Skip to main content

ഹൃദയ വിശാലത

ജീവിതത്തില്‍ സദാ ഹൃദയ വിശുദ്ധി കാത്തു സൂക്ഷിക്കുന്ന മുസ്‌ലിമിന്റെ സ്വഭാവ ഗുണത്തില്‍പ്പെട്ടതാണ് വിശാലമനസ്‌കത. അല്ലാഹുവിലും പരലോകത്തിലുമുള്ള ദൃഢ വിശ്വാസമാണ് വിശാലമനസ്‌കതയോടെ മറ്റുള്ളവരോട് ഇടപഴകുവാന്‍ സത്യവിശ്വാസിയെ പ്രചോദിപ്പിക്കുന്നത്. വിജ്ഞാനം, വിനയം, ഉദാരത, കാരുണ്യം, ക്ഷമ, വിട്ടുവീഴ്ച എന്നിവ ഹൃദയവിശാലതയുള്ളവരില്‍ നിന്ന് പ്രകടമാവുന്ന ഉത്കൃഷ്ട ഗുണങ്ങളാണ്. അതുകൊണ്ട് ഒരാളുടെ സ്വര്‍ഗപ്രവേശനത്തിന് അര്‍ഹമാക്കുന്ന സദ്ഗുണങ്ങളില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നതാണ് ഹൃദയവിശാലത. അല്ലാഹുവിന്റെ അതിമഹത്തായ ഒരു അനുഗ്രഹമായി വിശുദ്ധഖുര്‍ആന്‍ അത് എടുത്ത് പറയുന്നുണ്ട്.

ഹൃദയ വിശാലത കാണിക്കുന്നതില്‍ അനന്യമാതൃകയാണ് മുഹമ്മദ് നബി(സ്വ)യുടെ ജീവിതം. നബി(സ്വ)യോടും അനുചരന്മാരോടും ഖുറൈശികള്‍ കാണിച്ചിരുന്നത് കടുത്ത ശത്രുതയും ധിക്കാരവും ആയിരുന്നു ജന്മനാട്ടില്‍ നിന്ന് അഭയാര്‍ഥികളായി നാടുവിടേണ്ടി വന്ന ദുര്യോഗം ഉണ്ടായപ്പോഴും ക്ഷമ അവലംബിച്ചു. മക്ക ഒന്നടങ്കം ഇസ്്‌ലാമിനും മുസ്‌ലിംകള്‍ക്കും അധീനപ്പെടുമാറ് മക്കാ വിജയം സാധ്യമായപ്പോള്‍ അന്നേദിവസം നബി(സ്വ)യുടെ സന്നിധിയില്‍ അവര്‍ വന്നത് നബി(സ്വ)യുടെ ഭാഗത്ത് നിന്ന് ഏത് നടപടിയും സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ നബി അവരോട് പറഞ്ഞു. 'എല്ലാവരും പോയിക്കൊള്ളുക നിങ്ങള്‍ സ്വതന്ത്രരായിരിക്കുന്നു.' തിരിച്ചടിക്ക് അനുകൂല സാഹചര്യം സംജാതമായപ്പോള്‍ പക്വമതിയായി അതിനോട് പ്രതികരിക്കുന്ന നബി(സ്വ) വിട്ടുവീഴ്ചയുടെയും വിശാലമനസ്‌കതയുടെയും ഉദാത്തമാതൃക അനുചരരെ പഠിപ്പിക്കുന്നു. ബന്ധുക്കളുടെ നാടായ ത്വാഇഫിനെ ലക്ഷ്യമാക്കി റസൂല്‍(സ്വ) നീങ്ങിയപ്പോള്‍ അവിടെ അഭയം ലഭിക്കുമെന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു എന്നാല്‍ അങ്ങാടിപ്പിള്ളേരെ വിട്ട് കല്ലെറിഞ്ഞ് റസൂല്‍(സ്വ)യെ അവര്‍ അകറ്റി. കൈയില്‍ നിന്ന് രക്തം ഒഴുകി ഒടുവില്‍ നിസ്സഹായനായി റസൂല്‍(സ്വ) ഒരിടത്ത് വിശ്രമിച്ചപ്പോഴും ത്വാഇഫുകാരെ കുറിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചത് ഇപ്രകാരമാണ്. അല്ലാഹുവേ എന്റെ ജനങ്ങള്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ, അവര്‍ അറിവില്ലാത്തവരാണ്. 

