Skip to main content

ഖബ്‌റിന്നരികില്‍ ഖുര്‍ആന്‍ പാരായണം

മരണാനന്തരം ഖബ്‌റിന്നരികില്‍വെച്ച് നിര്‍വഹിക്കാനുള്ള കര്‍മങ്ങളിലൊന്നും ഖുര്‍ആന്‍ പാരായണം നിര്‍ദേശിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഖബ്‌റിന്നരികിലെ ഖുര്‍ആന്‍ പാരായണം കറാഹത്താണെന്ന് മാലികും അബൂഹനീഫയും വ്യക്തമാക്കിയിട്ടുണ്ട്.

സൂറതു നജ്മിലെ 39-ാം ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നുകസീര്‍ പറഞ്ഞു: ''പരേതര്‍ക്ക്‌വേണ്ടി ഖുര്‍ആന്‍ പാരായണംചെയ്തു അതിന്റെ പ്രതിഫലം ദാനംചെയ്താല്‍ അവര്‍ക്ക് ലഭിക്കില്ലെന്ന് ആ ആയത്തില്‍ നിന്ന് ശാഫിഈയും അദ്ദേഹത്തെ പിന്‍പറ്റിയവരും ഗ്രഹിച്ചിരിക്കുന്നു. അത് മരിച്ചവരുടെ സമ്പാദ്യത്തിലോ കര്‍മത്തിലോ പെട്ടതല്ല. അതിനാല്‍തന്നെ പ്രവാചകന്‍ (സ്വ) സമൂഹത്തെ അതിന് പ്രേരിപ്പിച്ചില്ല. വ്യക്തമായോ വ്യംഗ്യമായോ അത് സൂചിപ്പിക്കുകപോലുംചെയ്തില്ല. സ്വഹാബികളില്‍ ആരില്‍നിന്നും അത് ഉദ്ധരിക്കപ്പെട്ടില്ല. അതൊരു നന്മയായിരുന്നെങ്കില്‍ നമുക്ക് മുമ്പേ അതിലേക്കവര്‍ ഗമിക്കുമായിരുന്നു'' (4:258).

ഇമാം നവവി പറയുന്നു: ''മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണത്തെ സംബന്ധിച്ച് ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം മരിച്ചവര്‍ക്ക് അതിന്റെ പ്രതിഫലം ലഭിക്കില്ലെന്നാണ്'' (ശറഹുമുസ്‌ലിം 1:90).  ഈ വിഷയകമായി സുല്‍ത്വാനുല്‍ഉലമാ ഇസ്സബ്‌നു അബ്ദിസ്സലാമിന്റെ ഫത്‌വ ഇവിടെ ശ്രദ്ധേയമാണ്: ''ഖുര്‍ആന്‍ പാരായണംചെയ്തതിന്റെ പ്രതിഫലം അത് ഓതിയവന് മാത്രമാണ്. മറ്റൊരാളിലേക്കും അത് എത്തുകയില്ല. കാരണം, അല്ലാഹു പറഞ്ഞു: മനുഷ്യന് അവന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നില്ല (വി,ഖു. 53:39). ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സദ്ഫലം അവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവര്‍ക്കുമേല്‍തന്നെയാകുന്നു (വി.ഖു. 2:286). നിങ്ങള്‍ നന്മചെയ്താല്‍ നിങ്ങളുടെ ഗുണത്തിന്തന്നെ നന്മചെയ്യുന്നു (വി. ഖു.17:7). നബി(സ്വ) പറഞ്ഞു: ഖുര്‍ആന്‍ ഓതുന്നവന് ഓരോ അക്ഷരത്തിനും പത്ത് നന്മയാണ്.''

