Skip to main content

ഖിദ്ര്‍ - മൂസാ യാത്ര

അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക വിജ്ഞാനവും കാരുണ്യവും ലഭിച്ച ഖിദ്‌റിനോടൊപ്പം യാത്ര ചെയ്യാന്‍ മൂസാ(അ) ആഗ്രഹം പ്രകടിപ്പിച്ചു. എന്റെ കൂടെ സഹിക്കാന്‍ താങ്കള്‍ക്കാവില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും മൂസാ(അ) സഹിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹത്തിന്റെ ആജ്ഞകള്‍ ലംഘിക്കുകയില്ലെന്നും ഖിദ്‌റിന് വാക്ക് കൊടുത്തു. ഞാന്‍ താങ്കള്‍ക്ക് പറഞ്ഞുതരുന്നതു വരെ ഇങ്ങോട്ട് ഒരു സംശയവും ഉന്നയിക്കരുത് എന്ന കര്‍ശന വ്യവസ്ഥ മൂസാ(അ) അംഗീകരിച്ചതോടെയാണ് ഇരുവരും ഒരുമിച്ചുള്ള യാത്രക്ക് കളമൊരുങ്ങിയത്. യാത്രയ്ക്ക് തുടക്കം കുറിച്ച് ഇരുവരും ഒരു കപ്പലില്‍ കയറി. ദരിദ്രരായ  ഒരു സംഘം തൊഴിലാളികളുടേതായിരുന്നു ആ കപ്പല്‍. ഇത് ഖിദ്‌റിന് അറിയാമായിരുന്നു. എന്നാല്‍ മൂസാനബിക്ക് അജ്ഞാതവുമായിരുന്നു. കപ്പല്‍ സമുദ്രത്തിന്റെ വിരിമാറിലെത്തവെ ഒരു കുരുവി അതില്‍ വന്നിരുന്നു. കൊക്കുകൊണ്ട് അത് സമുദ്രത്തില്‍ നിന്ന് ഒരിറക്ക് വെള്ളമെടുത്തു. കുരുവി അതിന്റെ വഴിക്ക് പറന്നകലുകയും ചെയ്തു.

പെട്ടെന്നാണ് അത് സംഭവിച്ചത്. ഖിദ്ര്‍ ഒരു മഴുവുമായി വന്ന് കപ്പലിന്റെ പലകയില്‍ ആഞ്ഞുവെട്ടി. പലക പിളര്‍ന്നു. ഇതു നോക്കിനിന്ന മൂസാ(അ) അറിയാതെ ക്ഷുഭിതനായിപ്പോയി. പ്രഥമദൃഷ്ട്യാ, കപ്പല്‍ യാത്രക്കാരെ മുഴുവന്‍ അപകടപ്പെടുത്തുന്ന ഖിദ്‌റിന്റെ നടപടി നീതികരണമില്ലാത്തതാണ്.

മൂസാ(അ)യുടെ ചോദ്യം ചെയ്യല്‍ കേട്ട ഖിദ്ര്‍ പ്രതികരിച്ചു: എന്റെ കൂടെ സഹിക്കാന്‍ താങ്കള്‍ക്കാവില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ? കരാര്‍ ഓര്‍മ വന്നതോടെ മൂസാനബി ക്ഷമാപണം നടത്തി.

യാത്ര തുടര്‍ന്നു. വഴിമധ്യേ അവര്‍ ഒരു ബാലനെ കണ്ടു. മൂസാ(അ)യുടെ കണ്‍മുന്നിലിട്ട് ഖിദ്ര്‍ ആ ബാലനെ കൊന്നുകളഞ്ഞു. മൂസാ (അ)ക്ക് പ്രതികരിക്കാതിരിക്കാനായില്ല. '' നിര്‍ദോഷിയും നിഷ്‌കളങ്കനുമായ ഒരു കുട്ടിയെ കൊന്നു കളഞ്ഞ താങ്കളുടെ നടപടി പൊറുപ്പിക്കാനാവില്ല'' മൂസാ(അ) ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചു.

''എന്റെ കൂടെ താങ്കള്‍ക്ക് ഒട്ടും സഹിക്കാനാവില്ലെന്ന് ഞാന്‍ ആദ്യമേ മുന്നറിയിപ്പു തന്നതല്ലേ?'' ഖിദ്ര്‍ ഓര്‍മിപ്പിച്ചപ്പോള്‍ മൂസാ(അ) വീണ്ടും ശാന്തനായി. ഇനി അക്ഷമ ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ ആ വിസ്മയ യാത്ര തുടര്‍ന്നു. അങ്ങനെ അവര്‍ ഒരു നാട്ടിലെത്തി. ആ നാട്ടുവാസികള്‍ പരസഹായത്തിന് വിമുഖത കാട്ടുന്നവരോ ലുബ്ധരോ ആയിരുന്നു. വിശപ്പകറ്റാന്‍ ഭക്ഷണം തേടിയുളള മൂസാ(അ)യുടെയും ഖിള്‌റിന്റെയും അപേക്ഷ പോലും അന്നാട്ടുകാര്‍ തള്ളി. ഖിള്ര്‍ ഒട്ടും അനിഷ്ടം കാട്ടിയില്ല.

