Skip to main content

ശംസുദ്ദീന്‍ സമര്‍ഖന്ദി

മുഴുവന്‍ പേര് ശംസുദ്ദീന്‍ മുഹമ്മദുബ്‌നു അശ്‌റഫ് അല്‍ ഹുസൈനില്‍ സമര്‍ഖന്ദി. 13ാം നൂറ്റാണ്ടില്‍ സമര്‍ഖന്ദില്‍ (ഇന്നത്തെ ഉസ്‌ബെകിസ്താന്‍) ജീവിച്ചിരുന്ന ജ്യോതിശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞന്‍. ഭാഷാ പ്രയോഗങ്ങളുടെ സൈദ്ധാന്തികമായ അന്വേഷണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന സമര്‍ഖന്ദിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണ് രിസാല ഫീ അദാബില്‍ ബഹഥ്. പുരാതന ഗ്രീക്കുകാര്‍ ഏറെ ഉപയോഗിച്ചിരുന്ന ഭാഷാപഠന രീതികളായിരുന്നു ഇത്.  

ജ്യോതിശാസ്ത്രത്തില്‍ ഒരു സംക്ഷിപ്ത ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. അതോടൊപ്പം 1276/77 കാലഘട്ടത്തിലെ നക്ഷത്ര കലണ്ടര്‍ നിര്‍മിച്ചതു സമര്‍ഖന്ദിയുടെ ജ്യോതിശാസ്ത്ര മേഖലയിലെ സംഭാവനയായി കണക്കാക്കുന്നു. യൂക്ലിഡിന്റെ 35 ഓളം പ്രമാണങ്ങളെ കുറിച്ച് വിശദീകരിക്കുന്ന 20 പേജുള്ള ഗണിതശാസ്ത്ര ഗ്രന്ഥവും സമര്‍ഖന്ദിയുടെതായിട്ടുണ്ട്. ചെറിയ ഗ്രന്ഥമാണെങ്കിലും മുമ്പ് അറബ് ഗണിതശാസ്ത്രജ്ഞര്‍ പരിശോധിച്ച വിശാലമായ വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനായി ഇബ്‌നു ഹൈതം, ഉമര്‍ ഖയ്യാം, അല്‍ ജൗഹരി, നാസിറുദ്ദീന്‍ അല്‍ തൂസി, ആതിര്‍ അല്‍ ദിന്‍ അല്‍ അബാഹരി തുടങ്ങിയ പണ്ഡിതരുടെ ഗ്രന്ഥങ്ങള്‍ അദ്ദേഹം പരിശോധിച്ചിരുന്നു. 

ദൈവശാസ്ത്രത്തില്‍ അദ്ദേഹം രചിച്ച ഗ്രന്ഥമാണ് കലാം. അതേസമയം, തര്‍ക്കശാസ്ത്രവും ജ്യാമിതീയശാസ്ത്രവും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ അര്‍ഥത്തില്‍ 'ജ്യോമട്രിക്കല്‍ കലാം' എന്ന ശാഖയുടെ സ്ഥാപകനായും ഇസ്‌ലാമിക ലോകത്ത് സമര്‍ഖന്ദി അറിയപ്പെട്ടു. തര്‍ക്കശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക ലോകത്ത് നൂറ്റാണ്ടുകളോളം പല സ്ഥാപനങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. ജ്യോതിശാസ്ത്രത്തെ പ്രമാണബദ്ധമായ ശാസ്ത്രമെന്ന നിലയില്‍ നാസിറുദ്ദീന്‍ അല്‍ തൂസിയുടെ താഹിര്‍ എന്ന ഗ്രന്ഥത്തെ അദ്ദേഹം നിരൂപണം ചെയ്യുന്നുണ്ട്. ടോളമിയുടെ ആല്‍ഗമിസ്റ്റിനെ വിശദമായി പരിശോധിക്കുന്ന ഗ്രന്ഥമാണ് അല്‍ തൂസിയുടെ താഹിര്‍. 

നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ജ്യോതിശാസ്ത്ര കണ്ടുപിടിത്തങ്ങളെക്കുറിച്ച് ഇന്നും ലോകത്ത് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. തന്റെ കാലഘട്ടത്തിന് മുമ്പ് കഴിഞ്ഞുപോയ ജ്യോതിശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങളെക്കുറിച്ചും സിദ്ധാന്തങ്ങളെക്കുറിച്ചുമുള്ള വിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി ഗ്രന്ഥങ്ങള്‍ സമര്‍ഖന്ദി രചിച്ചിട്ടുണ്ട്. ഈ ഗ്രന്ഥങ്ങള്‍ ലോകത്തെ പല സ്ഥാപനങ്ങളിലും റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കുന്നുണ്ട്. യൂക്ലിഡിന്റെ 35ഓളം സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജ്യാമിതീയ ഗ്രന്ഥമായ അശ്കല്‍ അല്‍ താസ് ഏറെ പ്രശസ്തമാണ്. ഇതില്‍ 30 എണ്ണം പൂര്‍ണമായും ജ്യാമിതീയമായും അവസാനത്തെ അഞ്ച് എണ്ണം 'ജോമട്രിക്കല്‍ ആല്‍ജിബ്ര' എന്ന പേരിലും അറിയപ്പെടുന്നതാണ്. 1302ലാണ് അന്ത്യം.

Feedback