Skip to main content

ഗുഹാവാസികളുടെ കഥ

''ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ നാഥനാകുന്നു. അവനല്ലാതെ മറ്റൊരാരാധ്യനെയും ഞങ്ങള്‍ വിളിച്ചു തേടില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ഞങ്ങള്‍ അന്യായവാക്ക് പറയുന്നവരാകും'' (18:14).

വിഗ്രഹാരാധനയും അന്ധവിശ്വാസങ്ങളും നടമാടുന്ന സമൂഹത്തില്‍ ദൈവിക മാര്‍ഗദര്‍ശനം ലഭിച്ച ആ യുവാക്കള്‍ സധൈര്യം പ്രഖ്യാപിച്ചു. ആകാശ ഭൂമികളെ നിയന്ത്രിച്ച് പരിപാലിക്കുന്ന യഥാര്‍ഥ ദൈവത്തെ വിട്ട് വ്യാജന്മാരെ ഉപാസിക്കാന്‍ അവര്‍ വിസമ്മതിച്ചു.

എന്നാല്‍ ബഹുദൈവപൂജയില്‍ മൂടുറച്ച രാജാവും പ്രജകളും ഇതുണ്ടോ അംഗീകരിക്കുന്നു! ജനങ്ങള്‍ വിട്ടില്ല; നിര്‍ബന്ധിച്ചു. യുവാക്കള്‍ സമ്മതിച്ചില്ല. അവരെ പ്രീണിപ്പിച്ചു നോക്കി. യുവാക്കള്‍ വീണില്ല. ഒടുവില്‍ ഭീക്ഷണിപ്പെടുത്തി. അവര്‍ വഴങ്ങിയില്ല. ക്ഷുഭിതരായ രാജാവ് അവര്‍ക്ക് ചെറിയൊരു അവധി നല്‍കി, പുനരാലോചന നടത്തി നാട്ടിലെ വിശ്വാസത്തിലേക്ക് തിരികെ വരാന്‍.

യുവാക്കള്‍ക്കു മുന്നില്‍ മൂന്നു വഴികളുണ്ടായിരുന്നു. വിശ്വാസം ഒഴിവാക്കി രാജാവിന് വഴങ്ങുക, വിശ്വാസം മുറുകെ പിടിച്ച് ജീവന്‍ നല്‍കുക, അല്ലെങ്കില്‍ രാജ്യം വിടുക. അവര്‍ മൂന്നാമത്തെ വഴി തെരഞ്ഞെടുത്തു.

രാജാവ് രാജ്യത്തില്ലാത്ത അവസരത്തില്‍ അവര്‍ പട്ടണം വിട്ടു. മലയിലെ ഗുഹ ലക്ഷ്യമാക്കി അവര്‍ നടന്നു. വഴിയില്‍ വെച്ച് ഒരു ആട്ടിടയനും അവന്റെ നായയും അവരോടൊപ്പം ചേര്‍ന്നു.

അവര്‍ ഗുഹയില്‍ പ്രവേശിച്ചു. അവരുടെ മനസ്സ് പ്രാര്‍ത്ഥനാനിരതമായി. '' ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യം ഞങ്ങള്‍ തേടുന്നു. ഞങ്ങള്‍ക്ക് നേര്‍മാര്‍ഗം നീ ഒരുക്കിത്തരേണമേ'' (18:10).

ഗുഹയില്‍ വന്യമൃഗങ്ങളില്ല. ഭീതി സാഹചര്യവുമില്ല. തികച്ചും സുരക്ഷിതം. വെയില്‍ പോലും അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയില്ല. ദിവ്യ കാരുണ്യവും സുരക്ഷിതത്വവും തണല്‍ വിരിച്ച സ്വസ്ഥമായ ആ ഇടത്ത് അവര്‍ ഉറങ്ങാന്‍ കിടന്നു. ഗാഢനിദ്ര അവരുടെ കൂട്ടിനെത്തി. കാവലാളായി ആട്ടിടയന്റെ നായയും ഗുഹാമുഖത്തിരുന്നു.

നാടുവിട്ട യുവാക്കളെ പരതി പട്ടണ വാസികളും രാജകിങ്കരന്മാരും എപ്പോഴൊക്കെയോ അവിടെയെത്തിയിരുന്നു. എന്നാല്‍ ഏകദൈവ വിശ്വാസത്തിന്റെ ശീതളച്ഛായയില്‍ നിദ്ര കൊള്ളുന്ന ആ യുവജനങ്ങളെ അവര്‍ കണ്ടില്ല. മനം വിട്ട ഉറക്കില്‍ അലിഞ്ഞ യുവാക്കള്‍ അന്വേഷകരുടെ സാന്നിധ്യം അറിഞ്ഞതുമില്ല.

''എണ്ണമറ്റ വര്‍ഷങ്ങള്‍ ഗുഹയില്‍ വെച്ച് അവരുടെ കാതുകളെ നാം അടച്ചുകളഞ്ഞു'' (18:11).

