Skip to main content

വഴിതെറ്റിയ സിയാറത്ത്

സദ്‌വൃത്തനായ ഒരു മനുഷ്യന്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ ഖബ്‌റിങ്കല്‍ സിയാറത്തിന്റെ പേരില്‍ മതവിരുദ്ധവും നിഷിദ്ധവുമായ ഒട്ടേറെ ചെയ്തികള്‍ ഇന്ന് നടക്കുന്നു. അവിടെ സുജൂദ്‌ചെയ്യുക, അത് സ്പര്‍ശിച്ചു ബര്‍ക്കത്ത് നേടുക, തിരികൊളുത്തുക, വിരിപ്പുകള്‍കൊണ്ട് ഖബ്ര്‍ മൂടുക, ഖബ്ര്‍ നിവാസിയോട് പ്രാര്‍ഥിക്കുക എന്നിവയൊക്കെ അതില്‍ ചിലത് മാത്രമാണ്. ഇപ്രകാരം ഖബ്‌റാളിയെയും ഖബ്‌റിനെയും ബഹുമാനിക്കുന്നത് ഇസ്‌ലാം നിഷിദ്ധമാക്കി. അബ്ദുല്ലാഹില്‍ ബജ്‌ലിയില്‍നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നു: ''നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ അവരിലെ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ഖബ്‌റുകള്‍ ആരാധനാലയങ്ങളാക്കിയിരുന്നു. അറിയുക, നിങ്ങള്‍ ഖബ്‌റുകള്‍ പള്ളികളാക്കരുത്. നിശ്ചയം ഞാന്‍ നിങ്ങളെ അതില്‍ നിന്ന് വിലക്കുന്നു.''

ഖബ്‌റുകള്‍ പള്ളികളാക്കരുതെന്നതിന്റെ വിവക്ഷ ഖബ്‌റിന്മേല്‍ പള്ളിസ്ഥാപിക്കുക മാത്രമല്ല. പള്ളികളില്‍ നിര്‍വഹിക്കപ്പെടേണ്ടത് പോലുള്ള ആരാധനകളും മറ്റും ഖബ്‌റിങ്കല്‍വെച്ചു ചെയ്യലാണ്. ''നിങ്ങള്‍ നമസ്‌കാരത്തില്‍ നിന്നും ഒരു ഭാഗം നിങ്ങളുടെ വീടുകളിലാക്കുക. അവയെ നിങ്ങള്‍ ഖബ്‌റുകളാക്കരുത്'' എന്ന നബിവചനത്തിന്റെ ഉദ്ദേശ്യം ഖബ്‌റുകളില്‍ ഒരു ആരാധനയും ചെയ്യാത്തതുപോലെ മുസ്‌ലിംകളുടെ വീടുകളെ ആക്കരുതെന്നാണല്ലോ.

പരേതനോടുള്ള ആദരവും ബഹുമാനവും ഒരിക്കലും ആരാധനയായിക്കൂടാ. ഇമാം ശാഫിഈ പറയുന്നു: ''ഏതൊരു സൃഷ്ടിയെയും അതിരുകവിഞ്ഞ് ബഹുമാനിക്കുന്നത് (തഅ്ദ്വീം) ഞാന്‍ വെറുക്കുന്നു. കാരണം അവന്റെ ഖബ്ര്‍ ആരാധനാലയമാക്കപ്പെടുകയും അതിനാല്‍ ശേഷക്കാര്‍ വിപത്തിലാക്കപ്പെടുകയും ചെയ്‌തേക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു'' (അല്‍ഉമ്മ് 1:246).