പ്രബോധന മാര്‍ഗത്തില്‍ പ്രവാചകന്ന് പ്രതിസന്ധികള്‍ ഏറെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും സ്ഥിരചിത്തതയോടെ ദൗത്യനിര്‍വഹണം നടത്താന്‍ റസൂല്‍(സ്വ)ക്ക് സാധിച്ചത് ഹൃദയവിശാലതയോടെ ജനങ്ങളോട് ഇടപഴകാന്‍ സാധിച്ചതുകൊണ്ടാണ്. അല്ലാഹു പറയുന്നു: നബിയേ, നിന്റെ ഹൃദയം നിനക്ക് നാം വിശാലമാക്കിതന്നില്ലേ? നിന്റെ ഭാരം നിന്നില്‍ നിന്ന് നാം (ഇറക്കി) വെക്കുകയും ചെയ്തിരിക്കുന്നു. അതായത് നിന്റെ മുതുകിനെ ഞെരുക്കി കളഞ്ഞ(ആ ഭാരം). നിന്റെ കീര്‍ത്തി നിനക്കു നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു (94:1-4).

പ്രവാചകന്‍(സ്വ)യുടെ ജീവിതം മുഴുവന്‍ വിശാലമനസ്‌കതയുടെ പ്രഭാവങ്ങള്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. പ്രബോധകര്‍ക്കുണ്ടാവേണ്ട പ്രധാന യോഗ്യതയായി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് ഹൃദയ വിശാലതയാണ്. സീനാ താഴ് വരയില്‍ വെച്ച് മൂസ(അ) നബിയെ അല്ലാഹു റസൂലായി നിയോഗിച്ചപ്പോള്‍ അദ്ദേഹം ചെയ്ത ഒന്നാമത്തെ പ്രാര്‍ഥന, 'റബ്ബേ, എനിക്ക് എന്റെ ഹൃദയം നീ വിശാലമാക്കി തരേണമേ' എന്നായിരുന്നു (20:25).

ഗുണകാംക്ഷയുടെ മതമായ ഇസ്ലാമിന്റെ വഴിയിലേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് അവസരമുണ്ടായാല്‍ അയാളുടെ ഹൃദയം ഇസ്‌ലാമിന്റെ വിശ്വാസാചാര മുറ സ്വീകരിക്കാനും  അംഗീകരിക്കാനും സന്നദ്ധതയുണ്ടാകുന്ന വിധം അതിന് വിശാലതയും വികാസവും അല്ലാഹു പ്രദാനം ചെയ്യുന്നു.

ദൈവികമതമായ ഇസ്‌ലാമിന്റെ അനുശാസനങ്ങളെല്ലാം മുഴുവന്‍ മനുഷ്യരുടെയും ഇഹപര നന്മയ്ക്ക് ഉതകുന്നവയാണ്. വ്യക്തിക്ക് മാത്രമല്ല, അവന്‍ ജീവിക്കുന്ന സമൂഹത്തിനു കൂടി ഇസ്‌ലാമിന്റെ തത്ത്വങ്ങളും അധ്യാപനങ്ങളും അനുസരിച്ചുള്ള ജീവിത ക്രമത്തിലൂടെ ഗുണഫലം ലഭിക്കണമെന്നാണ് മതത്തിന്റെ കാഴ്ചപ്പാട്. സകലമാന സങ്കുചിത ചിന്താഗതികളില്‍ നിന്നും മുക്തനായി വിശാലമായ കാഴ്ചപ്പാടും മഹാമനസ്‌കതയും നിലനിര്‍ത്തി സമൂഹത്തില്‍ ഇടപെടാന്‍ മുസ്ലിമിന് സാധിക്കുന്നു. അല്ലാഹു പറയുന്നു:  അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയതുവോ അവന്‍ ഹൃദയം കടുത്തു പോയവരെ പ്പോലെയാണോ? എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തു പോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ (39:22).
 
 

Feedback