ഗുഹാമുഖത്ത് ഇരുകൈകളും നീട്ടിയിട്ട് കിടക്കുന്ന നായയുടെ കാവലില്‍, ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞും മറിഞ്ഞുമുള്ള ആ ഗാഢനിദ്ര നിരവധി തലമുറകളെ ഓര്‍മകളിലേക്ക് തള്ളിവിട്ട് തുടര്‍ന്നുകൊണ്ടേയിരുന്നു.

നാട് മാറി, നാട്ടുകാര്‍ മാറി. തലമുറകള്‍ മാറി. രാജാവും നിയമങ്ങളും മാറി. ഒപ്പം അവരുടെ വിശ്വാസവും അടിമുടി മാറി.

യുവാക്കള്‍ ഗാഢനിദ്ര വിട്ടുണര്‍ന്നു. കണ്ണുതിരുമ്മി അവര്‍ പരസ്പരം ചോദിച്ചു: നാം എത്ര സമയം ഉറങ്ങി? ''ഒരു ദിവസം, അല്ലെങ്കില്‍ അതിലും കുറച്ച്''. അവര്‍ തന്നെ ഉത്തരവും പറഞ്ഞു. എന്നാല്‍ സമയത്തെച്ചൊല്ലി അവര്‍ തര്‍ക്കിക്കാന്‍ നിന്നില്ല. അത് അല്ലാഹുവിന് വിട്ടു.

വിശപ്പ് അവരെ കീഴടക്കിയിരുന്നു. ഭക്ഷണമായിരുന്നു അവര്‍ക്ക് അത്യാവശ്യം. കൈവശമുള്ള വെള്ളിനാണയവുമായി ഒരാള്‍ പട്ടണത്തിലേക്ക് പോയി. പോകുന്നവന് അവര്‍ മുന്നറിയിപ്പ് നല്‍കി: ''പട്ടണവാസികളോ രാജാവോ നമ്മെപ്പറ്റി അറിയരുത്. അറിഞ്ഞാല്‍ നമ്മെ അവര്‍ എറിഞ്ഞു കൊല്ലും. അല്ലെങ്കില്‍ അവരുടെ മതത്തിലേക്ക് നമ്മെ തിരിച്ചുകൊണ്ടു പോകും. അപ്പോള്‍ നാം നഷ്ടക്കാരാവും. അതിനാല്‍ നീ ശ്രദ്ധിക്കണം''.

നൂറ്റാണ്ട് മൂന്നെണ്ണം കഴിഞ്ഞതോ തലമുറകള്‍ മണ്ണടിഞ്ഞതോ അക്രമിയായ രാജാവിനു പകരം ദൈവവിശ്വാസിയായ രാജാവ് സിംഹാസനമേറിയതോ അവരുണ്ടോ അറിയുന്നു! തങ്ങളുടെ കൈവശമുള്ള വെള്ളിക്കാശ് പുരാവസ്തുവായ വിവരവും അവര്‍ക്കറിയില്ലല്ലോ.

ഭക്ഷണം തേടിയെത്തിയ യുവാവും അവരുടെ കൈവശമുണ്ടായിരുന്ന നാണയവും പട്ടണവാസികള്‍ക്ക് കൗതുകമായി. തങ്ങളുടെ പൂര്‍വഗാമികള്‍ പറഞ്ഞു കേട്ടിരുന്ന ഏകദൈവ വിശ്വാസികളായ യുവാക്കളുടെ ഒളിച്ചോട്ട കഥ. പട്ടണവാസികള്‍ ഓര്‍മിച്ചെടുത്തു. ഏകദൈവത്തില്‍ വിശ്വസിച്ചിരുന്ന ആ തലമുറക്ക് യുവാക്കളോട് ആദരവും ബഹുമാനവും കൂടിക്കൂടി വന്നു.

ഭക്ഷണത്തിനു പോയവന്‍ തിരിച്ചെത്തി. നാട്ടിലെ അവസ്ഥകള്‍ അവനില്‍ നിന്ന് കേട്ടറിഞ്ഞ യുവാക്കള്‍ അമ്പരന്നു. ജനം തങ്ങളെ മഹത്വവത്ക്കരിക്കുന്നുണ്ടെങ്കില്‍ പോലും വിചിത്രമനുഷ്യരായി തങ്ങള്‍ മാറിയിട്ടുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു.

ഇതും അല്ലാഹുവിന്റെ നിശ്ചയമായിരുന്നു. തങ്ങളുടെ സാന്നിധ്യം ജനങ്ങളില്‍ നിന്ന് മറച്ച് വെക്കാനായിരുന്നു യുവാക്കളുടെ തീരുമാനം. പരസ്യമാക്കാന്‍ അല്ലാഹു തീരുമാനിച്ചു. ജനത്തിന്റെ അക്രമം ഭയന്നാണ് യുവാക്കള്‍ നാടുവിട്ടത്. യുവാക്കളെ ബഹുമാനിക്കുന്ന ജനമാണ് ഇപ്പോഴുള്ളത്. ഇത് യുവാക്കള്‍ക്ക് പാഠമാകണം. നൂറ്റാണ്ടുകള്‍ മരിച്ചുകിടന്നവര്‍ പുനര്‍ജനിച്ചിരിക്കുന്നു. അപ്പോള്‍ മരണശേഷം മനുഷ്യര്‍ പുനര്‍ജനിക്കുമെന്നത് കേവലം വിശ്വാസമല്ല യാഥാര്‍ഥ്യം തന്നെയാണെന്ന പാഠം ജനങ്ങളറിയണം.

