Skip to main content

ഖബ്ര്‍ സിയാറത്ത്

ഖബ്ര്‍ സന്ദര്‍ശനം സുന്നത്താണ്. ആദ്യകാലത്ത് അത് ഇസ്‌ലാം നിരോധിച്ചിരുന്നു. പിന്നീട് ഇസ്‌ലാമിക വിശ്വാസവും സംസ്‌കാരവും രൂഢമൂലമാവുകയും ജാഹിലിയ്യത്തിന്റെ അവശിഷ്ടങ്ങള്‍ കൂടി നാശോന്മുഖമാവുകയും ചെയ്തപ്പോള്‍ ഖബ്ര്‍ സന്ദര്‍ശനം അനുവദിക്കപ്പെട്ടു. ബുറൈദയില്‍ നിന്നു മുസ്‌ലിമും ബുഖാരിയും നിവേദനം ചെയ്യുന്നു: ''ഖബ്ര്‍ സന്ദര്‍ശനം നേരത്തെ ഞാന്‍ നിങ്ങളോട് നിരോധിച്ചിരുന്നു. ഇനി നിങ്ങള്‍ ഖബ്ര്‍ സന്ദര്‍ശിച്ചുകൊള്ളുക. അത് നിങ്ങളില്‍ പരലോകബോധമുണ്ടാക്കും.''

സിയാറത്ത് അനുവദിച്ചപ്പോള്‍ അതിന്റെ ലക്ഷ്യവും കൂടി ഇവിടെ വിവരിക്കപ്പെട്ടു. ഹാക്കിമിന്റെ റിപ്പോര്‍ട്ടില്‍ ''സിയാറത്ത് ഹൃദയത്തെ നിര്‍മലമാക്കുകയും, കണ്ണീര്‍ ഒഴുക്കുകയുംചെയ്യും എന്നും ''അതില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്'' എന്ന് അഹ്മദിന്റെ നിവേദനത്തിലും വന്നിട്ടുണ്ട്.

പ്രസ്തുത ലക്ഷ്യത്തിന്നായി ഏത് ഖബ്‌റും സന്ദര്‍ശിക്കാവുന്നതാണ്. അമുസ്‌ലിമിന്റെ ഖബ്‌റും സന്ദര്‍ശിക്കാവുന്നതാണ്. പക്ഷേ അവരുടെ പാപമോചനത്തിന്നായി പ്രാര്‍ഥിക്കരുതെന്ന് മാത്രം. തന്റെ മാതാവിന്റെ ഖബഢക്ത സന്ദര്‍ശിച്ചത് സംബന്ധിച്ച് നബി(സ്വ) പറഞ്ഞത് അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: ''അവര്‍ക്ക് പാപമോചനത്തിന്നായി പ്രാര്‍ഥിക്കാന്‍ ഞാന്‍ എന്റെ നാഥനോട് അനുവാദം ചോദിച്ചു. എന്നാല്‍ അനുവദിക്കപ്പെട്ടില്ല. അവരുടെ ഖബ്ര്‍ സിയാറത്ത് ചെയ്യാന്‍ അനുവദിക്കുകയുംചെയ്തു. അതിനാല്‍ നിങ്ങളും ഖബ്ര്‍ സന്ദര്‍ശിക്കുക. അത് മരണ സ്മരണയുണര്‍ത്തും'' (മുസ്‌ലിം, അബൂദാവൂദ്).

സിയാറത്തിന്റെ രൂപം

സന്ദര്‍ശകന്‍ മയ്യിത്തിന്റെ നന്മയ്ക്കായി പ്രാര്‍ഥിക്കേണ്ടതുണ്ട്. അതിന്റെ വിവിധ രൂപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശ്മശാനത്തിലേക്ക് പുറപ്പെട്ടവന്‍ ഇപ്രകാരം പറയേണ്ടതായി തിരുമേനി പഠിപ്പിച്ചുവെന്ന് ബുറയ്ദയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു:

അസ്സലാമു അലൈകും അഹ്‌ലദ്ദിയാരി മിനല്‍ മുഅ്മിനീന വല്‍മുസ്‌ലിമീന്‍, വ ഇന്നാ ഇന്‍ശാഅല്ലാഹു ബികും ലാഹികൂന്‍, നസ്അലുല്ലാഹ ലനാ വലകുമുല്‍ ആഫിയ(65) (ഈ പാര്‍പ്പിടങ്ങളില്‍ വസിക്കുന്ന മുസ്‌ലിംകളും മുഅ്മിനുകളുമായവരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്. നിങ്ങള്‍ ഞങ്ങളുടെ മുന്‍ഗാമികളും ഞങ്ങള്‍ നിങ്ങളുടെ അനുഗാമികളുമാണ്. നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സൗഖ്യം നല്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു). (മുസ്‌ലിം)

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) മദീനയിലെ ഖബ്‌റുകള്‍ക്കരികിലൂടെ പോയപ്പോള്‍ അവിടുന്ന് പറഞ്ഞു: ''ഖബ്ര്‍ നിവാസികളേ, അല്ലാഹുവിന്റെ രക്ഷ നിങ്ങള്‍ക്കുണ്ടാവട്ടെ. അല്ലാഹു ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പൊറുത്തുതരട്ടെ. നിങ്ങള്‍ ഞങ്ങളുടെ മുന്‍ഗാമികള്‍. ഞങ്ങള്‍ പിന്‍ഗാമികളും'' (തിര്‍മിദി).

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446