ഇവിടെ അക്ഷരങ്ങള്‍ക്കുള്ള പ്രതിഫലവും അധ്വാനത്തിന്റെ പ്രതിഫലവും അത് ചെയ്യുന്നവര്‍ക്കാണ് നിശ്ചയിച്ചത്. ഇനി ആരെങ്കിലും അത് മറ്റുള്ളവര്‍ക്കാക്കിയാല്‍ അവന്‍ ഖുര്‍ആന്‍ സൂക്തത്തിന്റെ നിര്‍ദേശത്തിനും ഹദീസിനും മതപരമായ തെളിവില്ലാതെ എതിര്‍ പ്രവര്‍ത്തിച്ചവനായി. ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം ആരെങ്കിലും മയ്യിത്തിനാക്കിയാല്‍ അവന്‍ ''മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ മറ്റൊന്നില്ല'' എന്ന ആയത്തിന് എതിരായി. കാരണം ഖുര്‍ആന്‍ പാരായണം മയ്യിത്തിന്റെ പ്രവൃത്തിയില്‍ പെട്ടതല്ല. അതുകൊണ്ടാണ് സദ്കര്‍മങ്ങള്‍ അത് ചെയ്തവര്‍ക്കാണെന്ന് അല്ലാഹു പറഞ്ഞത്. ''ആര്‍ നല്ലത്‌ചെയ്‌തോ അത് അവന്നുള്ളതാണ്'' (വി.ഖു. 41:46). അതിനാല്‍ ആരെങ്കിലും വല്ലകര്‍മത്തെയും അത് ചെയ്യാത്തവര്‍ക്കാക്കിയാല്‍ അവന്‍ ഈ സത്യ വൃത്താന്തത്തിന് എതിര്‍ പ്രവര്‍ത്തിച്ചവനായി. സ്വപ്നങ്ങള്‍കൊണ്ട് ഇത് സ്ഥിരപ്പെടുത്തുന്നവരെക്കുറിച്ചാണ് അത്ഭുതം. മതനിയമങ്ങള്‍ സ്ഥിരീകരിക്കാനുള്ള പ്രമാണമല്ലല്ലോ സ്വപ്നങ്ങള്‍. പിശാചിന്റെ സ്വാധീനവും അവന്‍ ഭംഗിയാക്കികാണിക്കുന്നതുകൊണ്ടുമായിരിക്കാം ഇതൊക്കെ ഉണ്ടാവുന്നത്'' (ഫതാവാ സുല്‍ത്വാനില്‍ ഉലമാഅ്, പേജ് 43, 44).

ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുകയില്ലെന്ന് പറയുമ്പോള്‍ ദിക്‌റുകളുടെയും സ്വലാത്തിന്റെയും കൂലി പരേതര്‍ക്ക് ലഭിക്കുകയില്ലെന്ന് വളരെ വ്യക്തമാണല്ലോ. മാത്രമല്ല, ഖബ്‌റിന്നരികിലെ പാരായണം ''ഖബ്‌റുകള്‍ ആരാധനാലയമാക്കരുത്'' എന്ന പ്രബലമായ ഹദീസിന് എതിരുമാണ്. അബ്ദുര്‍റഹ്മാനിബ്‌നു അബീബകറിന്റെ ഖബ്‌റിനു മീതെ ചിലര്‍ തണലിന് വേണ്ടി കൂടാരം കെട്ടിയുണ്ടാക്കി. പ്രമുഖ സ്വഹാബിയായ ഇബ്‌നു ഉമര്‍ അതുകണ്ട് ഉടനെ അത് അഴിച്ചുമാറ്റാന്‍ നിര്‍ദേശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ''അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ മാത്രമേ അദ്ദേഹത്തിന് തണലേകുകയുള്ളൂ.'' ഇതില്‍ നിന്നൊക്കെ ഖത്തപ്പുരകള്‍ നിര്‍മിക്കുന്നത് തന്നെ അനുവദനീയമല്ലെന്ന് സുവ്യക്തമാണ്.

 

Feedback
  • Saturday May 4, 2024
  • Shawwal 25 1445