Skip to main content

അല്‍ മജ്‌രീതി

പ്രശസ്ത സ്പാനിഷ് ഗണിത, ജ്യോതിശാസ്ത്രജ്ഞനായിരുന്നു അല്‍ മജ്‌രീതി. മുഴുവന്‍ പേര് അബുല്‍ ഖാസിം മസ്‌ലമ ബ്‌നുഅഹ്മദ് അല്‍ മജ്‌രീതി. മസ്‌ലമ അല്‍ മജ്‌രീതി എന്നും അബുല്‍ ഖാസിം അല്‍ ഖുര്‍തുബി അല്‍ മജ്‌രീതി എന്നും വിളിപ്പേരുണ്ട്.

ജ്യോതിശ്ശാസ്ത്രജ്ഞന്‍, രസതന്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍, ഇസ്‌ലാമിക പണ്ഡിതന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു അല്‍ മജ്‌രീതി. ടോളമിയുടെ 'പ്ലാനിസ്‌ഫെറിയം' വിവര്‍ത്തനത്തില്‍ പങ്കാളിയായതോടൊപ്പം 'അല്‍മഗസ്റ്റി'ന്റെ നിലവിലുള്ള വിവര്‍ത്തനം മെച്ചപ്പെടുത്തുകയും അല്‍ഖവാരിസ്മിയുടെ പരിഷ്‌കരിച്ച വാനശാസ്ത്ര പട്ടിക തയ്യാറാക്കുകയും ചെയ്തു.

യുവാവായിരിക്കെയാണ് കൊര്‍ഡോവയിലേക്ക് മാറുന്നതും പഠനം തുടരുന്നതും. ഗണിത ജ്യോതിശ്ശാസ്ത്ര മേഖലയില്‍ നിര്‍ണായക സംഭാവനകള്‍ നല്കിയ അല്‍ മജ്‌രീതി അങ്കഗണിതത്തെക്കുറിച്ച് എഴുതിയ ഗ്രന്ഥം 'മുആമലാത്ത്' പ്രസിദ്ധമാണ്. അന്തലൂസിയന്‍ ജ്യോതിശാസ്ത്രജ്ഞരുടെ നീണ്ട നിരയ്ക്ക് തുടക്കം കുറിച്ച മികച്ച ശാസ്ത്രാധ്യാപകന്‍ കൂടിയായി മജ്‌രീതിയെ ചരിത്രം വിലയിരുത്തുന്നു. ചെറിയ പ്രായത്തില്‍ തന്നെ അസാമാന്യ ശാസ്ത്രവിജ്ഞാനം നേടിയിരുന്ന മജ്‌രീതി 'അന്തലൂസിയയിലെ യൂക്ലിഡ്' ആയാണ് അറിയപ്പെട്ടിരുന്നത്.

പൗരസ്ത്യ ഇസ്‌ലാമിക ചിന്തകരായിരുന്ന അല്‍ഖവാരിസ്മിയുടെയും അല്‍ ബതാനിയുടെയും ഗ്രഹപട്ടികകള്‍ പുനഃക്രമീകരിച്ചതും എഡിറ്റ് ചെയ്തതും അല്‍ മജ്‌രീത്തിയാണ്. ഇതില്‍ ഖവാരിസ്മിയുടെ പുനരാവിഷ്‌കരിക്കപ്പെട്ട 'പ്ലാനറ്ററി ടേബ്ള്‍' 1126ല്‍ അഡലെഡ് ഓഫ് ബാത് ലാറ്റിനിലേക്ക് തര്‍ജ്ജമ ചെയ്തു. അല്‍ ബതാനിയുടെ പുനഃക്രമീകരിച്ച 'പ്ലേറ്റോ ഓഫ് ട്രിവോളി' 1284ല്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്തു. ഇന്നും പാശ്ചാത്യലോകത്തെ വ്യോമശാസ്ത്ര പഠനത്തിന്റെ മൗലിക ഘടകമായി വര്‍ത്തിക്കുന്ന ഗ്രന്ഥങ്ങളാണ് ഇവ രണ്ടും.

