Skip to main content

ആനപ്പട്ടാളം

ക്രി.വ 571ല്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ജനനത്തിന് 50 ദിവസം മുമ്പ് മക്കയില്‍ നടന്ന ചരിത്രപ്രസിദ്ധമായ സംഭവമാണ് ആനക്കലഹം. ഹിജ്‌റ വര്‍ഷം നിലവില്‍ വരുന്നതു വരെ അറബികള്‍ കാലനിര്‍ണയത്തിന് അടിസ്ഥാനമാക്കിയിരുന്നത് ആനക്കലഹ സംഭവമായിരുന്നു. ആമുല്‍ ഫീല്‍ (ആന വര്‍ഷം) എന്നാണ് ഈ വര്‍ഷത്തെ അറബികള്‍ പറഞ്ഞിരുന്നത്. അത്രയേറെ സുപ്രധാന സ്ഥാനമാണ് ഈ ചരിത്ര സംഭവത്തിനുള്ളത്. വിശുദ്ധ ഖുര്‍ആന്‍ 105ആം  അധ്യായമായ അല്‍ഫീല്‍ ഈ സംഭവം ഹ്രസ്വമായി ചിത്രീകരിക്കുന്നുണ്ട്. സംഭവം ഇങ്ങനെയാണ്.

അബ്‌സീനിയന്‍ സാമ്രാജ്യത്തിലെ യമന്‍ ഭരിച്ചിരുന്നത് അബ്‌റഹത്ത് രാജാവായിരുന്നു. ചക്രവര്‍ത്തിയായിരുന്ന നേഗസിനെ പ്രീതിപ്പെടുത്താനായി അബ്‌റഹത്ത് യമനില്‍ ഒരു കണ്ണഞ്ചും ദേവാലയം പണിതു. അക്കാലത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായിരുന്ന മക്കയിലെ കഅ്ബക്ക് സമാനമായി ഇതിനെ ഉയര്‍ത്തണമെന്ന് രാജാവ് ഉദ്ദേശിച്ചു. എന്നാല്‍ അദ്ദേഹം നിരാശനായി. അങ്ങനെയാണ് ക്രി.വര്‍ഷം 571 മാര്‍ച്ച് മാസത്തില്‍ കഅ്ബ തകര്‍ക്കാന്‍ ശപഥം ചെയ്ത് അദ്ദേഹം സൈനിക നീക്കം നടത്തിയത്. 60000ത്തോളം പടയാളികളുണ്ടായിരുന്ന ആ സൈന്യത്തിന്റെ മുന്‍നിരയില്‍ ഒന്നിലധികം ഗജവീരന്‍മാരുണ്ടായിരുന്നു. അറബികളെ ഭീതിപ്പെടുത്താനാണ് അവര്‍ക്ക് ഒട്ടും പരിചയമില്ലാത്ത ആനകളെ അബ്‌റഹത്ത് സൈന്യത്തിന്റെ മുന്‍നിരയില്‍ വിന്യസിച്ചത്.
 
സൈന്യം മക്കയുടെ സമീപ പ്രദേശമായ മുസ്ദലിഫക്കും മിനായ്ക്കും ഇടയിലെത്തി. തങ്ങളുടെ ആഗമനോദ്ദേശ്യം അബ്‌റഹത്ത് ഖുറൈശി കാരണവരായ അബ്ദുല്‍ മുത്ത്വലിബിനെ നേരിട്ടറിയിച്ചു. എന്നാല്‍ ആന സൈന്യത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. നിസ്സഹായരായ അറബികള്‍ ജീവനും കൊണ്ട് മക്ക വിട്ടു. 

ആവേശം മൂത്ത അബ്‌റഹത്ത് കഅ്ബ തകര്‍ക്കാന്‍ സൈന്യത്തിന് കല്പന നല്‍കി. എന്നാല്‍ വിശുദ്ധ മന്ദിരത്തിന് നേരെ തിരിഞ്ഞ ആനകള്‍ പൊടുന്നനെ മുട്ടുകുത്തി. അവയെ എഴുന്നേല്‍പ്പിക്കാന്‍ സര്‍വ പരിശ്രമങ്ങളും നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. 

ഇതിന് പിന്നാലെ സൈന്യത്തിന്റെ തലയ്ക്കു മുകളിലൂടെ ചെറുകിളികള്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ അവ അവയുടെ കൊക്കിലും കാലുകളിലും  ഒളിപ്പിച്ചിരുന്ന ചരല്‍ക്കല്ലുകള്‍  (ചൂളയിലിട്ടു പഴുപ്പിച്ച കല്ലുകള്‍) സൈന്യത്തിന് മേല്‍ വര്‍ഷിച്ചു. 

ഈ ചുടുകല്ലുകള്‍ സൈനികരുടെ മാംസത്തെപ്പോലും പറിച്ചെടുത്തു. ആനകള്‍ വിറളിയെടുത്ത് നാലുപാടും ഓടി. സൈനികര്‍ ചിന്നിച്ചിതറി. നിമിഷാര്‍ധം കൊണ്ട് ആനപ്പട ചവച്ചരക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെ ആയിത്തീര്‍ന്നു.

കഅ്ബയുടെ ഉടമസ്ഥന്‍ അതിനെ സംരക്ഷിക്കും എന്ന് അബ്ദുല്‍ മുത്ത്വലിബ് അബ്‌റഹത്തിനോട് പറഞ്ഞിരുന്നു. അപ്പോള്‍ ഖുറൈശി കാരണവരെ അബ്‌റഹത്ത് പുച്ഛിക്കുകയാണുണ്ടായത്. എന്നാല്‍ പിന്നീട് സംഭവിച്ചത് അത് തന്നെയായിരുന്നു. ഈ ചരിത്ര സംഭവം അനുസ്മരിച്ചുള്ള സൂറ അല്‍ഫീല്‍ അവതീര്‍ണമാവുമ്പോള്‍ പ്രസ്തുത സംഭവം നേരില്‍ കണ്ട നൂറു കണക്കിന് പേര്‍ മക്കയില്‍ ജീവിച്ചിരുന്നു. ആനപ്പടയെ നശിപ്പിച്ചത് അല്ലാഹു തന്നെയാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു.


 

Feedback