Skip to main content

ആദ്യ കൊലയാളി

ലോകത്തു നടന്ന ആദ്യ മരണം കൊലപാതകത്തിലൂടെയായിരുന്നു. അതു കണ്ടുനിന്നതും ഖേദിച്ചു തരിച്ചു നിന്ന കൊലപാതകിക്ക് അനന്തര വഴി കാണിച്ചു കൊടുത്തത് ഒരു കാക്കയായിരുന്നു. ദൈവം നിയോഗിച്ച കാക്ക. ഇത് ഊഹമല്ല സത്യം. ഖുര്‍ആനില്‍ വിവരിക്കപ്പെട്ട സത്യം.

''അപ്പോള്‍ ഭൂമിയില്‍ മാന്തി കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. തന്റെ സഹോദരന്റെ ജഡം മറവു ചെയ്യേണ്ടതെങ്ങനെയെന്ന് അവന് കാണിച്ചു കൊടുക്കാന്‍. അവന്‍ വിലപിച്ചു. എന്തൊരു കഷ്ടം! തന്റെ സഹോദരന്റെ ജഡം മറവുചെയ്യുന്നതിനായി ഈ കാക്കയെപ്പോലെയാവാന്‍ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ'' (5: 31).

ആദ്യ മനുഷ്യന്‍ ആദ(അ)മിന്റെ മക്കളില്‍ രണ്ടു പേരില്‍ ഒരാള്‍ നന്മ നിറഞ്ഞവന്‍. അപരന്‍ ദുഷ്ടതയുടെ ലാഞ്ചനയുള്ളവനും. ജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ ഇരുവരിലും എന്തോ തെറ്റ് പിണഞ്ഞു. തെറ്റുകള്‍ പൊറുക്കപ്പെടാന്‍ വഴിയെന്ത് എന്ന ആലോചനയിലായി ഇരുവരും. ഒടുവില്‍ പിതാവ് ആദം(അ) തന്നെ മാര്‍ഗം നിര്‍ദേശിച്ചു. അല്ലാഹുവിന് ബലിയര്‍പ്പിക്കുക. പിതൃ നിര്‍ദേശപ്രകാരം ഇരുവരും ഖുര്‍ബാന്‍ (ബലി) നടത്തി.

എന്നാല്‍ അല്ലാഹു ഒന്ന് സ്വീകരിച്ചു മറ്റൊന്ന് തിരസ്‌കരിക്കുകയും ചെയ്തു. നന്മയും നിഷ്‌കളങ്കതയും മന്ത്രമാക്കിയ ആളുടേതായിരുന്നു സ്വീകാര്യമായ ബലി. മറ്റേത് മറിച്ചും. ബലി സ്വീകരിക്കപ്പെടാത്തവനില്‍ അസൂയ നുരഞ്ഞു പൊന്തി. ബലി തള്ളിയതിനേക്കാള്‍ അവനെ ക്രുദ്ധനാക്കിയത് സഹോദരന്റെത് ദൈവം സ്വീകരിച്ചതായിരുന്നു.

അവര്‍ തമ്മില്‍ വഴക്കായി. ''നിന്നെ ഞാന്‍ കൊല്ലും''- ബലി സ്വീകരിക്കപ്പെടാത്തവന്‍ കുപിതനായി ആക്രോശിച്ചു. എന്നാല്‍ വിവേകം കൈവിടാതെ സഹോദരന്‍ പ്രതിവചിച്ചു: ''ദൈവഭയമുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു എന്തും സ്വീകരിക്കുകയുള്ളൂ''.

എന്നാല്‍ മറ്റേ ആള്‍ ഭീക്ഷണി ആവര്‍ത്തിച്ചു. ബലി സ്വീകരിച്ചവന്‍ ശാന്തനായി പറഞ്ഞു: ''എന്റെ ജീവനെടുക്കാന്‍ നീ കൈ നീട്ടിയാലും നിനക്ക് നേരെ കൊലവിളി നടത്താന്‍ എന്നെക്കൊണ്ടാവില്ല. ഞാന്‍ ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.'' 

അദ്ദേഹം ഇത്രകൂടി പറഞ്ഞു: ''എന്നെ കൊന്നാല്‍ നീ വഹിക്കേണ്ടി വരിക രണ്ടു പാപങ്ങളാണ്. ഒന്ന് എന്നെ വധിച്ച പാപം, മറ്റൊന്ന് നീ ബലി നല്‍കാന്‍ കാരണമായ പാപം. നീ നരകത്തില്‍ പെടാന്‍ ഇതു തന്നെ ധാരാളം”.

പക്ഷേ കൂടപ്പിറപ്പിനെ അവന്‍ കൊന്നു. അങ്ങനെ അയാള്‍ ഭൂമുഖത്തെ ആദ്യ കൊലപാതകിയായി. ഒപ്പം ഭൂമിയില്‍ ലോകാവസാനം വരെ നടക്കുന്ന എണ്ണമറ്റ കൊലപാതകങ്ങള്‍ക്കുള്ള പ്രേരക ശക്തിയും ആ തിന്മയുടെ ഓഹരിയുടമയുമായി. പരലോകത്ത് അക്രമികളുടെ സങ്കേതമായ നരകമുറപ്പിക്കുകയും ചെയ്തു.

അവിവേകം പകര്‍ന്ന ആവേശം കെട്ടടങ്ങി. സഹോദരന്റെ ശ്വാസം നിലച്ചപ്പോഴാണ്  അയാള്‍ക്ക് വീണ്ടുവിചാരമുണ്ടായത്. അവന്‍ ഖേദിച്ചു, സങ്കടപ്പെട്ടു. ജഡം എന്തുചെയ്യണമെന്നറിയാതെ ആകുലചിന്തനുമായി. മണ്ണില്‍ കുഴിയെടുക്കുന്ന കാക്കയിലൂടെ അല്ലാഹു അവന് വഴി പറഞ്ഞു കൊടുത്തു. സ്വന്തം കഴിവുകേട് ബോധ്യപ്പെടുത്തുക കൂടിയായിരുന്നു നിസ്സാരനായ കാക്കയിലൂടെ . “എന്തൊരു കഷ്ടം'' എന്ന പരിതപിക്കലില്‍ നിറഞ്ഞു നില്‍ക്കുന്നത് അതാണല്ലോ.

അവിവേകികള്‍ക്ക് മാതൃക കൊലപാതകിയായ ഈ ആദം പുത്രനാണ്. വിവേകികള്‍ക്ക് മാതൃക നല്ലവനായ സഹോദരനും. വിശുദ്ധ ഖുര്‍ആന്ന് മാഇദ 30 മുതല്‍ 35 വരെ വചനങ്ങളില്‍ ഈ കഥ ഹ്രസ്വമായി അവതരിപ്പിക്കുന്നുണ്ട്. സഹോദരനെ കൊന്നവന്‍ ഖാബീലും കൊല്ലപ്പെട്ടവന്‍ ഹാബീലുമാണെന്ന് ബൈബിള്‍  കഥകളില്‍ കാണുന്നു. വിശുദ്ധ ഖുര്‍ആനിലോ പ്രാമാണിക ഹദീസുകളിലോ ഈ പേരുകളില്ല.


 

Feedback