Skip to main content

സബഉകാരുടെ അണക്കെട്ട്

''എന്നാല്‍ അവര്‍ (സത്യത്തില്‍ നിന്ന്) പിന്തിരിഞ്ഞു കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹം അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ടു തോട്ടങ്ങള്‍ക്കു പകരം കയ്‌പ്പേറിയ കനികളും കാറ്റാടി മരങ്ങളും വാഗമരങ്ങളും അടങ്ങുന്ന രണ്ട് തോട്ടങ്ങള്‍ അവര്‍ക്കു നാം നല്‍കുകയും ചെയ്തു'' (34:16).

പടിഞ്ഞാറ് ചെങ്കടലും തെക്ക് അറബിക്കടലും അതിരിടുന്ന യമന്‍ അറേബ്യന്‍ ഉപദ്വീപിലെ തീരദേശമാണ്. സബഅ് രാജവംശത്തിലെ ബില്‍ഖീസ് രാജ്ഞി അധികാരം വാണിരുന്ന മആരിബ് യമനിലെ അനുഗൃഹീത പ്രദേശമായിരുന്നു.

ഏകദൈവ വിശ്വാസികളും അല്പം ചില ബഹുദൈവാരാധകരും അധികാരം കൈയാളിയ മആരിബില്‍ ചരിത്ര ശേഷിപ്പുകള്‍ നിരവധിയാണ്. അതിലൊന്നായിരുന്നു ഒരു പടുകൂറ്റന്‍ അണക്കെട്ട്.

രണ്ടു വന്‍ പര്‍വതങ്ങളെ അതിരുകളാക്കിയും വീതി കുറഞ്ഞ ഭാഗത്ത് ശക്തമായ കട്ടിയുമുള്ള അണക്കെട്ട് മആരിബിന്റെ ഐശ്വര്യമായിരുന്നു. അവരുടെ മണ്ണിനെ അത് ശാദ്വലമാക്കി. സമൃദ്ധിയുടെ നിറകുടമായി തോട്ടങ്ങള്‍ വളര്‍ന്നു വന്നു. അതിലെ പഴങ്ങളും കായ്കനികളും അവരില്‍ സമ്പദ്‌സമൃദ്ധി നിലനിര്‍ത്തി. ദാരിദ്ര്യം അവരില്‍ ഇല്ലാതായി. എല്ലാത്തിനും കാരണം ദൈവികാനുഗ്രഹമായ അണക്കെട്ടും.

എന്നാല്‍ സബഉകാര്‍ (മആരിബിലെ ജനങ്ങള്‍) സുഖലോലുപതയില്‍ മതിമറന്നപ്പോള്‍ അനുഗ്രഹദാതാവിനെ ഓര്‍ത്തില്ല. ദൈവികാനുഗ്രഹത്തിന് നന്ദി കാണിച്ചില്ല. സത്കര്‍മങ്ങള്‍ ചെയ്യാനും അവര്‍ താത്പര്യം കാട്ടിയില്ല. അതേസമയം സമൃദ്ധമായ തോട്ടങ്ങളിലെ വിഭവങ്ങള്‍ അവര്‍ ആവോളം അനുഭവിക്കുകയും ചെയ്തു. വ്യക്തമായ നന്ദികേടു തന്നെ.

ദുര്‍നടപ്പിലും നിന്ദയിലും അധിക കാലം വാഴാന്‍ അല്ലാഹു അവരെ വിട്ടില്ല. ദൃഷ്ടാന്തങ്ങളെ അവഗണിക്കുന്നവര്‍ക്കുള്ള ദൈവിക ശിക്ഷ അവരിലുമെത്തി.

അണക്കെട്ടിലേക്കു വരുന്ന ജലപ്രവാഹത്തിലൂടെ അന്നൊരുനാള്‍ കുതിച്ചെത്തിയത് ഭീമാകാരമായ പാറക്കല്ലുകളായിരുന്നു അവ അപ്രതിരോധ്യമായ ശക്തിയില്‍ അണക്കെട്ടിനെ തകര്‍ത്തു. വന്‍ മലകളെ മുക്കാനൊരുങ്ങിയ അണക്കെട്ടിലെ വെള്ളം നിമിഷനേരം കൊണ്ട് ഒലിച്ചുപോയി. ആ പ്രവാഹം അവരുടെ നേട്ടങ്ങളേയും കൊണ്ടാണ് പോയത്. ആളും നാടും ഒലിച്ചു പോയി.

പിന്നെ ഫലഭൂയിഷ്ടമായിരുന്ന തോട്ടങ്ങളുടെ സ്ഥാനത്ത് മരുഭൂമികളാണുണ്ടായത്. ഒരു കായ്കനിയെയും ആ മണ്ണ് മുളപ്പിച്ചില്ല. ആര്‍ക്കും വേണ്ടാത്ത കയ്പ്പു കായകളും കാറ്റാടി മരങ്ങളും മാത്രം അതില്‍ മുളച്ചുപൊന്തി. തകര്‍ന്ന അണക്കെട്ടും ഉണങ്ങി.

അനുഗഹത്തില്‍ നന്ദി കാണിക്കാതെ ദൈവനിന്ദയില്‍ ജീവിച്ചവര്‍ക്ക് ദുരന്തം അനിവാര്യമാണ്. ചരിത്രത്തില്‍ ഇത് ഒട്ടും അപൂര്‍വമല്ല.

''ഇത് അവര്‍ നന്ദികേട് കാണിച്ചതിന് നാം നല്‍കിയ പ്രതിഫലമാണ്. നന്ദികെട്ടവരോടല്ലാതെ നാം ഇത്തരം പ്രതിഫല നടപടികള്‍ എടുക്കുമോ?'' (34:17).


 

Feedback