Skip to main content

ജാബിറുബ്‌നു അഫ്‌ലഹ്

ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ക്ക് ദൃശ്യസ്ഥാനഭ്രംശങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന, പ്രഗത്ഭ വാനശാസ്ത്രജ്ഞനായ ടോളമിയുടെ വാദത്തെ ഖണ്ഡിച്ച് അത്തരമൊരു സ്ഥാനഭ്രംശം ഇല്ലെന്ന് ആദ്യമായി തെളിയിച്ചത് ജാബിറുബ്‌നു അഫ്‌ലഹ് എന്ന ശാസ്ത്രജ്ഞനാണ്. പാശ്ചാത്യലോകത്ത് ഇദ്ദേഹം 'ജബര്‍ ഫിലിയസ് അഫ്‌ല' ആണ്. അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമാണ്  'അല്‍ കിത്താബുല്‍ ഹൈഹ'. ജെറാഡ് ഓഫ് ക്രിമോണ ഇത് ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 

ടോളമിയുടെ അല്‍മഗസ്റ്റ് എന്ന ഗ്രന്ഥത്തെ വിമര്‍ശവിധേയമായി സമീപിച്ച ആദ്യ ഗ്രന്ഥം ഇബ്‌നു അഫ്‌ലഹിന്റെ 'ഇസ്‌ലാഹ് അല്‍ മജിസ്തി', അല്‍ മഗസ്റ്റിന്റെ ഗണിതശാസ്ത്ര അടിത്തറയെയാണ് കാര്യമായി ചോദ്യം ചെയ്തത്. അറബിയില്‍ നിന്ന് ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ജെറാഡ് ഓഫ് ക്രിമോണ ലാറ്റിനിലേക്കും ഹീബ്രുവിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഗോളനിരീക്ഷണത്തിനായി ടോര്‍ക്വറ്റം അഥവാ ടര്‍ക്വറ്റ് എന്ന ഉപകരണം രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്.

ഭൂഗോളശാസ്ത്രത്തിലും ത്രിമാനഗണിതത്തിലും വ്യുല്‍പത്തി തെളിയിച്ച ഇബ്‌നു അഫ്‌ലഹി ന്റെയും അല്‍ബതാനിയുടെയും ഗ്രന്ഥങ്ങള്‍ ഇന്നും ഗണിതശാസ്ത്രവിദ്യാര്‍ഥികളുടെ പ്രധാന റഫറന്‍സുകളിലൊന്നാണ്. ത്രിമാനഗണിതവും ആള്‍ജിബ്രയും അനലിറ്റിക്കല്‍ ജ്യോമട്രിയും കൃത്യമായി പറഞ്ഞാല്‍ അറബികളുടെ സംഭാവനയാണ്. അന്തലൂസില്‍ ശാസ്ത്രഗവേഷണങ്ങള്‍ നടത്തിയിരുന്ന നൂറുദ്ദീന്‍ അല്‍ ബിത്‌റൂജി, അവര്‍റോസ് എന്നിവരുടെ ഗവേഷണങ്ങളെ ജാബിറിന്റെ ഗവേഷണങ്ങള്‍ സ്വാധീനിച്ചിരുന്നു. ഇബ്‌നു അഫ്‌ലഹിന്റെ കണ്ടെത്തലുകളിലാ കട്ടെ ത്രിമാനഗണിതത്തിന്റെ ആദ്യവക്താക്കളായ അബുല്‍ വഫാ അല്‍ ബുസ്ജാനി, അബൂനാസര്‍ മന്‍സൂര്‍, ഇബ്‌നു മുആദ് എന്നിവരുടെ സ്വാധീനത്തിന്റെ ബാക്കിപത്രം കൂടിയാണ്.

ജാബിറുബ്‌നു അഫ്‌ലഹിനെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ അധികം ലഭ്യമല്ല. എ ഡി 1200ല്‍ സെവില്ലെയില്‍ ജനനമെന്നാണ് നിഗമനം. 1250ല്‍ മരണം.


 

Feedback