Skip to main content

പ്രഭാതത്തില്‍ വിളവെടുക്കാന്‍ പോയ തോട്ടക്കാര്‍

അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ നിന്ന് ഔദാര്യം കാണിക്കാന്‍ അദ്ദേഹം മടിച്ചതേയില്ല. പലരും അത് വിലക്കി. തടയാന്‍ നോക്കി. എന്നാല്‍ ആ ജ്ഞാനവൃദ്ധന്‍ അവരെ അവഗണിച്ചു.

ഫലസമൃദ്ധമായ ആ തോട്ടം അല്ലാഹു തനിക്ക് നല്‍കിയ സമ്മാനമാണ്. അതിലെ വിഭവങ്ങള്‍ തനിക്കുള്ളതാണെങ്കിലും ഒരോഹരി പാവങ്ങളുടെ അവകാശമാണ്. അത് വിളവെടുപ്പ് കാലത്ത് അദ്ദേഹം കൃത്യമായി നല്‍കിപ്പോന്നു. മക്കളും മറ്റും അതിനെ എതിര്‍ത്തു. 'നമ്മുടെ അധ്വാനം നമുക്കുള്ളതല്ലേ' എന്നായിരുന്നു അവരുടെ ന്യായം. 'യഥാര്‍ഥ ഉടമ അല്ലാഹുവാണ്. അതില്‍ നിന്ന് ദരിദ്രര്‍ക്ക് അവകാശപ്പെട്ടത് നല്‍കാതെ ഒറ്റക്ക് ഭക്ഷിക്കുന്നത് നാശഹേതുവാകും'. ആ പിതാവ്  തന്റെ മക്കളെ ഉപദേശിച്ചു, മക്കള്‍ അത് ചെവിക്കൊണ്ടില്ല.

പിതാവ് മരിച്ചു. മക്കളായി തോട്ടങ്ങളുടെ കൈകാര്യകര്‍ത്താക്കള്‍. അവര്‍ അത് പരിപാലിച്ചുകൊണ്ടേയിരുന്നു. വിളവെടുപ്പിനൊരുങ്ങുന്ന തോട്ടത്തിലേക്ക് കൊതിയുടെ കണ്ണെറിഞ്ഞ ദരിദ്രരെ അവര്‍ വെറുപ്പോടെ കണ്ടു.

വിളവെടുപ്പ് സമയം അടുത്തു. മക്കളില്‍ സന്തോഷം നിറഞ്ഞെങ്കിലും ചെറിയൊരു ആശങ്കയും ജനിച്ചു. വിളവെടുക്കുന്ന ദിവസം പാത്രങ്ങളുമായെത്തുന്ന ദരിദ്രരെ എന്ത് ചെയ്യും? അവര്‍ കൂടിയാലോചന നടത്തി. പല അഭിപ്രായങ്ങള്‍ പറഞ്ഞു. അങ്ങനെ അവര്‍ തീരുമാനമെടുത്തു. ''പുലരും മുമ്പ് തന്നെ വിളവെടുപ്പ് നടത്തുക. ദരിദ്രരെത്തും മുമ്പ് വിളയുമായി സ്ഥലം വിടുക''. എന്നാല്‍ അവരില്‍ ഒരു വിവേകശാലി ഇതിനെ എതിര്‍ത്തു. പക്ഷേ, പിടിച്ചു നില്‍ക്കാനാവാതെ വന്നപ്പോള്‍ അദ്ദേഹവും അവരോടൊപ്പം ചേര്‍ന്നു.

പുലരുംമുമ്പ് അവര്‍ പുറപ്പെട്ടു. പരസ്പരം വിളിച്ചുണര്‍ത്തിയും ക്ഷണിച്ചും അവര്‍ നടക്കുമ്പോള്‍ അവരില്‍, ധര്‍മം വാങ്ങാനെത്താറുള്ള പാവങ്ങളെ വിഡ്ഢികളാക്കിയതിലുള്ള സന്തോഷം ആവോളമുണ്ടായിരുന്നു. എന്നാല്‍ തോട്ടത്തില്‍ പ്രവേശിച്ച അവര്‍ സ്തബ്ധരായി. മരങ്ങള്‍ വേരറ്റു കിടക്കുന്നു, ഫലങ്ങള്‍ നശിച്ചിരിക്കുന്നു. ഏതോ ചുഴലിക്കാറ്റില്‍ തോട്ടം തരിപ്പണമായിരിക്കുന്നു. അവര്‍ കണ്ണുകള്‍ തുടച്ചു. തങ്ങള്‍ക്ക് വഴിപിഴച്ചതാണോ! തോട്ടം മാറിപ്പോയോ! ഇല്ല, വഴി പിഴച്ചിട്ടില്ല. ഇത് ഞങ്ങളുടെ തോട്ടം തന്നെ. ഹാ എന്തൊരു കഷ്ടം! ഞങ്ങള്‍ സര്‍വം നഷ്ടപ്പെട്ടവരായല്ലോ. അവര്‍ വിലപിച്ചു.

അവരിലെ വിവേകശാലി പറഞ്ഞു: 'ഞാന്‍ പറഞ്ഞിരുന്നില്ലേ, അല്ലാഹുവിനെ മറന്നുകൊണ്ടുള്ള തീരുമാനം എടുക്കരുതെന്ന്.' നാം അക്രമകാരികളില്‍ പെട്ടുപോയില്ലേ? അവര്‍ പരസ്പരം കുറ്റപ്പെടുത്താന്‍ തുടങ്ങി.ഒടുവില്‍ അവര്‍ അവരുടെ തെറ്റ് തിരിച്ചറിഞ്ഞു ''നാശം, നമ്മള്‍ അതിരുകവിഞ്ഞവര്‍ തന്നെ.''    

സൂറ ഖലമില്‍ 17 മുതല്‍ 32 വരെയുള്ള വചനങ്ങളിലാണ് ഈ തോട്ടക്കാരുടെ കഥ അല്ലാഹു വിവരിക്കുന്നത്. ഭൂമിയിലെ സത്യനിഷേധികളുടെ വിചാരങ്ങള്‍ പരാമര്‍ശിക്കുന്നിടത്താണ് വിഭവ സമൃദ്ധങ്ങളായ തോട്ടങ്ങളില്‍ സ്വയം വഞ്ചിതരായവരുടെ കഥ.


 

Feedback