അതിനിടെയാണ് തകര്‍ന്നു വീഴാറായ ഒരു മതില്‍ ഖിള്‌റിന്റെ കണ്ണില്‍പെട്ടത്. അമാന്തിച്ചു നില്‍ക്കാതെ അദ്ദേഹം ആ മതില്‍ പുനര്‍നിര്‍മിച്ചു. തങ്ങള്‍ക്ക് ഭക്ഷണം പോലും വിസമ്മതിച്ച അന്നാട്ടുകാരുടെ മതില്‍ നേരെയാക്കിയതിന് അവരില്‍ നിന്ന് പ്രതിഫലം ഈടാക്കണമെന്ന് മൂസാ(അ) നിര്‍ദേശിച്ചു. മൂസാ(അ)യുടെ തുടര്‍ച്ചയായുള്ള ഇടപെടല്‍  ഖിള്‌റിനെ അസ്വസ്ഥനാക്കി. ആ യാത്ര അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം മൂസാ(അ)യോട് പറഞ്ഞു. ഒഴികഴിവ് പറയാനുള്ള മൂസാ(അ)യുടെ ശ്രമവും അദ്ദേഹം അവഗണിച്ചു. എന്നാല്‍ മൂസാ(അ)യില്‍ ക്ഷമകേടുണ്ടാക്കിയ തന്റെ ചെയ്തികളിലെ ആന്തരിക രഹസ്യങ്ങളും തത്ത്വങ്ങളും വെളിപ്പെടുത്താന്‍ ഖിള്ര്‍ തയ്യാറായി.

യാത്രാക്കപ്പലിന് ദ്വാരമുണ്ടാക്കുന്നതും ഒരു കുട്ടിയെ കണ്ട മാത്രയില്‍ കൊല്ലുന്നതും പ്രഥമ ദൃഷ്ട്യാ അക്രമമാണ്. നന്ദികേട് കാണിച്ച നാട്ടുകാര്‍ക്കായി നന്‍മ ചെയ്യുന്നത് ഈ ഗണത്തില്‍പെടുത്താനുമാവില്ല. എന്നാല്‍ ത്രികാല ജ്ഞാനിയായ അല്ലാഹുവിന്റെ കല്പനകള്‍ നടപ്പാക്കുകയാണ് ഖിള്ര്‍ ചെയ്തത്. ആ നിലക്ക് മനുഷ്യജ്ഞാനത്തിന്റെ പരിമിതിയിലാണ് ഇത് അക്രമമാവുക. ദൈവ വിധിയത്രെ ആത്യന്തികവും അലംഘനീയവും.
മൂസാ(അ)യും ഖിള്‌റും സമുദ്രയാത്ര നടത്തിയിരുന്ന ആ കപ്പല്‍ ഒരു കൂട്ടം ദരിദ്രരുടേതായിരുന്നു. അവരുടെ ഏക ആശ്രയവുമായിരുന്നു ആ ജലയാനം. എല്ലാ നല്ല കപ്പലുകളും അക്രമത്തിലൂടെ പിടിച്ചെടുക്കുന്ന  ഒരു രാജാവ് അവരെ പിന്തുടരുന്നുണ്ടായിരുന്നു. ആ പാവങ്ങളുടെ കപ്പല്‍ രാജാവ് പിടിച്ചെടുക്കരുത് എന്ന് കണ്ടാണ് ഖിള്ര്‍ അതിന് ദ്വാരമുണ്ടാക്കിയത്. തുള വീണ് കേടായ കപ്പല്‍ രാജാവ് അവഗണിക്കുകയും ചെയ്തു. ഖിള്ര്‍ അപ്രകാരം ചെയ്തില്ലായിരുന്നെങ്കില്‍ ആ പാവങ്ങള്‍ക്ക് തങ്ങളുടെ ജീവിതോപാധിയായ കപ്പല്‍ കൈമോശം വരുമായിരുന്നു. 

കൊല്ലപ്പെട്ട ബാലന്‍ അതിക്രമിയും അവിശ്വാസിയുമായിരുന്നു. അവന്‍ ആ അവസ്ഥയില്‍ വളര്‍ന്നുവലുതായാല്‍ അവന്റെ സത്യവിശ്വാസികളായ മാതാപിതാക്കള്‍ അതിക്രമത്തിനിരയാവും. അവിശ്വാസികളാവാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും. അത്തരമൊരു ദുരവസ്ഥയില്‍ നിന്ന് ആ മാതാപിതാക്കളെ മോചിപ്പിക്കലായിരുന്നു ആ കൊലയുടെ ലക്ഷ്യം. ആ അക്രമിയായ ബാലനു പകരം ഉത്തമനും കരുണാര്‍ദ്രനുമായ ഒരു സന്തതിയെ അല്ലാഹു അവര്‍ക്കു പകരം നല്‍കുകയും ചെയ്തു.

മതിലിന്റെ കാര്യവും ഇതുപോലെത്തന്നെ. പട്ടണത്തിലെ രണ്ട് അനാഥ ബാലന്‍മാരുടേതായിരുന്നു ആ മതില്‍. തന്റെ മക്കള്‍ക്ക് പില്ക്കാലത്ത് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ അവരുടെ പിതാവ് മതിലിനടിയില്‍ ഒരു നിധി കുഴിച്ചിട്ടിരുന്നു. ആ മതില്‍ തകര്‍ന്നാല്‍, ആ നല്ലവനായ പിതാവിന്റെ ഉദ്ദേശ്യം നടക്കാതെ പോവുകയും അനാഥ ബാലന്മാര്‍ക്ക് തങ്ങളുടെ അവകാശം അന്യാധീനപ്പെടുകയും ചെയ്യും. അത് തടയാനാണ് ദൈവഹിതപ്രകാരം ഖിള്ര്‍ ആ മതില്‍ പുനര്‍ നിര്‍മിച്ചത്. നാട്ടുകാരുടെ മനോഭാവം അദ്ദേഹം അവഗണിച്ചതും അതുകൊണ്ടുതന്നെ. അല്ലാഹുവിന്റെ അറിവും യുക്തിയുമാണ് അജയ്യം എന്നത്രെ മൂസാ-ഖിള്ര്‍ യാത്ര നമുക്ക് നല്‍കുന്ന പാഠം.

Feedback