ആരാധനകള്‍കൊണ്ട് ഖബ്‌റിനെ വിശേഷവത്കരിക്കുകയെന്ന ജൂത ക്രിസ്ത്യാനികളുടെ മാര്‍ഗം സ്വീകരിക്കരുതെന്ന് താക്കീതുചെയ്യുക മാത്രമല്ല, അതിലേക്കുള്ള സാധ്യതകളെയും ഇസ്‌ലാം നിരോധിച്ചു. നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ ഖബ്‌റിന്മേല്‍ ഇരിക്കരുത്. അതിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുകയും അരുത്'' (മുസ്‌ലിം). അല്ലാഹുവിലേക്ക് തിരിഞ്ഞുകൊണ്ടാണ് നമസ്‌കരിക്കുന്നതെന്ന നിയ്യത്തുണ്ടെങ്കിലും ഖബ്‌റിലേക്ക് തിരിഞ്ഞായിക്കൂടെന്ന പ്രസ്താവന വളരെ ശ്രദ്ധേയമാണ്. പള്ളിയില്‍ മയ്യിത്ത് ഖിബ്‌ലയുടെ ഭാഗത്തുവെച്ച് ഫര്‍ദ് നമസ്‌കരിക്കുന്നതിനെപോലും പണ്ഡിതന്മാര്‍ വിമര്‍ശിച്ചു. ശൈഖല്‍ഖാരി പറഞ്ഞു: ''കഅ്ബയുടെ ഭാഗത്ത് ജനാസ വെക്കുകയും പിന്നീട് കഅ്ബയിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുകയും ചെയ്യുന്നത് മക്കക്കാര്‍ക്ക് അകപ്പെട്ട ഒരു വിപത്താണ്'' (മിര്‍ഖാത്തുല്‍മഫാതീഹ് 2:272).

മരണപ്പെട്ട മഹാന്മാരോടുള്ള അമിതാദരവിന്റെ പേരില്‍ അവരുടെ ഖബ്‌റുകള്‍ക്ക് മീതെ പടുത്തുയര്‍ത്തിയ സൗധങ്ങളില്‍ ഉറൂസ്, നേര്‍ച്ച, ചന്ദനക്കുടം എന്നിവയൊക്കെ നടത്തല്‍ ബഹുദൈവാരാധനയ്ക്ക് സമാനമാണെന്ന് ഇമാം റാസി പറയുന്നു. ''നിശ്ചയം, അവിശ്വാസികള്‍ അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപത്തിലായിരുന്നു വിഗ്രഹങ്ങളും പ്രതിമകളും സ്ഥാപിച്ചത്. പ്രതിമകള്‍ക്ക് ആരാധനകള്‍ ചെയ്താല്‍ ആ മഹാന്മാര്‍ തങ്ങള്‍ക്ക്‌വേണ്ടി അല്ലാഹുവിന്റെ അടുത്ത് ശിപാര്‍ശചെയ്യുമെന്നായിരുന്നു അവരുടെ ജല്പനം. ഇതിന് സമാനമാണ് ഇന്ന് അനേകം മനുഷ്യര്‍ മഹാന്മാരുടെ ഖബ്‌റുകള്‍ ബഹുമാനിക്കുന്നതില്‍ മുഴുകിയിരിക്കുന്നത്. മഹാന്മാരുടെ ഖബ്‌റുകളെ ബഹുമാനിച്ചാല്‍ അവര്‍ തങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്റെയടുക്കല്‍ ശിപാര്‍ശചെയ്യുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്'' (തഫ്‌സീറുല്‍കബീര്‍ 60: 17-18).