പുനര്‍ജനിച്ച വിചിത്ര മനുഷ്യരെ കാണാന്‍ പട്ടണവാസികള്‍ ഗുഹയ്ക്കു ചുറ്റും തടിച്ചുകൂടി. അല്ലാഹു പക്ഷേ, തന്റെ അടിമകളായ യുവാക്കളെ ജനത്തിനു മുന്നില്‍ പ്രദര്‍ശന വസ്തുവാക്കിയില്ല. അവരെ അവന്‍ മരിപ്പിക്കുകയായിരുന്നു.

അവരിച്ഛിച്ച പര്യവസാനം നല്‍കി അല്ലാഹു അവരെ സ്വീകരിച്ചു. ഏകദൈവ വിശ്വാസത്തിന്റെ പേരില്‍ യാതനയനുഭവിച്ച് ഒടുവില്‍ ദൃഷ്ടാന്തമായി മാറിയ അവരുടെ ഓര്‍മയ്ക്കായി പട്ടണവാസികള്‍ ഒരു പള്ളി പണിതു.

''അവര്‍ (ജനങ്ങള്‍) തമ്മില്‍ അവരുടെ കാര്യത്തില്‍ തര്‍ക്കിച്ചു. അവരുടെ പേരില്‍ ഒരു കെട്ടിടം പണിയണം. അവരെപ്പറ്റി കൂടുതല്‍ അറിയുന്നത് അവരുടെ നാഥനാണ്. അവരിലെ അധികാരികള്‍ പറഞ്ഞു: ഇവര്‍ക്കായി നമുക്കൊരു പള്ളി പണിയുക തന്നെ വേണം'' (18:21).

ഗുഹാവാസികള്‍ ഒരു ഗുണപാഠമാണ്. അക്കാലക്കാര്‍ക്ക് മാത്രമല്ല ഏത് കാലക്കാര്‍ക്കും.

അല്‍ കഹ്ഫ് 9 മുതല്‍ 22 വരെയുള്ള വചനങ്ങളിലാണ് വിശ്വാസ സംരക്ഷണാര്‍ഥം ഗുഹയില്‍ അഭയം തേടി നൂറ്റാണ്ടുകളോളം ഉറങ്ങിക്കിടന്ന യുവാക്കളുടെ കഥ ഖുര്‍ആന്‍ വിവരിക്കുന്നത്. അറബികള്‍ക്കും വേദക്കാര്‍ക്കുമിടയില്‍ 'ഗുഹാവാസികളുടെ കഥ' നേരത്തെ പ്രചാരം നേടിയിരുന്നു.

അതേ സമയം, ഇക്കഥ ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത് ഒരു വമ്പിച്ച വിസ്മയമായിട്ടല്ല. സത്യവും വിശ്വാസദൃഢതയും ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷിക്കായിരിക്കും ആത്യന്തിക വിജയം എന്ന് സത്യവിശ്വാസികളെയും സത്യ നിഷേധികളെയും ഒരുപോലെ ഉണര്‍ത്താനാണ്. അതുകൊണ്ടു തന്നെയാവാം സംഭവം നടന്ന സ്ഥലം, യുവാക്കളുടെ എണ്ണം, അവരുടെ പേരില്‍ സ്മാരകം ഉണ്ടാക്കുന്നത് സംബന്ധിച്ച തര്‍ക്കം എന്നീ കാര്യങ്ങള്‍ ഖുര്‍ആനില്‍ ചര്‍ച്ച ചെയ്യാതിരുന്നത്. പ്രാധാന്യം അതിലല്ല, മറിച്ച് സംഭവത്തിലെ ഗുണപാഠത്തിലാണ്.

പടിഞ്ഞാറെ തുര്‍ക്കിയിലെ എഫസൂസ് എന്ന രാജ്യത്ത് വിഗ്രഹാരാധകരായിരുന്ന ദഖ്‌യാനൂസ് രാജാവിന്റെ കാലത്താണ് കഥ നടക്കുന്നത്. ഏകദൈവ വിശ്വാസിയായ സൈദറൂസിന്റെ ഭരണം നടക്കുമ്പോഴാണ്, മൂന്ന് നൂറ്റാണ്ട് പിന്നിട്ട ഉറക്കത്തില്‍ നിന്ന് യുവാക്കള്‍ ഉണരുന്നത്. അവരുണര്‍ന്ന ദിനം പിന്നീട് എഫസൂസുകാരുടെ ഉത്സവദിനമായിത്തീരുകയും ചെയ്തുവെന്നാണ് പ്രചാരത്തിലുണ്ടായിരുന്ന കഥ.


 

Feedback