്‍വഹിക്കുകയും മര്യാദകള്‍ പാലിക്കുകയും ചെയ്യുമ്പോള്‍ ജീവിതം സന്തോഷകരമായിത്തീരുന്നു. സ്‌നേഹമെന്ന വികാരം കുടുംബത്തില്‍നിന്ന് തുടങ്ങി അയല്‍പക്കത്തു കൂടെ സമൂഹത്തിലേക്ക് പകരുന്ന ഉന്നതമായ സ്വഭാവവും സംസ്‌കാരവുമാകുന്നു. ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കാതെ നിലനില്‍ക്കണമെങ്കില്‍ സഹജീവിതത്തിലും സഹവര്‍ത്തനത്തിലും പഠിപ്പിച്ചിട്ടുള്ള മര്യാദകള്‍ കണിശമായി പാലിച്ചേ തീരൂ.

Feedback