ഇമാം അബുല്‍ഹസന്‍ മുഹമ്മദുബ്‌നു മര്‍സൂഖ് സഅ്ഫറാനി തന്റെ 'ജനാഇസി'ല്‍ പറഞ്ഞു: ''ഖബ്ര്‍ ചുംബിക്കരുത്, അത് കൈകൊണ്ട് സ്പര്‍ശിക്കുകയും അരുത്. ഇപ്രകാരമാണ് ചര്യ വന്നിട്ടുള്ളത്.'' അദ്ദേഹം തുടരുന്നു: ''ഇക്കാലത്ത് സാധാരണക്കാര്‍ചെയ്യുന്ന ഖബ്ര്‍ ചുംബനവും സ്പര്‍ശവും മതദൃഷ്ട്യാ നികൃഷ്ടമായ ബിദ്അത്തുകളില്‍ പെട്ടതാണ്. അത് ഉപേക്ഷിക്കല്‍ അനിവാര്യവും അപ്രകാരം ചെയ്യുന്നവനെ വിലക്കേണ്ടതുമാണ്''. അബൂമൂസാ പറഞ്ഞു: ''ഖുറാസാനിലെ മഹാപണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു: സന്ദര്‍ശകന്‍ മയ്യിത്തിന്റെ മുഖത്തെ അഭിമുഖീകരിച്ച് ഖിബ്‌ലക്ക് പിന്നിട്ടായി നില്ക്കുന്നതാണുത്തമം. അവന്‍ സലാം പറയണം. ഖബ്ര്‍ തലോടുകയോ സ്പര്‍ശിക്കുകയോ ചുംബിക്കുകയോ അരുത്. കാരണം തീര്‍ച്ചയായും ഇത് ക്രിസ്ത്യാനികളുടെ ആചാരമാണ്. '' നവവി പറയുന്നു: ''ഈ പണ്ഡിതന്മാര്‍ പറഞ്ഞത് ശരിയാണ്. കാരണം ഖബ്‌റുകളെ ബഹുമാനിക്കല്‍ (തഅ്ദ്വീം) നിരോധിക്കപ്പെട്ടതാണെന്ന് സ്വഹീഹായി വന്നിട്ടുണ്ട്. കഅ്ബയുടെ രണ്ടു ഭാഗങ്ങള്‍ സ്പര്‍ശിക്കുന്നത് അഭിലഷണീയമായിരിക്കെ അതിന്റെ ശാമി ഭാഗങ്ങള്‍ സ്പര്‍ശിക്കുന്നത് അഭിലഷണീയമാകുന്നില്ല. കാരണം, അങ്ങനെ നബിചര്യയിലില്ല. എന്നാല്‍ ഖബ്ര്‍ സ്പര്‍ശത്തിലെ അനഭിലഷണീയത ഇതിനേക്കാള്‍ കൂടുതല്‍ വ്യക്തമാണ്'' (ശറഹുല്‍മുഹദ്ദബ് 5:311).

ഖബ്‌റുകള്‍ ആരാധിക്കപ്പെടുന്നത് ഗുരുതരമായ ഒരു പാതകമായാണ് നബി(സ്വ) കണ്ടിരുന്നത്. അത്തരക്കാരെ പ്രവാചകന്‍(സ്വ) ശപിക്കുകകൂടിയുണ്ടായി. ''ഖബ്‌റുകള്‍ പള്ളികളാക്കുന്നവരെയും അവിടെ വിളക്കുകൊളുത്തുന്നവരെയും നബി(സ്വ) ശപിച്ചു'' (അബൂദാവൂദ്, നസാഈ). പ്രവാചകന്‍ സമൂഹത്തോടായി നിരോധിച്ചു: 'നിങ്ങള്‍ എന്റെ ഖബ്‌റിനെ ഉത്സവസ്ഥലമാക്കരുത്'' (അബൂദാവൂദ്).അവിടുന്ന് പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, നീ എന്റെ ഖബ്‌റിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ''(മുവത്വ).

നബി(സ്വ)യെ വീട്ടില്‍ മറവ്‌ചെയ്തതിന്റെ ഉദ്ദേശ്യം ഖബ്ര്‍ ആരാധിക്കപ്പെട്ടേക്കുമോ എന്ന ആശങ്കയാണെന്ന് ബുഖാരി പറയുന്നു. ആഇശ(റ) പറയുന്നു: ''നബി(സ്വ) രോഗാവസരത്തില്‍ പറഞ്ഞു: ജൂതക്രിസ്ത്യാനികള്‍ അവരുടെ പ്രവാചകന്മാരുടെ ഖബ്‌റുകള്‍ പള്ളികളാക്കിയതിനാല്‍ അല്ലാഹു അവരെ ശപിച്ചിരിക്കുന്നു.'' ആഇശ(റ) തുടര്‍ന്നു: ''ഇപ്രകാരമായിരുന്നില്ലെങ്കില്‍ നബി(സ്വ)യുടെ ഖബ്ര്‍ സ്വഹാബികള്‍ വെളിയിലാക്കുമായിരുന്നു. പക്ഷേ പള്ളിയാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു'' (ബുഖാരി).

