Skip to main content

ഖിദ്‌റും മൂസാനബി(അ)യും

സീനാ താഴ്‌വരയില്‍ പ്രവാചകന്‍ മൂസായും ഇസ്‌റാഈല്‍ സമൂഹവും കഴിയുന്ന കാലം. ഒരിക്കല്‍ തന്റെ ജനതയെ ഉപദേശിക്കുകയായിരുന്ന മൂസാനബിയോടായി ഒരാള്‍ സംശയമുന്നയിച്ചു. '' താങ്കളേക്കാള്‍ അറിവുള്ള ആരെയെങ്കിലും താങ്കള്‍ക്കറിയുമോ?'' 'ഇല്ല' എന്നായിരുന്നു പ്രവാചകന്റെ ഉത്തരം. എന്നാല്‍ ആ ഉത്തരത്തില്‍ അപാകതയുണ്ടായിരുന്നു. 'അല്ലാഹുവിന്നറിയാം' എന്നാവണമല്ലോ ദൈവദൂതനായ മൂസായുടെ മറുപടി. അത് അല്ലാഹു ദിവ്യബോധനം വഴി തിരുത്തുകയും ചെയ്തു. 

''എന്റെ ഒരു അടിമയുണ്ട്, നിന്നെക്കാള്‍ വിവരമുള്ളവനായി. രണ്ട് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്ത് നിനക്കവനെ കാണാം''. അല്ലാഹു മൂസായെ  അറിയിച്ചു. വിനയാന്വിതനായ ദൈവദൂതന്‍ തന്റെ  സേവകനെ (യൂശഉബ്‌നു നൂന്‍)യും കൂട്ടി യാത്രയായി. ദൈവിക നിര്‍ദേശപ്രകാരം അവരുടെ കൈവശം ഒരു മത്സ്യവുമുണ്ടായിരുന്നു. ആ മത്സ്യം കടലില്‍ കാണാതാവുന്ന സ്ഥലത്തുവെച്ചാണ് അത്ഭുത മനുഷ്യനെ കാണുകയെന്നും അല്ലാഹു ഉണര്‍ത്തിയിരുന്നു. അങ്ങനെയാണ് ഖിദ്‌റിനെ മൂസാനബി(അ)ക്ക് ഗുരുവായി അല്പസമയത്തേക്ക് ലഭിക്കുന്നത്.

സൂറ: അല്‍കഹ്ഫ് 60 മുതല്‍ 82 വരെയുള്ള സൂക്തങ്ങളിലായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത് മൂസായുടെയും ഈ അദ്ഭുത മനുഷ്യന്റെയും ഒരു യാത്രയെക്കുറിച്ചാണ്. ഖുര്‍ആന്‍ 'തന്റെ അടിമകളില്‍ ഒരു അടിമ' (കഹ്ഫ് :65) എന്ന് പരാമര്‍ശിക്കുന്ന ഒട്ടേറെ നിഗൂഢതകളുള്ള ഈ മഹാനെ ബുഖാരി, മുസ്‌ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളാണ് ഖിദ്ര്‍ എന്ന് പരിചയപ്പെടുത്തുന്നത്. ഇദ്ദേഹത്തെ ഖിദ്ര്‍ നബി(അ) എന്ന പേരിലും ഹദീസുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.

മനുഷ്യന്റെ അറിവിന്റെ പരിമിതി അവനെ ബോധ്യപ്പെടുത്തുക, ത്രികാലജ്ഞാനിയായ ദൈവത്തിനു മുന്നില്‍ അവന്റെ അടിമയായ മനുഷ്യന്‍ നിസ്സാരനാണെന്നും, മനുഷ്യ യുക്തിക്കും ന്യായത്തിനും നിരക്കാത്ത പലതും നടക്കുന്നുണ്ടെന്നും ബോധ്യപ്പെടുത്തുക തുടങ്ങിയ പാഠങ്ങളാണ് ഖിദ്ര്‍ എന്ന നിഗൂഢ മനുഷ്യരിലൂടെ അല്ലാഹു മൂസാനബിയെയും അതുവഴി ലോകരെയും പഠിപ്പിക്കുന്നത്.

 


 

Feedback