അമൂല്യ ലോഹങ്ങളെ വേര്‍തിരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന രസതന്ത്രമേഖലയുമായി ബന്ധപ്പെട്ട് മജ്‌രീതി എഴുതിയ 'റുത്ബാതുല്‍ ഹാകിം' എന്ന ഗ്രന്ഥം വളരെ പ്രശസ്തമാണ്. ഇതില്‍ മറ്റു വിഷയങ്ങള്‍ പ്രതിപാദിക്കുന്നതിനു പുറമെ 'ദ്രവ്യസംരക്ഷണ നിയമം' അഥവാ പ്രിന്‍സിപ്ള്‍സ് ഓഫ് മാസ് കണ്‍സര്‍വേഷന്‍ തെളിയിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. എട്ടു നൂറ്റാണ്ടിനു ശേഷം ലാവോസിയെയാണ് ദ്രവ്യസംരക്ഷണ നിയമം കണ്ടുപിടിച്ച തെന്നാണ് ആധുനിക ചരിത്രം. ദ്രവ്യം നിര്‍മിക്കാനോ നശിപ്പിക്കാനോ സാദ്ധ്യമല്ല, ദ്രവ്യത്തിനെ ഒരു രൂപത്തില്‍നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റുവാന്‍ മാത്രമേ കഴിയൂ എന്നതാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ചുറ്റുപാടുകളുമായി എല്ലാതരം ദ്രവ്യ ഊര്‍ജക്കൈമാറ്റങ്ങള്‍ നിരോധിച്ച ഒരു വ്യൂഹത്തില്‍ ദ്രവ്യത്തിന്റെ അളവ് എല്ലാ സമയത്തും സ്ഥിരമായിരിക്കും. അതായത് പുറമേനിന്ന് ദ്രവ്യം ചേര്‍ക്കുകയോ വ്യൂഹത്തില്‍ നിന്ന് എടുത്തുമാറ്റുകയോ ചെയ്യാതെ വ്യൂഹത്തിലെ ദ്രവ്യത്തിന്റെ അളവിന് വ്യത്യാസം വരുത്താന്‍ സാദ്ധ്യമല്ല. ദ്രവ്യത്തിന്റെ അളവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരു അടഞ്ഞ വ്യൂഹത്തിലെ രാസപ്രവര്‍ത്തനം, ന്യൂക്ലിയാര്‍ രാസപ്രവര്‍ത്തനം, റേഡിയോ ആക്ടീവ് ഡീകേ എന്നിവയിലെല്ലാം അഭികാരകങ്ങളുടെ ദ്രവ്യത്തിന്റെ ആകെത്തുക ഉത്പന്നങ്ങളുടെ ദ്രവ്യത്തിന്റെ ആകെത്തുകയ്ക്ക് തുല്യമായിരിക്കും. 18ാം നൂറ്റാണ്ടില്‍ രസതന്ത്രത്തെ, ആല്‍കെമിയില്‍ നിന്നും ആധുനിക രസതന്ത്രം എന്ന ശാസ്ത്രശാഖയിലേക്ക് എത്തിക്കുന്നതിന് ഈ നിയമത്തിന് സുപ്രധാന പങ്കാണുള്ളത്.

ഗണിതശാസ്ത്രത്തില്‍ അപാരമായ വിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം 'ഇമാമുല്‍ ഹാസിബ്' അഥവാ കണക്കിന്റെ നേതാവ് എന്ന പേരില്‍ അറിയപ്പെട്ടു. അളവു ശാസ്ത്രത്തിലായിരുന്നു അദ്ദേഹത്തിന് വ്യുല്‍പത്തി. 950ല്‍ സ്‌പെയിനിലെ മാഡ്രിഡില്‍ ജനിച്ച മജ്‌രീതിയുടെ വ്യക്തിപരമായ വിവരങ്ങള്‍ വളരെ കുറച്ചു മാത്രമേ ലഭ്യമായിട്ടുള്ളൂ. അല്‍ അന്തലൂസിയയില്‍ സാമ്പത്തികമായ നികുതിപിരിവ് നടപ്പിലാക്കുന്നതിനെ കുറിച്ചും മജ്‌രീതി പുസ്തകം രചിച്ചിട്ടുണ്ട്.

ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഗവേഷണങ്ങള്‍ നടത്താനുതകുന്ന സ്ഥാപനം അന്തലൂസിയയില്‍ സ്ഥാപിച്ച് ശാസ്ത്രീയപഠനങ്ങള്‍ക്ക് തുടക്കമിട്ടു. ഇബ്‌നുല്‍ സഫര്‍, അബുല്‍ സല്‍ത്, അല്‍ തര്‍ത്തുഷി തുടങ്ങിയ പണ്ഡിതന്‍മാര്‍ ഈ കലാലയത്തിലെ വിദ്യാര്‍ഥികളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. 

സംഖ്യാശാസ്ത്രത്തിലും നിപുണനായിരുന്ന മജ്‌രീദിയുടെ 'അല്‍ഫറാഇദ്' എന്ന ഗ്രന്ഥം പ്രശസ്തമാണ്. ഗണിതശാസ്ത്രം, ജ്യാമിതീയ ശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമാണ് 'അസ്സബ്ഉ (ദി സെവന്‍സ്). ഭാഷാവിദഗ്ധനും വ്യാകരണ പണ്ഡിതനുമായിരുന്ന അദ്ദേഹം 57ാമത്തെ വയസ്സില്‍ എ ഡി 1007ല്‍  സ്‌പെയിനിലാണ് മരണപ്പെട്ടത്.


 

Feedback
  • Wednesday Apr 24, 2024
  • Shawwal 15 1445