ശവകുടീരങ്ങളിലേക്ക് പുണ്യം പ്രതീക്ഷിച്ചുകൊണ്ടുള്ള തീര്‍ഥയാത്ര ഇസ്‌ലാം നിരോധിച്ചു. പ്രവാചകന്‍ പറയുന്നു. ''മസ്ജിദുല്‍ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍അഖ്‌സ്വാ എന്നീ മൂന്ന് പള്ളികളിലേക്കല്ലാതെ തീര്‍ഥാടനം പാടില്ല.'' (ബുഖാരി)

ചുരുക്കത്തില്‍ പുണ്യം പ്രതീക്ഷിച്ചുകൊണ്ട് ശവകുടീരങ്ങളിലേക്കുള്ള തീര്‍ഥാടനവും അവയ്ക്ക് മുകളില്‍ ഗോപുരങ്ങളും മറ്റും പടര്‍ത്തുയര്‍ത്തുന്നതും ഇസ്‌ലാം നിരോധിക്കുകയും തന്മൂലം പൂര്‍വവേദക്കാര്‍ക്ക് സംഭവിച്ച അധ:പതനം മുസ്‌ലിംകളെ ബാധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്ന് താക്കീത്‌ചെയ്തു. എന്നാല്‍ ഇതെല്ലാം ഉണ്ടായിരിക്കെതന്നെ ശവകുടീരങ്ങളില്‍ മുസ്‌ലിം സമൂഹത്തില്‍ വലിയൊരുവിഭാഗം ബന്ധിക്കപ്പെട്ടിരിക്കുന്ന ദുഃഖകരമായ സ്ഥിതിയാണ് ഇന്നുള്ളത്. ഇസ്‌ലാമിന്റെ നിര്‍ദേശങ്ങള്‍ ശ്രവിക്കാത്തതിനാല്‍ മുസ്‌ലിംകള്‍ എത്തിച്ചേരുന്ന ദാരുണമായ അവസ്ഥയെകുറിച്ച് ഇമാം ശൗകാനി പറയുന്നു:

''ഖബ്‌റുകള്‍ ജാറങ്ങളായി കെട്ടിപ്പൊക്കുകയും അവ അലങ്കരിക്കുകയും ചെയ്യുന്നത്മൂലം എന്തെല്ലാം കുഴപ്പങ്ങളാണ് പടര്‍ന്നുകൊണ്ടിരിക്കുന്നത്! ഇസ്‌ലാം അവയെച്ചൊല്ലി വിലപിച്ചുകൊണ്ടിരിക്കുകയാണ്. സത്യനിഷേധികള്‍ വിഗ്രഹങ്ങളെ സംബന്ധിച്ചു വിശ്വസിക്കുന്നത് പോലെ പാമരന്മാര്‍ ഈ ജാറങ്ങളെക്കുറിച്ചു വിശ്വസിക്കുന്നു. ജാറങ്ങള്‍ മഹത്വവത്കരിക്കപ്പെടുകയും നന്മകള്‍ നേടിക്കൊടുക്കാനും ഉപദ്രവങ്ങള്‍ തടുക്കാനും അവയ്ക്ക് കഴിവുണ്ടെന്ന് അവര്‍ കരുതുകയുംചെയ്യുന്നു. അങ്ങനെ തങ്ങളുടെ അഭിലാഷസാഫല്യ കേന്ദ്രമായും ഫലസിദ്ധിക്കുള്ള സ്ഥാനമായും ഖബ്‌റുകളെ അവര്‍ പരിഗണിക്കുന്നു. ദാസന്മാര്‍ അല്ലാഹുവോട് ചോദിക്കേണ്ട കാര്യങ്ങള്‍ അവര്‍ ഖബ്‌റാളികളോട് ചോദിക്കുന്നു. അവിടേക്ക് തീര്‍ഥാടനം ചെയ്യുന്നു. അവര്‍ വന്ദനത്തോടെ അവയെ തൊട്ടുതടവുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ജാഹിലിയ്യാകാലത്തെ ആളുകള്‍ വിഗ്രഹങ്ങളുടെ അടുക്കല്‍ ചെയ്തിരുന്നതൊന്നും അവര്‍ ഈ ഖബ്‌റില്‍ ചെയ്യാതെ പോവുന്നില്ല. അല്ലാഹുവില്‍ അഭയം''  (നൈലുല്‍ഔത്വാര്‍ 4:72).

Feedback
  • Saturday May 4, 2024
  • Shawwal 25 1445