Skip to main content

യാത്രയിലെ മര്യാദകള്‍

യാത്ര മനുഷ്യജീവിതത്തിലെ അനിവാര്യതകളിലൊന്നാണ്. ജീവിത സന്ധാരണത്തിനായി രാപകല്‍ ഭേദമന്യേ മനുഷ്യന്‍ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു. കാലവും ലോകവും പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ അതോടൊപ്പം പുതിയ യാത്ര മാര്‍ഗങ്ങളും സഞ്ചാര സങ്കേതങ്ങളും മനുഷ്യര്‍ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. മനുഷ്യജീവിതവുമായി സര്‍വകാലത്തും യാത്രകള്‍ ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ മതത്തിന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇക്കാര്യത്തിലുമുണ്ട്.

യാത്രയ്ക്ക് ഗുണകരമാവുന്ന ഏതു സമയവും ദിവസവും തിരഞ്ഞെടുക്കാവുന്നതാണ്. ചില പ്രത്യേക ദിവസങ്ങളിലോ സമയങ്ങളിലോ യാത്രകള്‍ ചെയ്യാന്‍ പാടില്ല എന്ന് നബി(സ്വ) നിഷ്‌കര്‍ഷിച്ചിട്ടില്ല. ദുശ്ശകുനത്തിന്റെ(നഹ്‌സ്) പേരില്‍ ചില ദിവസങ്ങളിലെ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തിന് കടകവിരുദ്ധവുമാണ്. സൗകര്യപ്പെടുമെങ്കില്‍ വിദൂരയാത്രക്ക് വ്യാഴാഴ്ച തിരഞ്ഞെടുക്കുന്നത് നല്ലതാണെന്ന് തിരുചര്യയില്‍ നിന്ന് മനസ്സിലാകുന്നു. കഅ്ബ്‌നു മാലിക്(റ) പറയുന്നു: നബി(സ്വ) തബൂക് യുദ്ധത്തിന് പുറപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. അവിടുന്ന് വ്യാഴാഴ്ച യാത്ര പുറപ്പെടുന്നത് ഇഷ്ടപ്പെട്ടിരുന്നു (സ്വഹീഹുല്‍ ബുഖാരി: 2950). പ്രഭാത സമയത്ത് യാത്ര പുറപ്പെടുന്നത് നബി(സ്വ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നബി(സ്വ) പ്രാര്‍ഥിച്ചു: എന്റെ സമുദായത്തിന് പ്രഭാതത്തിലെ യാത്രയില്‍ അനുഗ്രഹം നല്‍കേണേ (മജ്മഉസവാഉഇദ് 64/4).

ഒറ്റയ്ക്കുള്ള യാത്രയില്‍ (വിദൂരസ്ഥലത്തേക്ക് ആണെങ്കില്‍) അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സഹയാത്രികരായി ആരെങ്കിലും ഉണ്ടാവുന്നത് ഉത്തമമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നബി(സ്വ) യാത്ര ഉദ്ദേശിച്ചാല്‍ ഭാര്യമാര്‍ക്കിടയില്‍ നറുക്കിടുകയും ആര്‍ക്കാണോ അവസരം ലഭിച്ചത് അവരെ കൊണ്ടുപോകുകയും ചെയ്തിരുന്നു. വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട ബന്ധുക്കളില്‍(മഹ്‌റം) ആരെങ്കിലുമില്ലാതെ സ്ത്രീ ഒറ്റയ്ക്ക് വിദൂരയാത്ര യാത്ര ചെയ്യുന്നത് നബി(സ്വ) വിലക്കിയിട്ടുണ്ട്. ദീര്‍ഘയാത്രയാകുമ്പോള്‍ സംഘാംഗങ്ങള്‍ക്ക് സ്വീകാര്യനായ ഒരാളെ നേതാവാക്കുക എന്നും നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. 

