Skip to main content

ഉപദേശിയായ ലുഖ്മാന്‍

ചരിത്രത്തില്‍ സ്പഷ്ടമായ മേല്‍വിലാസമില്ലാത്ത മഹാന്‍മാരില്‍ മുന്‍പന്തിയിലുള്ള ദേഹമാണ് ലുഖ്മാന്‍. വിശ്വാസ-കര്‍മ-സാമൂഹിക മണ്ഡലങ്ങളിലെ ഇസ്‌ലാമിന്റെ മൗലിക പാഠങ്ങള്‍ ലളിതമായി അവതരിപ്പിക്കാന്‍ ഖുര്‍ആന്‍ തെരഞ്ഞെടുത്ത കഥാപാത്രം.

ലുഖ്മാന്‍ നബിയാണെന്ന് സമര്‍ഥിക്കുന്നവരുണ്ട്. പുണ്യ പുരുഷനായിരുന്നുവെന്ന് പറയുന്നവരുമുണ്ട്. ഇസ്‌റാഈല്‍ വംശത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനമെന്നും അവരിലെ ന്യായസ്ഥരില്‍ പ്രധാനിയായിരുന്നുവെന്നും ചിലര്‍ വീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ കാല-ദേശങ്ങള്‍ പ്രസക്തമല്ല. ജ്ഞാനവും ബുദ്ധിയും വിവേകവും സമഞ്ജസമായി തികഞ്ഞ ഒരു മഹാനായിരുന്നു. 'വിജ്ഞാനിയായ ലുഖ്മാന്‍' എന്ന ഖുര്‍ആനിക പരാമര്‍ശം മാത്രം മതി ആ മഹാനുഭാവന്റെ മഹത്വം വെളിപ്പെടാന്‍.

വിശുദ്ധ ഖുര്‍ആന്‍ സൂറ:ലുഖ്മാനിലെ 12 മുതല്‍ 19 വരെയുള്ള സൂക്തങ്ങള്‍ നീക്കിവെച്ചത് വിജ്ഞാനിയായ ലുഖ്മാന്റെ ഉപദേശങ്ങള്‍ മാനവകുലത്തിന് പകര്‍ന്നു നല്‍കാനാണ്. തന്റെ മകനോടായി അദ്ദേഹം നല്‍കുന്ന ആ ഉപദേശങ്ങള്‍ അര്‍ഥസമുദ്ധമാണ്.

'എന്റെ പ്രിയമകനേ' എന്ന വിളിയോടെ ലുഖ്മാന്‍ തുടങ്ങുന്ന ഉപദേശങ്ങളില്‍ പ്രഥമ സ്ഥാനമുള്ളത് ശിര്‍ക്ക് (ബഹുദൈവത്വം) തന്നെയാണ്. 'നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്, അവനില്‍ പങ്കുചേര്‍ക്കല്‍ ഗുരുതരമായ അക്രമമാണ്'' (31:13) എന്നാണ് ലുഖ്മാന്‍ മുന്നറിയിപ്പ്  നല്‍കുന്നത്. തൗഹീദ് (ഏകദൈവത്വ)മാണ് മനുഷ്യ ജീവിതത്തിലെ സകല നന്‍മകളുടെയും മണ്ണ്. അതില്‍ വിഷം കലര്‍ന്നാല്‍ എല്ലാം നഷ്ടപ്പെടും. ഭൂമുഖത്തെത്തിയ സര്‍വ പ്രവാചകന്‍മാരും തങ്ങളുടെ ജനതയോട് ആദ്യാവസാനം വരെ ഉപദേശിച്ചതും ശിര്‍ക്ക് ചെയ്യരുത് എന്നു തന്നെയായിരുന്നുവല്ലോ.

ദൈവത്തിന്റെ ഏകത്വമുപദേശിച്ച ശേഷം പിന്നീട് വരുന്നത് മാതാപിതാക്കളെ അനുസരിക്കുകയും അവരോട് നന്ദി കാണിക്കുകയും ചെയ്യേണ്ടതിലേക്കാണ്. ഗര്‍ഭാവസ്ഥയിലും മുലയൂട്ടല്‍ വേളകളിലും മാതാവ് അനുഭവിക്കുന്ന പ്രയാസങ്ങളെ വരച്ചിടുന്ന ലുഖ്മാന്‍ അല്ലാഹുവിനോടും പിന്നീട് മാതാപിതാക്കളോടും നന്ദി കാണിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇതേ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാലും അല്ലാഹുവില്‍ പങ്കുചേര്‍ക്കരുതെന്ന് പ്രത്യേകം ഉണര്‍ത്തുകയും ചെയ്യുന്നു. മാതാപിതാക്കള്‍ ആദര്‍ശ വിയോജിപ്പുകാരാണെങ്കില്‍ പോലും അവരോട് മാന്യമായി വര്‍ത്തിക്കാനും ഉപദേശിക്കുന്നു.

നമസ്‌കാരം മുറയനുസരിച്ച് അനുഷ്ഠിക്കല്‍, നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും, ആപത്ത് വേളകളില്‍ ക്ഷമയവലംബിക്കല്‍, അഹങ്കാരവും ദുരഭിമാനവും ജീവിതത്തില്‍ നിന്ന് പറിച്ചൊഴിവാക്കല്‍, നടത്തത്തിലും ശബ്ദത്തിലും സൗമ്യത കൈക്കൊള്ളല്‍ തുടങ്ങിയ മഹിതോപദേശങ്ങളും ലുഖ്മാന്‍ തന്റെ ഇഷ്ട പുത്രന് നല്‍കുന്നുണ്ട്.

വിശ്വാസപരവും കര്‍മപരവും സ്വഭാവ-സംസ്‌കരണ സംബന്ധിയയുമായ ഈ തത്ത്വോപദേശങ്ങള്‍ ഖുര്‍ആന്‍ അതീവ പ്രാധാന്യത്തോടെയാണ് ഉദ്ധരിക്കുന്നത്. സുഗ്രാഹ്യവും അയത്‌ന ലളിതവുമായ ഈ മഹദ് വചനങ്ങള്‍ തന്നെയാണ് ലുഖ്മാനെ മഹാനും തത്ത്വ ജ്ഞാനിയുമായി ചരിത്രത്തില്‍ പ്രതിഷ്ഠിച്ചതും.


 

Feedback