Skip to main content

ജംഷിദ് അല്‍ കാഷി

തിമൂര്‍ ഭരണാധികാരിയും ലോകപ്രശസ്ത ജ്യോതിശാസ്ത്ര പണ്ഡിതനുമായ ഉലൂഗ് ബേഗിന്റെ ഭരണകാലത്ത് മധ്യഇറാനില്‍ ജീവിച്ചിരുന്ന ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്ര പണ്ഡിതനുമാണ് ജംഷിദ് അല്‍ കാഷി/ കശാനി. ഉലൂഗ് ബേഗ് സമര്‍ഖന്ദില്‍ സ്ഥാപിച്ച ജ്യോതിശാസ്ത്ര പഠന ഗവേഷണ കേന്ദ്രത്തിലേക്ക് ക്ഷണിക്കപ്പെട്ട ജ്യോതിശാസ്ജ്ഞ്രരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇറാനിലെ കസ്ഹാന്‍ എന്ന ദേശത്ത് 1380ലാണ് ജനനം. മുഴുവന്‍ പേര് ഗിയാസുദ്ദീന്‍ ജംഷിദ് കശാനി.

ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചത് ഇവിടെ വച്ചാണ്. യുവാവായിരിക്കെ തന്നെ അദ്ദേഹം രചിച്ച ഗ്രന്ഥമാണ് സുല്ലമുസ്സമാഅ് (വാനലോകത്തേക്കുള്ള പടിക്കെട്ടുകള്‍). മുക്തസര്‍ ദാറെ ഇല്‍മി ഹയാത് (കംബന്റിയം ഓഫ് സയന്‍സ് ഓഫ് ആസ്‌ട്രോണമി) ആണ് രണ്ടാമത്തെ ഗ്രന്ഥം. മറ്റൊരു പുസ്തകമാണ് ഖഗാനി സിജ്. ഇത് ഉലൂഗ് ബേഗിന് വേണ്ടിയാണ് രചിക്കപ്പെട്ടത് എന്നതിനാല്‍ ഖഗാനി (ചക്രവര്‍ത്തി) എന്ന പേരിലും അറിയപ്പെട്ടിരുന്നു. ജ്യോതിശാസ്ത്ര പട്ടികക്ക് പേര്‍ഷ്യന്‍ ഭാഷയില്‍ പറയുന്ന പേരാണ് സിജ് എന്ന്. നാസിര്‍ അല്‍തൂസിയുടെ ജ്യോതിശാസ്ത്ര പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് അല്‍ ഖാസി തന്റേതായ ജ്യോതിശാസ്ത്ര പട്ടികക്ക് രൂപം നല്‍കിയത്. സൂര്യന്റെയും ചന്ദ്രന്റെയും ചലനങ്ങളെക്കുറിച്ച് പ്രവചിക്കാനും അവയുടെ ദൂരം അളക്കുവാനും ഇത് സഹായകമാണ്. കൂടാതെ അക്ഷാംശരേഖയുടെയും രേഖാംശ രേഖയുടെയും വ്യത്യാസങ്ങള്‍ അറിയാനും ഇതുകൊണ്ട് സാധിക്കുന്നു. 

1416ലാണ് രിസാല ദാറുശര്‍ഹി ആലത്തെ റസ്ദ് (നിരീക്ഷണ യന്ത്രങ്ങളുടെ വിവരം സംബന്ധിച്ച പ്രബന്ധം), നുശാല്‍ ഹദീഖത്ത് ഫീ കെയ്ഫിയ്യാ സനാല അല്‍മുസ്സമ്മാ ബി തബഖ്വാത്തുല്‍ മനാത്തിഖ് (പ്ലാനറ്റ് ഓഫ് ഹെവന്‍ എന്ന് പേരുള്ള ഉപകരണത്തിന്റെ നിര്‍മാണ രീതിയെ കുറിച്ചുള്ള ഗ്രന്ഥം) എന്നിവ രചിക്കുന്നത്. ജ്യോതിശാസ്ത്ര രംഗത്ത് അദ്ദേഹം നടത്തിയ പഠനങ്ങളും ഗ്രഹങ്ങളുടെ നിലയും വ്യക്തമാക്കുന്നതാണ് ഇവ രണ്ടും. ഉലൂഗ് ബേഗിനൊപ്പം ചേരുന്നതിന് മുമ്പ് തന്നെ ഗണിതശാസ്ത്ര രംഗത്ത് ഒട്ടനവധി കണ്ടുപിടുത്തങ്ങളും പ്രബന്ധങ്ങളും അല്‍ഖാസി രചിച്ചിട്ടുണ്ട്. 1424ലാണ് രിസാല അല്‍ മുഹ്തിയ്യ എന്ന ഗ്രന്ഥം പൂര്‍ത്തീകരിക്കുന്നത്. 

അങ്കഗണിതത്തിലും അല്‍ഖാസിയുടെ സംഭാവനകള്‍ ഏറെയുണ്ട്. വാസ്തുവിദ്യ പഠിക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും ഭൂസര്‍വേ നടത്തുന്നവര്‍ക്കും ഏറെ പ്രയോജനകരമായ കണ്ടുപിടിത്തങ്ങളായിരുന്നു അവ. 'കോഡ് ആന്റ് സൈന്‍' സംബന്ധിച്ച പ്രബന്ധമാണ് അല്‍ ഖാസിയുടെ ഗണിതശാസ്ത്രത്തിലെ അവസാന രചന. ഗണിതശാസ്ത്രത്തില്‍ അദ്ദേഹം കണ്ടെത്തിയ സിദ്ധാന്തം പില്‍ക്കാലത്ത് തിയറി ഓഫ് അല്‍ ഖാസിം എന്ന പേരിലാണ് അറിയപ്പെട്ടത്. 

1429 ജൂണ്‍ 22ന് സമര്‍ഖന്ദിലാണ് അന്ത്യം.

Feedback