Skip to main content

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)

ഇബ്‌നുഅബ്ബാസ് എന്ന വിളിപ്പേരുള്ള അബ്ദുല്ലാഹിബ്‌നു അബ്ബാസ് നബിയുടെ പിതൃവ്യപുത്രനും അഗാധജ്ഞാനിയുമായിരുന്നു. പ്രവാചകന്റെ മരണ സമയത്ത് ഇദ്ദേഹത്തിന് 13 വയസ്സു മാത്രമാണുണ്ടായിരുന്നത്. ഈ പ്രായത്തില്‍ അദ്ദേഹം നബിയില്‍ നിന്ന് പഠിച്ചറിഞ്ഞ കാര്യങ്ങളില്‍ നിന്ന് 165 ഹദീസുകള്‍ ബുഖാരിയും മുസ്‌ലിമും അവരുടെ സ്വഹീഹുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നബിയുടെ ഓരോ കാലടിപ്പാടും പിന്തുടര്‍ന്ന് നബിയുടെ ഒരു നിഴലായി ജീവിച്ചു. അതുകൊണ്ടു തന്നെ പ്രാചകന്റെ പലചര്യകളുടെയും സൂക്ഷ്മവശം അറിയാന്‍ അദ്ദേഹത്തിന് സാധിച്ചു. ആധുനിക ശബ്ദരേഖായന്ത്രങ്ങളെ വെല്ലുന്ന രീതിയില്‍ പ്രവാചകന്റെ വാക്കുകളെയും ഖുര്‍ആന്‍ വചനങ്ങളെയും ഒപ്പിയെടുക്കാന്‍ ഇബ്‌നുഅബ്ബാസിന് കഴിഞ്ഞു. ഖുറൈശി ഗോത്രത്തില്‍ അബ്ബാസുബ്‌നു അബ്ദില്‍ മുത്വലിബിന്റെ മകനായി പിറന്ന ഈ ഹാശിം വംശജന്‍ പിന്നീട് പാണ്ഡ്യത്യത്തിന്റെ പാരമ്യത്തിലെത്തി.

മുആവിയയുമായുള്ള തര്‍ക്കത്തില്‍ അലി(റ)വിനോട് അനുവാദം ചോദിച്ചുകൊണ്ട് വാദ വിഷയങ്ങളില്‍ സംസാരിക്കാമെന്നേല്‍ക്കുകയും മൂന്ന് അഭിപ്രായവ്യത്യാസങ്ങളിലും തന്റെ പാണ്ഡിത്യം കൊണ്ട് രഞ്ജിപ്പുണ്ടാക്കാന്‍ സാധിക്കുകയും ചെയ്തു.

വിജ്ഞാനം നേടിയെടുക്കുന്നതില്‍ ഇബ്‌നുഅബ്ബാസ് വലിയ ജാഗ്രത പുലര്‍ത്തി. ഒരു ഹദീസ് മുപ്പതോളം സ്വഹാബികളെ സമീപിച്ച് കൃത്യത വരുത്തുമായിരുന്നു. സ്ഥിരോത്സാഹം ഇബ്‌നു അബ്ബാസി(റ)നെ പ്രഗത്ഭപണ്ഡിതന്മാരെ അമ്പരിപ്പിക്കുന്ന ജ്ഞാനിയാക്കി. താബിഉകളില്‍ പ്രമുഖനായ മസ്‌റൂഖുബ്‌നു അജ്ദഅ് പറയുന്നു: ''ഇബ്‌നുഅബ്ബാസിനെ കാണുമ്പോള്‍ അതുല്യസുന്ദരന്‍ എന്നും അദ്ദേഹം സംസാരിക്കുമ്പോള്‍ അതുല്യവാഗ്മി എന്നും അദ്ദേഹം ഹദീസ് പറയുമ്പോള്‍ അതുല്യപണ്ഡിതന്‍ എന്നും ഞാന്‍ പറഞ്ഞുപോകും''.

പാണ്ഡിത്യത്തിന്റെ ഉന്നതിയില്‍ അദ്ദേഹം ഒരു അധ്യാപകന്‍ കൂടിയായിത്തീര്‍ന്നു. ഏത് വിജ്ഞാനശാഖയിലുള്ള സംശയങ്ങള്‍ തീര്‍ക്കാനും ജനങ്ങള്‍ക്ക് ഇബ്‌നു അബ്ബാസിനെ സമീപിക്കാമായിരുന്നു. വീട്ടില്‍ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ ഓരോ വിഷയത്തിനും ദിവസം നിശ്ചയിച്ച് അദ്ദേഹം സൗകര്യമൊരുക്കി. പ്രായം കുറവായിരുന്നിട്ടും ഖലീഫമാരുടെ നിയമോപ ദേഷ്ടാവായി ഇബ്‌നുഅബ്ബാസ് മാറി. സഅ്ദുബ്‌നു അബീവഖ്ഖാസ്(റ) പറയുന്നു: ''ഇബ്‌നു അബ്ബാസിനെപ്പോലെ ഓര്‍മശക്തിയും ബുദ്ധിവികാസവും അഗാധ പാണ്ഡിത്യവും തന്റേടവുമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. വിഷമസന്ധികളില്‍ ഉമര്‍ അദ്ദേഹത്തെ വിളിച്ചുവരുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ബദ്ര്‍യുദ്ധത്തില്‍ പങ്കെടുത്ത മുഹാജിറുകളും അന്‍സ്വാറുകളും സദസ്സിലുണ്ടാവും. ഇബ്‌നു അബ്ബാസ് സംസാരിക്കും. ഉമര്‍ അദ്ദേഹത്തിന്റെ വാക്കു തെറ്റി നടക്കാറില്ല.''

ബഹുജനങ്ങള്‍ക്കുവേണ്ടി സാരോപദേശങ്ങള്‍ നല്‍കാനും ഇബ്‌നുഅബ്ബാസ് പരിശ്രമിച്ചു. കര്‍മാനുഷ്ഠാനങ്ങളിലും അല്ലാഹുവിലുള്ള ഭയത്തിലും സദാമുഴുകി. 71ാം വയസ്സില്‍ ഇബ്‌നു അബ്ബാസ് ത്വാഇഫില്‍ വെച്ച് മരണമടഞ്ഞു.

Feedback