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ഒരു യാത്രയില്‍ മൂന്നു പേരുണ്ടെങ്കില്‍ അവരിലൊരാളെ നേതാവായി നിശ്ചയിച്ചു കൊള്ളട്ടെ (സുനനു അബീദാവൂദ്). യാത്രസംഘത്തിലെ ദുര്‍ബലരെപ്പോലും പരിഗണിക്കുകയും അവര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുകയും വേണം. ദുര്‍ബലരെ കൂടി പരിഗണിച്ച് കൊണ്ടുള്ള ക്രമീകരണങ്ങള്‍ നടപ്പിലാക്കേണ്ടത് നേതാവിന്റെ ബാധ്യതയാണ്. യാത്രാ വാഹനമായി ഒട്ടകപ്പുറത്ത് സഞ്ചരിക്കേണ്ടിവന്ന സന്ദര്‍ഭത്തില്‍ ആ മൃഗത്തെ കൂടി പരിഗണിച്ചു കൊണ്ട് പെരുമാറാന്‍ നബി(സ്വ) നിര്‍ദേശിച്ചു. പുല്ല് സമൃദ്ധമായി വളരുന്ന പ്രദേശത്തു കൂടി യാത്ര ചെയ്യുമ്പോള്‍ ആ ഒട്ടകത്തിന് പുല്ല് തിന്നാന്‍ അവസരം കൊടുക്കുകയും പരന്ന പ്രദേശത്ത് കൂടി കടന്ന് പോവുമ്പോള്‍ വേഗം കടന്നുപോവാനും നബി(സ്വ) നിര്‍ദേശിച്ചു.

ഉറക്കം, ഭക്ഷണം, പാനീയം തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന ക്ലേശകരമായ ഒരു കാര്യംകൂടിയാണ് യാത്രകള്‍. അതു കൊണ്ട് ആവശ്യം നിറവേറ്റിയാല്‍ യാത്രകള്‍ ദീര്‍ഘിപ്പിക്കുകയല്ല, ചുരുക്കുകയാണ് വേണ്ടത്. അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ്വ) പറഞ്ഞു. യാത്ര ക്ലേശത്തിന്റെ ഒരു കഷണമാണ്. അത് നിങ്ങളുടെ ഉറക്കം, ഭക്ഷണം, പാനീയം എന്നിവയെ തടയുന്നു. അതിനാല്‍ തന്റെ ആവശ്യം നിറവേറ്റിക്കഴിഞ്ഞാല്‍ ഉടനെ വീട്ടുകാരുടെ അടുത്തേക്ക് വേഗത്തില്‍ തിരിച്ചുപോകട്ടെ. (സ്വഹീഹുല്‍ ബുഖാരി-5429).

യാത്ര പുറപ്പെടുമ്പോള്‍ പ്രത്യേകമായ സുന്നത്ത് നമസ്‌കാരം നിര്‍ദേശിക്കപ്പെട്ടിട്ടില്ല. എന്നാല്‍ യാത്ര കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയാല്‍ അല്ലാഹുവിന് നന്ദി പറഞ്ഞ് രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കാം. ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിച്ച് പ്രാര്‍ഥനയോട് കൂടി യാത്ര ആരംഭിക്കുകയാണ് വേണ്ടത്. യാത്ര അയക്കുന്നവര്‍ യാത്രക്കാരന് വേണ്ടി ഇപ്രകാരം പ്രാര്‍ഥിക്കണം. 'താങ്കളുടെ മതകാര്യങ്ങളും വശ്വസ്തതയും പ്രവര്‍ത്തന ഫലങ്ങളും അല്ലാഹുവിങ്കല്‍ സുരക്ഷിതമായിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു'. (സുനതു തിര്‍മുിദി 34:43).

ദീര്‍ഘയാത്ര കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയാല്‍ രാത്രിയില്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തുന്നത് പ്രയാസം സൃഷ്ടിക്കുന്നു. ആയതിനാല്‍ നബി(സ്വ) രാത്രിയില്‍ തിരിച്ചെത്തി വീട്ടുകാരെ ശല്യം ചെയ്യുന്നത് വിലക്കി. വീട്ടുകാരെ മുന്‍കൂട്ടി അറിയിച്ചശേഷം അവര്‍ക്ക് പ്രയാസകരമാവാത്തവിധം പ്രഭാതത്തിലോ വൈകുന്നേരമോ ആയിട്ടാണ് നബി(സ്വ) യാത്ര കഴിഞ്ഞ് വീട്ടില്‍ പ്രവേശിക്കാറുണ്ടായിരുന്നത്. 

Feedback