Skip to main content

ഖബ്ര്‍ തുറക്കല്‍

ഒരു മുസ്‌ലിമിന്റെ ഖബ്‌റിടത്തില്‍ മറ്റൊരാളെ മറവ് ചെയ്യണമെങ്കില്‍ ആദ്യത്തെ മൃതദേഹം മണ്ണായി കഴിഞ്ഞുവെന്ന് ബോധ്യമാകണം. ഇനി പഴയ ഖബ്ര്‍ കുഴിച്ചപ്പോള്‍ പൂര്‍വാവശിഷ്ടങ്ങള്‍ വല്ലതും കിട്ടിയെങ്കില്‍ അതും ഒരു ഭാഗത്ത് മറവുചെയ്യേണ്ടതാണ്. ഒരു മയ്യിത്ത് നമസ്‌കരിക്കപ്പെടാതെ ഖബ്‌റടക്കിയാല്‍ അത് തുറക്കേണ്ടതില്ല. ഖബ്‌റിന്റെ അരികില്‍വെച്ച് നമസ്‌കരിച്ചാല്‍ മതിയെന്നാണ് പണ്ഡിതന്മാരില്‍ അധികപക്ഷവും അഭിപ്രായപ്പെട്ടത്. മണ്ണിട്ട് മൂടുന്നതിന്റെമുമ്പ് അറിയുകയാണെങ്കില്‍ പുറത്തെടുക്കേണ്ടതാണ്. ഖബ്‌റില്‍ വീണുപോയ സാധനം എടുക്കുക, ഖിബ്‌ലക്ക് നേരെ തിരിച്ചുകിടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഖബ്ര്‍ തുറക്കുന്നത് അനുവദനീയമാണെന്ന് അബൂഹനീഫയല്ലാത്ത അധിക പണ്ഡിതരും അഭിപ്രായപ്പെട്ടിരിക്കുന്നു.

ന്യായമായ ആവശ്യങ്ങള്‍ക്ക് മയ്യിത്ത് പുറത്തെടുക്കുന്നതിന് വിരോധമില്ലെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ജാബിറില്‍ നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ''എന്റെ പിതാവായിരുന്നു ഉഹ്ദിലെ ആദ്യത്തെ രക്തസാക്ഷി. അദ്ദേഹത്തിന്റെ കൂടെ മറ്റൊരാളെയും അതേ ഖബ്‌റില്‍ മറവുചെയ്തു. അത് എന്റെ മനസ്സിന് വിഷമമായി. അതിനാല്‍ ആറു മാസത്തിനുശേഷം ഞാനദ്ദേഹത്തെ പുറത്തെടുത്തു. അപ്പോള്‍ അദ്ദേഹത്തിന്റെ ചെവി മാത്രമേ ജീര്‍ണിച്ചിരുന്നുള്ളൂ'' (ബുഖാരി). അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ മൃതദേഹം ഖബ്‌റില്‍ പ്രവേശിപ്പിച്ച ശേഷം നബി(സ്വ)യുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത സംഭവം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.

''ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി മൃതദേഹം പുറത്തെടുക്കാമെന്ന് അത് തെളിയിക്കുന്നു. ഒരു മൃതദേഹത്തിന്റെ കൂടെ മറ്റൊന്ന് മറവ് ചെയ്യപ്പെടുന്നതിനാല്‍ മരിച്ചവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലല്ലോ'' (ഫത്ഹുല്‍ബാരി 3:214).

ചില സംശയകരമായ മരണങ്ങളില്‍ മരണകാരണം കണ്ടുപിടിക്കാനും വലിയ ക്രിമിനല്‍  കുറ്റങ്ങള്‍ തിരിച്ചറിയാനും മൃതദേഹം മറവുചെയ്തശേഷം അപൂര്‍വമായെങ്കിലും പുറത്തെടുക്കേണ്ടിവരാറുണ്ട്. അനിവാര്യഘട്ടങ്ങളില്‍ അതിനു വിരോധമില്ല എന്നാണ് മേല്‍ സംഭവങ്ങളില്‍ നിന്നെല്ലാം മനസ്സിലാവുന്നത്

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446